Friday, December 17, 2010

കണ്ണാടി

ജ്വലിക്കുന്ന സൂര്യനെ പ്രതിരൂപമാക്കി
കറങ്ങുന്ന മണ്ണിന്റെ അതിരളക്കാന്‍
അഹമെന്നൊരശ്വത്തിലേറി കുതിക്കവേ,
മുന്നിലും പിന്നിലും വഴിമുടക്കുന്നോര്‍ തന്‍
ശിരസ്സുകള്‍ ഉടലറ്റ് നിലവിളിക്കും !
കാതു പൊത്തി , കണ്ണ് മൂടി
കരളിന്നു മീതേ ഉരുക്കിന്‍ പുതപ്പിട്ട്
വിശ്വം ഭരിക്കാന്‍ കുതികുതിക്കും .
വഴിയിലൊരുനാള്‍ കാലമാം -
ഇരുളിന്റെ നിഴല്‍ തീര്‍ത്ത കുഴിയില്‍
കാലിടറി നീ വീണു പിടയും .
പുളയുന്ന വേദനയില്‍ ഉടല്‍ വിറയ്ക്കെ
ഒരു കൈയ് തന്നുയര്‍ത്താന്‍
നിന്‍ നിഴല്‍ മാത്രമെന്നറിയും .
മുടന്തനാം കഴുതതന്‍ ഉടലേറി
ഓര്‍മ്മകള്‍ പിന്നിലേക്കിടറി വീഴും.
നീരറ്റ കണ്ണിലെ കനിവു തേടി
പണ്ട് നിന്‍ തുളവീണ കാതില്‍
ചിലമ്പി ചിതറിയ നിലവിളികള്‍
ഉരുക്കിന്‍ പടച്ചട്ട കുത്തിത്തുളച്ചു
നിന്‍ കരളു കൊത്തിപ്പറിക്കും .
മണ്ണിനെ മൂടിപ്പടരും കൊടും വേനലിന്‍
ഉഷ്ണത്തിളപ്പില്‍ വെന്തുരുകി നീ
കുടിനീര് തേടി മണ്ണിലൂടലയും .
നാവു നീട്ടി പുഴുത്ത നായയെപ്പോല്‍
കിതയ്ക്കും നിന്റെ മുന്നില്‍ കബന്ധങ്ങള്‍ -
കുഴി കുത്തി കുമ്പിളില്‍ ചീഞ്ഞ രക്തം
നിറച്ചിതുനിനക്കെന്നുച്ചത്തില്‍ വിളിച്ചു കൂവും ..
കൊതിച്ചതിന്‍ മീതേ കാലം വിധിച്ചതും
പേറി നടന്നു നിന്‍ കാലു പൊള്ളും .
നെഞ്ചോടണച്ച ഭാന്ണ്ടത്തിലെല്ലാമടക്കി
നിന്നെക്കടന്നുപോം ഭ്രാന്തന്റെ പാട്ടിലെ
കറയറ്റ സ്നേഹത്തിന്‍ മധുമൊഴി ,
പണ്ട്‌ നിന്‍ ഹൃദയത്തില്‍ മുളയിട്ടു മുരടിച്ച
കവിതയെന്നോര്‍ത്തു നീ വിതുമ്പും ..!

No comments:

Post a Comment