Friday, December 17, 2010

നെട്ടോട്ടം

ഇറ്റു നേരം നിന്റെ മുറിക്കുള്ളില്‍
വയസ്സന്‍ കസാലയില്‍ വളഞ്ഞിരിക്കുമ്പോള്‍
മേലാകെ മുള്ള് കുത്തി നോവുന്നു .
നാല് ചുമരുകളിലും മുഖം വക്രിച്ചെന്റെ പ്രേതം
നിലവിളിക്കുന്നു, കടവാതിലിനെപ്പോലെ .

കാലു പൊള്ളി തിരിഞ്ഞോടി
മൊട്ടച്ചി കുന്നിന്റെ വിരിമാറില്‍
ചടഞ്ഞിരുന്നിരുട്ട് തിന്നു .
ദഹിക്കാത്ത കറുപ്പ് വട്ടമിട്ടു
ചങ്കില്‍ പടര്‍ന്നപ്പോള്‍
പ്രാണനെടുത്തുള്ളം കയ്യില്‍ പിടിച്ച്
അടിവാരത്താഴ്ചയിലേക്ക് പാച്ചില്‍ വീണ്ടും.

കുന്നിന്‍ ചെരുവിലെ ഒറ്റമരം
പുഴുക്കുത്തു വീണ് കിനാവിന്റെ
തളിരിലകള്‍ കൊഴിഞ്ഞ്
പ്രായമെത്താതെ വയസ്സനായ നഗ്നന്‍,
അതിന്റെ തെക്കോട്ട്‌ ചാഞ്ഞ ചില്ലയില്‍
ഞെട്ടറ്റു വീഴാന്‍ വെമ്പുന്ന കരിഞ്ഞോരില ;-
താളം മറന്നു വിറച്ചു തുള്ളുന്ന എന്റെ ഹൃദയം .

തുണിസഞ്ചിയില്‍ പൊതിഞ്ഞു കെട്ടി
നാടു കടത്തിയ പൂച്ചക്കുട്ടിയെപ്പോലെ
ഓര്‍മ്മകള്‍ മനസിന്റെ പിന്നാമ്പുറങ്ങളില്‍
മടങ്ങി വന്നു മ്യാവു മ്യാവു വിളിക്കുന്നു .

നിഴല്‍ക്കുത്ത്

ഇരുപുറവും പടര്‍ന്നു കയറിയ കുറ്റിക്കാടിനു നടുവിലെ നടപ്പാതയിലൂടെ നടന്ന്‌ ഒടുവില്‍ വീട്ടുമുറ്റത്തെത്തിയപ്പോള്‍ അയാള്‍ പിടിച്ച് നിര്‍ത്തിയപോലെ
നിന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ . ...ഇനി ഈ മണല്‍ത്തരികള്‍ കാലു
നക്കില്ലെന്നുറപ്പിച്ചു പടിയിറങ്ങിയതാണ് ...
എന്നിട്ടും......
ജ്വലിച്ചുനിന്ന സൂര്യന്‍ അയാളെയും നിഴലിനെയും ഒരേ ബിന്ദുവില്‍ തളച്ചു നിര്‍ത്താന്‍ പണിപ്പെട്ടു ..
ഉമ്മറത്തെയ്ക്ക് വിറച്ചു ചുവടു വെയ്ക്കാന്‍ തുടങ്ങവേ , ഇപ്പൊ പൊട്ടിവീണ പോലെ അവള്‍ വാതില്‍ക്കല്‍ .......
അയാളുടെ കണ്ണുകള്‍ അവളെ പിടച്ചു നോക്കി ....
കുതറി മാറിയ നിമിഷങ്ങളില്‍ അവളറിയാതെ മിഴികള്‍ ചാല് കീറി കവിളുകളില്‍ കളം വരച്ചു..

"ന്നാലും ........നിങ്ങള്‍.. ..ഇത്രേം നാളും ..ഒന്നു തിരിഞ്ഞു നോക്കാതെ .........
വിളറി വിറച്ച വാക്കുകള്‍ പാതി വഴിയില്‍ പിടഞ്ഞു വീണു .
ഇപ്പൊ എന്തിനാ ഈ വരവ് ..എന്റെ കൊച്ചനെ തച്ചു കൊല്ലാനോ ?
അവനെ നരകിപ്പിച്ചത് മതിയാവാഞ്ഞിട്ടാണോ പിന്നേം വന്നത് ..
ഓടിക്കളിക്കേണ്ട പ്രായത്തില്‍ തുടങ്ങി ഇപ്പഴും എന്റെ കുഞ്ഞ് പെടാപ്പാട് പെടുന്നോണ്ടാ ഞാനും മോളും ജീവിച്ചു പോന്നേ..
ചത്താലും നിങ്ങളോട് ദൈവം പൊറുക്കുകേലാ .....നോക്കിക്കോ...

കുറച്ചു നേരം കൂടി അയാള്‍ അതേനില്‍പ്പ് തുടര്‍ന്നു ..
പിന്നെ വാക്കുകള്‍ മറന്നവനെപ്പോലെ ചലിക്കുന്ന കാലുകളില്‍ മിഴിയൂന്നി സാവധാനം തിരിഞ്ഞു നടന്നു...

'നീ പറഞ്ഞതൊക്കെ ശരി തന്നെ ...
ന്നാലും ...ഓന്റെ കവിളില്‍ കുന്നിക്കുരു വലുപ്പത്തില്‍ ആ കറുത്ത മറുക് ...
എനിക്കും നിനക്കുമില്ലാത്ത കറുത്ത മുദ്ര .
നിന്‍റെ വീട്ടുകാര്‍ക്കോ എന്റെ വീട്ടുകാര്‍ക്കോ ഒന്നിനെങ്കിലും പേരിനു പോലുമില്ലാത്ത ആ അലങ്കാര മുദ്ര ..
തിളയ്ക്കുന്ന ചിന്തകള്‍ കരളിന്റെ ഭിത്തിയില്‍ എണ്ണക്കറുപ്പില്‍ ചുട്ടി കുത്തുമ്പോള്‍ ഓനെ ഞാനെങ്ങനെ നമ്മുടെ മോനെന്നു വിളിച്ചു നെഞ്ചോടണയ്ക്കും ....."
വഴുതിയുള്ള നടപ്പിനു ഗതിവേഗം കൂടുന്നതിനിടയില്‍ അയാള്‍ ശബ്ദമില്ലാതെ നിലവിളിച്ചു ...

ഇല കരിഞ്ഞ മരങ്ങളെ തഴുകി വന്ന മീനമാസത്തിലെ വരണ്ട കാറ്റ് വാതില്‍പ്പടിയോളമെത്തി നിഷ്പ്പക്ഷതയുടെ അടയാളമായ് അവളുടെ കവിളൊപ്പി .. .

മേല്‍വിലാസം

"അല്ലാ..സാറിനെ ഇവിടെങ്ങും കണ്ട് പരിചയമില്ലല്ലോ ?
ഇവിടെ ആരേക്കാണാനാ."?
വള്ളക്കാരന്‍ അത് ചോദിക്കുമ്പോള്‍ അയാള്‍ വെള്ളപ്പരപ്പിലേക്ക് കണ്ണെറിഞ്ഞ് അലസമായിരിക്കുകയായിരുന്നു .
"ആരേം കാണാനല്ല".
മറുപടി ഒറ്റവാക്കില്‍ ഒതുങ്ങി..
"പിന്നെ... നാടുകാണാന്‍ ഇറങ്ങിയാതിരിക്കും....അതിനാണേല്‍ എന്തെങ്കിലും സഹായം വേണേല്‍ ......
അതും നമ്മുടെ വകുപ്പാണേ .. അങ്ങനേം ചിലര് വരാറുണ്ട് ഇടയ്ക്ക് ..അതോണ്ട് ചോദിച്ചതാ .."
"അതിനുമല്ല ...."
അയാള്‍ ഒരു കൈ കൊണ്ട് വെള്ളം വീശിത്തെറിപ്പിച്ചുകൊണ്ട് പറഞ്ഞു .

"പിന്നെ ..ഒരു കാര്യവുമില്ലാതെ ആരെങ്കിലും തോളേലൊരു സഞ്ചീം തൂക്കി ഇങ്ങനെ ഊര് ചുറ്റാന്‍ ഒരുങ്ങിയിറങ്ങുവോ " ?
"ഹ. ..ഹ ഇത്രയും നേരത്തിനുള്ളില്‍ നിങ്ങള്‍ എന്നോട് എത്ര ചോദ്യങ്ങള്‍ ചോദിച്ചു . സത്യത്തില്‍ ഇതിന്റെ എന്തെങ്കിലും ആവിശ്യമുണ്ടോ,
ഒരു കരയില്‍ നിന്ന് മറു കരയിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ തിരക്കേണ്ട ഒരേ ഒരു കാര്യം മാത്രമേയുള്ളൂ ..ഞാന്‍ കൃത്യമായി തരേണ്ട കടത്തുകൂലിയെപ്പറ്റി .. അതാണെങ്കില്‍ നിങ്ങള്‍ ഇത് വരെ ചോദിച്ചിട്ടുമില്ല .."

"അതു കൊള്ളാം ..എന്തായാലും നിങ്ങള്‍ ഇടയ്ക്ക് വെച്ച്‌ ഓടിപ്പോകാനോന്നും
പോകുന്നില്ലല്ലോ .അതുകൊണ്ട് ആ ചോദ്യം ഞാന്‍ ഒഴിവാക്കുന്നു."
വള്ളക്കാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങള്‍ ഇത്ര വിശദമായി ചോദിച്ച സ്ഥിതിക്ക് പറയാം ..കുറച്ചു കാലത്തേയ്ക്ക് സ്വസ്ഥമായി ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചു കറങ്ങി നടക്കുവാ .."

"ങാഹാ.! അങ്ങനെ വരട്ടെ .അപ്പൊ എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല ..സാറിനു പറ്റിയ സ്ഥലം ഞാന്‍ ശരിയാക്കിത്തരാം..ഒറ്റ നോട്ടത്തില്‍ സാറ് സമ്മതം
മൂളും..ഇതാണ് ഞാന്‍ തേടി നടന്ന ഇടമെന്ന് തലകുലുക്കി സമ്മതിക്കും ..
ഞാനിത് ഇന്നും ഇന്നലേം തുടങ്ങിയതല്ല സാറേ.. പിന്നെ സാറ് നേരത്തെ പറഞ്ഞപോലെ ഇടപാട് കഴിയുമ്പോള്‍ ന്യായമായ കൂലി ..ന്യായമായത് മാത്രം .അതാണ്‌ നമ്മുടെ ഒരു രീതി . എന്താ പോരേ?"

"മം .."
അയാള്‍ മൂളി ..
"പക്ഷേ എനിക്കു വേണ്ട സ്ഥലം അത്ര എളുപ്പം കണ്ടുകിട്ടുമെന്നു തോന്നുന്നില്ല ..
കാരണം എനിക്കു ചില വ്യവസ്ഥകള്‍ ഉണ്ടെന്നത് തന്നെ.."

"അതു വേണമല്ലോ ..പിന്നെ , പാലിക്കാന്‍ പറ്റാത്ത ഒരു വ്യവസ്ഥയും ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല ..
നമ്മളുണ്ടാക്കുന്ന വ്യവസ്ഥകള്‍ പാലിക്കാനാളില്ലെങ്കില്‍ പിന്നെ ആവാക്കിനു നിലനില്‍പ്പില്ലല്ലോ.."

"ഉം ....അതും ശരി തന്നെ .."
അയാള്‍ അല്‍പ്പസമയം വള്ളപ്പാടില്‍ കണ്ണുനട്ടിരുന്നു.

"എനിക്കു വേണ്ടത് ഞാന്‍ മാത്രമുള്ള ഒരിടമാണ് ..
എന്ന് വെച്ചാല്‍ പുറത്ത് നിന്ന് ശല്യമായി ഒരു രൂപവും കടന്ന് വരാത്തിടം..
മനുഷ്യന്‍ എന്ന ജീവി ദൂരക്കാഴ്ചയില്‍പ്പോലും കടന്ന് വരാത്തിടം ..
കറുത്ത ചിരിയും, നെഞ്ചു പൊട്ടിയ തേങ്ങലും.. ,
കടത്തിന് പകരം കടപ്പാടും .. ,
വിശപ്പിനു മരുന്നായ് വിഷം കലര്‍ത്തിയ ഉപ്പും,
മരണം കാത്ത് ഊര്‍ദ്ധന്‍ വലിക്കുന്ന വിശ്വാസ നിഴലുകളും,
വേര്‍പാട് ചവച്ചു തുപ്പിയ വേദനകളും ഒന്നുമില്ലാത്തിടം..
ഇരുളും വെളിച്ചവും , ഞാനും എന്റെ നിഴലും മാത്രം.
എന്താ നടക്കുവോ ?"
അയാള്‍ ചോദ്യഭാവത്തില്‍ വള്ളക്കാരനെ നോക്കി ?

"നിങ്ങള്‍ക്കു നീന്തലറിയാമോ ?"
"ഇല്ല എന്തേ ?"
"അല്ലാ ..തലയൊന്നു തണുത്താല്‍ ചിലപ്പോള്‍ ....
ഒരു പരീക്ഷണം ....ഇല്ലെങ്കില്‍ പിന്നെ ചികിത്സയല്ലാതെ വേറെ രക്ഷയില്ല .."

"ഹ..ഹ എന്ന് വെച്ചാല്‍ ഞാന്‍ തലയ്ക്കു സ്ഥിരമില്ലാത്തവന്‍ എന്നര്‍ത്ഥം ..ഞാന്‍ നേരത്തേ പറഞ്ഞില്ലേ എന്നെ സഹായിക്കുക നിങ്ങള്‍ക്കെളുപ്പമാകില്ലെന്ന് .."

"ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നത് നേര്.."
വള്ളം കടവിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ അയാള്‍ മറുപടി നല്‍കി ..

"നിങ്ങള്‍ അന്വേഷിക്കാന്‍ ഒരു വിലാസം തരൂ എന്തെങ്കിലും ഒത്ത് വന്നാല്‍ നിങ്ങള്‍ക്കു സ്വബോധമുള്ളപ്പോള്‍ ഞാന്‍ വന്നു കാണാം .."
കടത്തുകൂലി വാങ്ങി മടിക്കുത്തില്‍ തിരുകുന്നതിനിടെ വഞ്ചിക്കാരന്‍ ആരാഞ്ഞു .

"നിങ്ങള്‍ എന്തൊരു മനുഷ്യനാണ് ..ഇത്രയും നേരം കഥാപ്രസംഗം മുഴുവന്‍ കേട്ടിട്ടും പിന്നേം ചോദിക്കുന്നത് കേട്ടില്ലേ ? വീടില്ലാത്തവനോട് വിലാസം ചോദിക്കുന്നു ..!
ഈ കടവും വഞ്ചിയും വിലാസമായുള്ള നിങ്ങളെ തേടിപ്പിടിക്കുന്നതല്ലേ അതിലും എളുപ്പം ..ആവിശ്യം വന്നാല്‍ ഞാന്‍ തിരക്കി വന്നോളാം ..."
മറുപടിക്ക് കാക്കാതെ അയാള്‍ തിരിഞ്ഞു നടക്കുന്നതും നോക്കി വഞ്ചിക്കാരാന്‍ ചിറികോട്ടി ചിരിച്ചു ..

പിറ്റേന്ന് വെള്ളപ്പരപ്പില്‍ വിലാസമില്ലാത്തവന്റെ പ്രേതം ഭാരമില്ലാതൊഴുകി നടന്നു ..
പാതിയടഞ്ഞ മിഴികള്‍ , തേടിയലഞ്ഞത്‌ കണ്ടെത്തിയവന്റെ നിര്‍വൃതിക്ക് സാക്ഷി പറഞ്ഞു ..

ഒരേ കാഴ്ചകള്‍

വിശന്നു മരിച്ചവന്റെ ആമാശയം
ചില്ലിട്ടു വെച്ചതു കാണാന്‍
മുടക്കിയ നാണയത്തുട്ടുകള്‍ ,
ജീവിച്ചിരുന്നപ്പോള്‍ അവനു കൊടുക്കാന്‍ -
മറന്ന അപ്പക്കഷണങ്ങള്‍ !

ആള്‍ക്കൂട്ടത്തില്‍ അമ്മ ഉപേക്ഷിച്ച
കുഞ്ഞിന്റെ കണ്ണീര്‍പ്പുഴയില്‍ -
ഇളകിയാടുന്ന കടലാസു തോണി
എന്റെ കവിത .

എയ്ഡ്സ്സ് ബാധിച്ചവന്റെ -
ഇനിയും വയസ്സറിയിക്കാത്ത പെണ്‍കുട്ടിയെ
കല്ലെറിഞ്ഞു കൊന്നവര്‍,
പാപം പൊറുക്കാത്തവര്‍,
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധരാക്കപ്പെട്ടവര്‍ !

ശരണാലയത്തിലെ ഇരുണ്ട ചുമരുകള്‍ക്കുള്ളില്‍
വൃദ്ധദമ്പതികള്‍ വിറച്ചു മന്ത്രിച്ചു ;
'വിത്തറിയാതെ വിതച്ചത് ,
വിനാശകാലേ വിപരീത ബുദ്ധി' !

അച്ഛന്‍ കാമിച്ച പെണ്ണിന്റെ മാനം,
നാളെ ജനിക്കുന്ന കവിയ്ക്കായ്
കാലം കാത്തുവെച്ച വരികള്‍ !

അതിഭാഷണം

നഗരത്തിലെ അപഥസഞ്ചാരികള്‍ക്കിടയില്‍ പേര്‌കേട്ട വേശ്യാലയത്തിന്റെ കോണിപ്പടികള്‍ കേറുമ്പോള്‍ അയാള്‍ തികച്ചും ശാന്തനായി കാണപ്പെട്ടു.
ഇരുട്ടില്‍ പൊളിഞ്ഞു വീണേക്കാവുന്ന പൊയ്മുഖത്തെയോര്‍ത്ത് യാതോരാശങ്കയുമില്ലാതെ
പടികള്‍ ഓരോന്നായി ചവുട്ടി കയറി. മുകളില്‍ അയാളെ കാത്തെന്നോണം നിന്ന
ജൂബ്ബാ ഷര്‍ട്ടിട്ട കൊമ്പന്‍ മീശക്കാരന്‍ തടിയന്‍ ഒരു നിമിഷം നെറ്റി
ചുളിച്ച് , പിന്നെ ധൃതിയില്‍ ചോദിച്ചു ;


"ഫോണില്‍ സംസാരിച്ച ..."
"അതേ",
അയാള്‍ പരുക്കന്‍ ശബ്ദത്തില്‍ പ്രതിവചിച്ചു.
"എല്ലാം പറഞ്ഞ പോലെ തന്നല്ലേ "?
പോക്കറ്റില്‍ നിന്ന് ആയിരത്തിന്റെ രണ്ടു നോട്ടുകള്‍ തടിയന് നേരെ നീട്ടി അയാള്‍ ആരാഞ്ഞു.

"അത് പിന്നെ പ്രത്യേകം പറയണോ സാറേ .വാക്കുറപ്പുള്ള ഒരേ ഒരു കച്ചോടം
ഇതല്ലാതെ വേറെ ഏതാണ് ? പിന്നെ കാക്കിയിട്ട ഒരുത്തനും ഈ വഴി തിരിഞ്ഞു പോലും നോക്കില്ല എന്നത് സാറിനിവിടെ മാത്രം പ്രതീക്ഷിക്കാവുന്ന ബോണസ് ."
"എന്റെ കണ്ടീഷനില്‍ അതിനെക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല .അത് കൊണ്ട് തന്നെ
ഞാനത് കാര്യമാക്കുന്നുമില്ല . നിങ്ങള്‍ നേരം കളയാതെ പ്രസംഗം നിര്‍ത്തി
കാര്യത്തിലേക്ക് കടക്കു ."

"പിന്നല്ലാതെ നമ്മളെന്തിനു പാതിരാത്രി വെറുതേ നാട്ടുവര്‍ത്തമാനം പറഞ്ഞു മുഷിയുന്നു, അല്ലേ ..ഹ ഹ.. സാറ് വന്നാട്ടെ "
അയാള്‍ താക്കോല്‍ക്കൂട്ടവുമെടുത്തു ഇടനാഴിയിലൂടെ നടന്നു .
" അല്ല സാറേ , സാറെന്താണ് പെണ്ണിന്റെ മുഖം ........................."

"തന്നോട് നേരത്തെ പറഞ്ഞതല്ലേ ചോദ്യങ്ങള്‍ വേണ്ടെന്നു ?"
ആഗതന്‍ അയാളെ മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല .

"ഒരു കൌതുകം കൊണ്ട് ചോദിച്ചതാ . അല്ലെങ്കില്‍ തന്നെ തുട്ടു കിട്ടിക്കഴിഞ്ഞാല്‍
പിന്നെ നമ്മളെന്തിനാ വേണ്ടാത്തത് ചിക്കി ചികയുന്നെ ..ബഹുജനം പല വിധം
.അത്ര തന്നെ .ഞാനൊന്നും ചോദിച്ചിട്ടുമില്ല സാറൊന്നും കേട്ടിട്ടുമില്ല
.പോരേ ?"

സാറിന്റെ ഈ കൊരങ്ങന്‍ തൊപ്പിയൊന്നൂരിയിരുന്നെങ്കില്‍ മുഖം വ്യക്തമായേനെന്നു പറയാനിരുന്നതാ .ഇനീപ്പം അതും വിഴുങ്ങീരിക്കുന്നു ."
അതിനും പിന്നില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
വലത്തേയറ്റത്തെ രണ്ടാമത്തെ മുറിയുടെ പൂട്ട്‌ തുറന്നു താക്കോല്‍ ഏല്‍പ്പിക്കുമ്പോള്‍ തടിയന്‍ ചിരിച്ചു .

" തിരിച്ചിറങ്ങുമ്പോള്‍ ഇതുപോലെ പൂട്ടിയെക്കണം "
അയാള്‍ തല കുലുക്കി അകത്തു കടന്ന് വാതിലടച്ചു .

" ഞാനിവിടെ കിടക്കയിലുണ്ട് വലതു വശത്ത് .."
ഇരുട്ടില്‍ ഒരു മധുര ശബ്ദം അയാളെ അരികിലേക്ക് ക്ഷണിച്ചു ..

കിളിനാദം മന്ത്രിച്ച ദിശയിലേക്ക് അയാള്‍ മന്ദം നടന്നു .മെത്തയിലൂടെ
ഇഴഞ്ഞു നീങ്ങിയ കൈകള്‍ നനുത്ത മൃദുലതയില്‍ തട്ടി തടഞ്ഞപ്പോള്‍ അയാള്‍
വിറച്ചു .
പൊടുന്നനെ അയാള്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
"ഇതെന്താണ് നിങ്ങള്‍ തലയും മുഖവും മറച്ചിരിക്കുന്നത്" ? മങ്കി ക്യാപ്പാണോ ?

ചോദ്യത്തിനിടയില്‍ത്തന്നെ അവളതൂരിമാറ്റിയിരുന്നു.
"നിനക്ക് നിലാവത്ത് പൂത്ത പിച്ചിയുടെ മണം "
അവളുടെ മൂര്‍ദ്ധാവില്‍ ചുംബിക്കുന്നതിനിടെ അയാള്‍ പിറ് പിറുത്തു ..
"ഹ ..ഹ നിലാവത്ത് പിച്ചി പൂക്കുമോ ? എനിക്കറിയില്ലായിരുന്നു .."

അവള്‍ പൊട്ടിച്ചിരിച്ചു .വളപ്പൊട്ടുകള്‍ പൊടിയുമ്പോലെ..

സത്യം പറഞ്ഞാല്‍ എനിക്കല്‍ഭുദം തോന്നുന്നു .സാധാരണ എന്റടുത്തു വരുന്നവര്‍ നീല
വെളിച്ചത്തില്‍ എന്റെ മേനി കണ്ട് കൊതി തീര്‍ത്തിട്ടേ ലൈറ്റ്
അണയ്ക്കാറുള്ളൂ . നിങ്ങള്‍ മാത്രം .....

നിങ്ങള്‍ക്കെന്റെ മുഖമെങ്കിലും കാണണമെന്ന് തോന്നുന്നില്ലേ ?"
"ഇല്ല .."
അയാളുടെ ശബ്ദം പെട്ടെന്ന് പരുക്കനായി ..
"ഞാന്‍ കണ്ട മുഖങ്ങളിലെല്ലാം ചതിക്കണ്ണുകള്‍ മാത്രം ..
കാമുകിയും, ഭാര്യയുമെല്ലാം ..എല്ലാ മുഖങ്ങളോടും വെറുപ്പാണ് .."

അയാള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.
"അത് ശരി അതാണ്‌ കാര്യം" .
"എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതും ചതി തന്നയല്ലേ ?"
"അല്ല നിനക്കുള്ള പ്രതിഫലം ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടു തന്നെയാണ് ഞാന്‍ വന്നത്. എനിക്കാരേം ചതിക്കണമെന്നില്ല ".

"ഹ ഹ ..അത് കൊള്ളാം .മുഖങ്ങള്‍ പലതവണ ചതിച്ചിട്ടും ഉടലിനോടുള്ള ദാഹം ശമിച്ചിട്ടില്ല. അതുകൊണ്ട് ഇരുട്ടില്‍ ഉടല്‍നക്കി പരസ്പരംകാണാതെ ബാധ്യതയില്ലാതൊരു മടങ്ങിപ്പോക്ക് .."

ഉം ..
അയാള്‍ മൂളിക്കേട്ടു .
"തുറന്നു പറയുന്നതില്‍ മുഷിയരുത്‌..നിങ്ങള്‍ ശരിക്കും ഒരു ഭീരുവാണ് ."

"ശബ്ദിക്കരുത് ."..! അയാള്‍ അലറി .
അവളെ ഊക്കോടെ പിടിച്ച് തള്ളിയിട്ട് അയാള്‍ വാതില്‍ വലിച്ചു തുറന്ന് പുറത്തേയ്ക്ക് പാഞ്ഞു ..

കോണിപ്പടി തുടങ്ങുന്നിടത്ത് കൊമ്പന്‍ മീശക്കാരന്‍ തടിയന്‍ അയാളെ കണ്ടമ്പരന്നു .
"എന്താണ് സാര്‍ ഇത്ര പെട്ടെന്ന് .....എന്ത് പറ്റി ?"

"വാക്കുറപ്പിക്കുമ്പോള്‍ നിങ്ങളോട് പറയാന്‍ മറന്നുപോയി എനിക്കൊരൂമയെ മതിയെന്ന് ...!"

മറുപടി കാക്കാതെ അലസമായി കോണിപ്പടികളിറങ്ങി അയാള്‍ മുഖമില്ലാത്ത ഇരുട്ടില്‍ ലയിച്ചു ...

പലായനം

നിങ്ങള്‍ തീമഴ തളിച്ച്
നൂറുമേനി കൊയ്ത മണ്ണില്‍
പിടഞ്ഞു വീണ പുഴുക്കള്‍ ഞങ്ങള്‍ !
ബുദ്ധിയുള്ളോര്‍ നിങ്ങളറവെച്ചു വാഴുമ്പോള്‍
ദ്രവിച്ച കൂരകളില്‍ ഞങ്ങളുടെ കൂടെപ്പിറന്നോരുടെ
ഊര്‍ദ്ധന്‍ വലി , പദം പാടിയാടുന്നു മരണതാളം !

"വിതയ്ക്കാതെ കൊയ്യാന്‍
വിയര്‍ക്കാതെ പുലരാന്‍
വിശപ്പിന്‍റെ നെഞ്ചത്തു ശവക്കോട്ട കെട്ടാന്‍ ..." ;
പണ്ടു പറഞ്ഞു പറ്റിച്ച തേന്‍മൊഴികള്‍.

നിങ്ങള്‍ പരീക്ഷിച്ച രസക്കൂട്ടുകളില്‍
തളര്‍ന്നിഴയുന്നു, ഞങ്ങള്‍ കരളു ചീഞ്ഞ കീടങ്ങള്‍ !
തോളില്‍ തളര്‍ന്നുറങ്ങുമെന്‍റെ -
കറുത്ത കുഞ്ഞുണര്‍ന്നു ഞരങ്ങുമ്പോള്‍ ,
വിറച്ചു നല്‍കാന്‍ , വിഷം തളിച്ച്
വിളയിച്ച തേന്‍കനികള്‍ മാത്രം !

ഞങ്ങള്‍ക്കിനി നാട്ടുവാസിപ്പെരുമ വേണ്ടേ,
തേനില്‍ വിഷം കലക്കി വിളിച്ചിടൊല്ലേ ?
ഉള്ളു തുറന്നു പറഞ്ഞോട്ടെ -
നിങ്ങളെ പേടിച്ചു കാട് കേറുന്നേന്‍ !
കുതറിയോടി മുടന്തി നീങ്ങവേ
പിന്നിലലയടിക്കും നിലവിളികള്‍ ,
പണ്ടു നിങ്ങള്‍ പഠിപ്പിച്ച ചില്ലക്ഷരങ്ങളില്‍
പറയാനറച്ച പുലഭ്യങ്ങള്‍ മാത്രം !!

ഇരുട്ടിലെ തുണ

വേണമെപ്പൊഴും ഇരുട്ടിലൊരു തുണ ,
ചുറ്റും പടര്‍ന്ന കറുപ്പില്‍ പതിയിരിക്കുന്നുണ്ട്
ക്രൌര്യമുഖങ്ങളെന്ന തോന്നലില്‍ ,ഒരാശ്വാസമായ് .
പകലോനുണര്‍ന്നാല്‍, വെളിച്ചം പരന്നാല്‍
ഇവന്‍, സ്വസ്ഥത ഹനിക്കുന്ന ശല്യം !
കുടിച്ച വെള്ളത്തില്‍ കലക്കിക്കൊടുത്തൂ,കൊടും വിഷം !
ഹാവൂ ! ഒഴിഞ്ഞു മാരണം .!
ഇനി അന്തി ചുവക്കുമ്പോഴേക്ക് കണ്ടെത്തണം
ഒരു പുതിയ കൂട്ട് !!

വിശ്വാസികള്‍

എവിടെയുണ്ടരയാല്‍ത്തറകളവിടെയെല്ലാം
കാവിപ്രഭയിലാള്‍ദൈവ വാഴ്ച !
ഹേ! വടവൃക്ഷമേ, പാവം നിന്നെയോര്‍ത്ത്
തേങ്ങുന്നുണ്ടാവാം ആദിമ ഋഷിവംശം !
പകലന്തിയോളം സ്വാമിക്ക് പാദസേവ.
തൃക്കാല്‍ക്കല്‍ വീണു പൊലിയുന്നു
കോടിപ്രണാമങ്ങള്‍, വിശ്വാസ ബിംബങ്ങള്‍ !
രാവ് കനക്കുമ്പോള്‍ പര്‍ണ്ണശാലയ്ക്കുള്ളില്‍
നാഗസംതൃപ്തിതന്‍ ശീല്‍ക്കാരശബ്ദങ്ങള്‍ !

മറ്റൊരിടം, ഒരു കുമ്പസാരക്കൂട്
കൂട്ടിനുള്ളില്‍ നില്‍ക്കുന്നവളും
പുറത്ത് കാതുകൂര്‍പ്പിച്ചവനും
ഇന്നലെ ഒരുമിച്ചു ചെയ്ത പാപം
പരസ്പരം പറഞ്ഞു തീര്‍ക്കുന്നു !!

അല്ലയോ; വിശ്വാസവൃന്ദമേ ,
നിങ്ങളോടെനിക്കൊന്നും പറയാനില്ല.
നിങ്ങള്‍ കാഴ്ച നശിച്ചവര്‍, പാവങ്ങള്‍
ജനിച്ചപ്പോഴേ കാതു പൊട്ടിപ്പോയ ഹതഭാഗ്യര്‍ !!

പിന്‍കുറിപ്പ്

രക്തമില്ലാത്തോന്റെ തളര്‍ന്ന സിരകളില്‍
ഊര്‍ജ്ജ പ്രവാഹമായെരിഞ്ഞവന്‍ രക്തസാക്ഷി !
ആരുമില്ലാത്തോന്റെ എഴുത്തോലയില്‍
'ഇവന്‍ മരണമില്ലാത്ത ചുവന്ന ദൈവമെന്ന് '
പിന്‍കുറിപ്പ് !!


പ്രത്യയശാസ്ത്രങ്ങള്‍ കരിഞ്ഞുണങ്ങിയ,
ചുവന്ന ദൈവത്തിന്റെ മാതൃഗര്‍ഭം
പേറ്റ്നോവും, പോറ്റ്നോവും
തലയുടല്‍ രണ്ടായ് തിരിച്ച്
കയര്‍ക്കുടുക്കില്‍ തൂങ്ങിയാടി ,
ഒരു പിന്കുറിപ്പും ബാക്കിവെയ്ക്കാതെ !!

നിഴലാട്ടം

കൂട്ടിക്കൊടുപ്പുകാരന്‍റെ ഡയറിയില്‍
മുഖമില്ലാത്ത വിലാസങ്ങള്‍ മാത്രം .
നൈമിഷികതയുടെ ലഹരിക്കറുപ്പില്‍
പല നാടു കടന്നെത്തിയ ഉത്സവമേളം.
പാപബോധം മനസ്സ് മദിച്ചപ്പോഴൊക്കെ
മാനത്ത് നോക്കി 'തത്ത്വമസി ' ചൊല്ലി !


ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക്,
പൊന്നിന്‍റെ നിറമായിരുന്നു .
കണ്ണുകളില്‍ മാന്‍പേടയുടെ ദൈന്യതയും .
കനവുകളിലെല്ലാം ചുവപ്പിന്‍റെ -
വസന്തം സൂക്ഷിച്ചതുകൊണ്ടാവാം,
ചുവപ്പ് കറുക്കും മുന്‍പേ
പാളത്തിളക്കത്തില്‍ ശിരസ്സറുത്ത്,
ചോരപ്പുഴയിലുടല്‍ മുങ്ങിക്കിടന്നത് !!

പൂന്തോപ്പ്‌

വീട്, ഭംഗിയുള്ള ഒരു പൂന്തോപ്പാണ്
രാപകല്‍ നിറങ്ങളുടെ ഉത്സവമേളം !
വിപ്ലവത്തിന്‍റെ ചുവപ്പില്‍ വിടര്‍ന്നെപ്പോഴുമച്ഛന്‍
പിച്ചിയുടെ നിറവും മണവും പരത്തി -
സൗമ്യമായ് പുഞ്ചിരിച്ചകായിലമ്മ.
മുത്തശ്ശിപ്പൂവ് കൊഴിഞ്ഞകൊണ്ടാവാം
വാടിത്തുടങ്ങിയ വാടാമല്ലിപോലെ മുത്തച്ഛന്‍ !
അച്ഛന്റെ വിപ്ലവത്തോട് തര്‍ക്കിച്ചിരമ്പുമ്പോള്‍
ഏട്ടന് ഗന്ധരാജന്റെ വീര്യമാണ് !
സൂര്യകാന്തി പ്രഭയില്‍ ആകെനിറഞ്ഞ്
നിലാവെളിച്ചം പോലെ അനുജത്തി .
അശാന്തിയുടെ കൊടും വേനലില്‍
വിരിഞ്ഞ കൊണ്ടോ?.. അറിയീല ,
അച്ഛനു ഞാനെപ്പോഴും അവലക്ഷണത്തിന്റെ -
ശവംനാറിപ്പൂവായിരുന്നു !!

കറുത്ത ബിംബങ്ങള്‍

നിര്‍ത്താതെ കരഞ്ഞുറക്കം കെടുത്തിയതിന്
ഒരമ്മ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പ്രേതം
നാടോടിക്കുടിലില്‍ നിന്നൊഴുകിപ്പരന്ന
നേര്‍ത്ത താരാട്ടിന്നീണം കേട്ട് പകച്ചു നിന്നു !!

ഒരു കുഞ്ഞിക്കരച്ചില്‍ കേള്‍ക്കാന്‍
നോറ്റ നോമ്പെല്ലാം വ്യര്‍ത്ഥമായപ്പോള്‍,
മണ്ണിലെ ജീവിതം തീറെഴുതി വെച്ചിട്ട്
യാത്രാമൊഴി മറന്നു മടങ്ങിയൊരമ്മ-
തേനുറവ പൊട്ടിയൊലിക്കുന്ന മാറുമായ്
വി ണ്ണ് തോറും, ഒരു കുഞ്ഞുനാവ് -
തേടിയലഞ്ഞു തളര്‍ന്നു !!

തര്‍പ്പണം

അമ്മ , എന്റെ ജീവന്റെ പുഴ
അച്ഛനെക്കാളേറെ സ്നേഹിച്ചതും അമ്മയെ,
അതുകൊണ്ട് മാത്രം ഒരു കൂര്‍ത്ത കത്തിമുനയില്‍
പാതി മെയ്യ്‌ തന്നോരുയിരൊന്നളന്നു പോയ്‌ !
പിതൃഹത്യ അരുതാത്ത പാപമെന്നോര്‍ത്തില്ല .
എന്റെ പുഴയില്‍ വിഷം കലര്‍ത്തിയാല്‍ -
പിന്നെ ഞാനെന്തു ചെയ്യും ?- അച്ഛനെങ്കില്‍ പോലും.. !
ഇന്നും ബലിത്തറയില്‍ ഞാനുരുട്ടി വെയ്ക്കുന്ന
വെള്ളുരുള കൊത്തിയിളക്കാന്‍ മുറ തെറ്റാതെത്താറുണ്ട്
ഒരൊറ്റക്കാലന്‍ കാക്ക , വാവ് തോറും .
അതിന്റെ കറുത്ത കണ്ണിലെ കൂര്‍ത്ത നോട്ടം കാണ്‍കെ
പിന്നിലമ്മകാണാതറിയാതെ പല്ലിറുമ്മാറുണ്ട് !!

പ്രണയവും ചോരയും !

സഖീ, ഇവിടെ തെരുവ് രണ്ടായ് തിരിയുന്നു ..
ഇരുളിലും വെളിച്ചത്തും ഇത്രനാള്‍
അഴിയാതെ കോര്‍ത്ത കൈയ്യയയ്ക്കാം.
എന്‍റെ ഹൃദയം പൊടിഞ്ഞിരിക്കുന്നു ,
എന്‍റെ സിരകളില്‍ നിന്‍റെ ഒഴുകാത്ത രക്തം
തണുത്തു മരവിച്ച് പുളിച്ചു നാറുന്നു .
പട്ടിയും, പൂച്ചയും, അട്ടയും, പുഴുവും
ചരിക്കുന്ന പാതയില്‍ ഇനി എന്‍റെ കാല്പ്പാടും..
മുള്ളോഴിഞ്ഞ വഴിയെ മിഴി നനയ്ക്കാതെ
ഓര്‍മ്മകളിലെ തീമഴപ്പെയ്ത്തിന് പുലയാട്ടു ചൊല്ലി
വര്‍ത്തമാനത്തിലെ വെളിച്ചം തിരഞ്ഞു പൊയ്ക്കൊള്ളുക.
പേടിക്കേണ്ട! നാളെയൊരു തിരിവെയ്ക്കാന്‍
എന്‍റെ കുഴിമാടം തേടി അലയേണ്ടി വരില്ല .
തെമ്മാടിക്കുഴികളില്‍ ആരും മരക്കുരിശു -
നാട്ടാറില്ല ,ദ്രവിച്ചവന്‍റെ അടയാളമായ് !
ഒരു മീസാന്‍ കല്ലിലും എന്‍റെ -
ജനനവും മരണവും കുറിച്ചിട്ടുണ്ടാകില്ല,
ഉറപ്പ് !!

നാടകാന്തം കവിത്വം

"പ്രദീപേ ...നിനക്ക് അടുത്ത പീരീഡ് ഒന്‍പതിനല്ലേ ?"
ഉണ്ണി സ്റ്റാഫ് റൂമിന് പുറത്ത് നിന്ന് സാമാന്യം ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.
"അതേ ..എന്താ കാര്യം ..?"
"അല്ല അതൊന്നു ചെയിന്‍ജ് ചെയ്തു കിട്ടിയിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു ..എന്‍റെ പോര്‍ഷനസ് തീരാന്‍ കുറേ ബാക്കിയാ ...അടുത്താഴ്ച ഒന്‍പതു 'ബി 'ക്കാര്‍ക്ക് സ്കൂളില് ടെസ്റ്റ്‌പേപ്പര്‍ ഉണ്ടെന്നു പിള്ളാര് പറഞ്ഞാരുന്നെ ....ഒന്നാമത് അതില് പകുതീം പേടാ ..അതിന്റെ കൂടെ സിലബസ്സൂടെ തീര്‍ന്നില്ലേല്‍ ഈപ്പന്‍ സാര്‍ ആദ്യം തന്നെ അതേ കേറിപ്പിടിക്കും......."


"എന്‍റെ ഉണ്ണിസാറേ നിങ്ങള് മൂന്ന് പേരും ഇവിടെ ജോയിന്‍ ചെയ്ത നാളു തൊട്ടേ ഞാന്‍ പറേന്നതാ പിള്ളാര് കേള്‍ക്കെ അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ എടാ പോടാന്നു വിളിക്കല്ലേന്നു.. കാര്യം നിങ്ങള് കൂട്ടുകാരാ ....പക്ഷേ ഇതൊരു സ്ഥാപനമാണെന്ന കാര്യം മറക്കരുത് ..നിങ്ങടെ ജോലീം ....... "
ഈപ്പന്‍സാറ് തൊട്ടപ്പുറത്തെ ക്ലസ്സിലുണ്ടാരുന്നത് ഉണ്ണി അപ്പോഴാണ്‌ കണ്ടത് ..

"പിന്നേ ....ഇപ്പൊ പറഞ്ഞത് ആരും കേട്ടില്ല ...... ഒരു വിശ്വ കലാലയം .! മാസാവസാനമാകുമ്പോഴും ആ ഓര്‍മ്മ വേണം, ഇതൊരു സ്ഥാപനമാണെന്ന്..അല്ലാതെ................"
ഉണ്ണി പിറുപിറുത്തു കൊണ്ട് ക്ലാസ്സിലേക്ക് പോയി .

മൂന്ന് വര്‍ഷം മുന്‍പ് ഏതാണ്ട് ഒരേ സമയത്താണ് പ്രദീപും,അജയനും , ഉണ്ണിയും ഈപ്പന്‍ സാറിന്റെ കൈരളി ട്യൂഷന്‍ സെന്‍റ്ററില്‍ ജോലിക്കെത്തിയത് . മൂന്ന് പേരും ഒരേ കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞു നിന്ന സമയം ..ഉണ്ണിയാണ് , ഒരു സ്ഥിര വരുമാനം ആകും വരെ ട്യൂഷന്‍ പ്രസ്ഥാനം എന്ന ആശയം മുന്നോട്ടു വെച്ചത് .രാപകല്‍ കവല നിരങ്ങുന്നൂന്നുള്ള വീട്ടുകാരുടെ പരാതിക്കൊരിടക്കാലാശ്വാസവുമാകും . പ്രദീപിനതില്‍ ഒട്ടും താല്പര്യമില്ലാരുന്നു ..കാരണം ഒരു എം. ബി .എ ക്കാരനാവുക എന്നതായിരുന്നു അവന്‍റെ ആത്യന്തികമായ ലക്‌ഷ്യം .തുടര്‍ന്നുള്ള ബിരുദ സമ്പാദനം സ്വന്തം വിയര്‍പ്പു കൊണ്ട് മതി എന്ന അച്ഛന്‍റെ പ്രഖ്യാപനം കീറാമുട്ടിയായപ്പോള്‍ ഒടുവിലവനും സമ്മതം മൂളുകയായിരുന്നു.

സ്വന്തമായൊരെണ്ണം കെട്ടിപ്പൊക്കി ആള്‍ക്കാരുടെ വിശ്വാസം പിടിക്കാന്‍തക്ക തഴക്കവും പഴക്കവും ഇല്ലാത്തത് കൊണ്ട് ഈപ്പന്‍ സാറിന്റെ കൈരളി തന്നെ കളരിയായി തേടിപ്പിടിച്ചതും ഉണ്ണി തന്നെ . യുദ്ധകാലാടിസ്ഥാനത്തില്‍ മാത്രമുള്ള ശമ്പളവിതരണമൊഴിച്ചാല്‍ മൂന്ന് പേരും ഏറെക്കുറെ കൃതാര്‍ത്ഥരായി തന്നെ കൈരളിയില്‍ സേവനമനുഷ്ടിച്ചു പോന്നു .

"ഉണ്ണി സാറേ , മണി പതിനൊന്നായി . ഒന്നു തൊണ്ട നനച്ചേച്ചും വരാം . "
പ്രദീപ്‌ പത്തിന് ക്ലാസ്സെടുക്കുകയായിരുന്ന ഉണ്ണിയെ പുറത്ത് നിന്ന് നീട്ടി വിളിച്ചു.
"ഓ ..പറഞ്ഞ പോലെ നേരം പോയതറിഞ്ഞില്ല .."
ഉണ്ണി ക്ലാസ് മതിയാക്കി പുറത്തേയ്ക്ക് വന്നു .

"പിന്നേയ് .. ശനിയാഴ്ചകളിലെ ഈ അഖന്ധനാമജപം തുടര്‍ന്നു കൊണ്ട് പോകാന്‍ എന്നെക്കൊണ്ട്‌ പറ്റത്തില്ല. രാവിലെ ഏഴു മണിക്ക് തുടങ്ങുന്നതാ ..ഒരു മണി വരെ ഒറ്റ പീരീഡ് ഒഴിവില്ല .തൊണ്ടേലെ വെള്ളം വറ്റി..ചോക്കുപൊടി കേറി മൂക്കുവടഞ്ഞു ..സാറീ ടൈംടെബിളൊന്ന് അടിയന്തിരമായി വെട്ടിത്തിരുത്തിയെ പറ്റൂ .."
അജയന്‍ യു .പി ക്ലാസില്‍ നിന്ന് നേരെ വന്നു ഈപ്പന്‍ സാറിനോട് തട്ടിക്കയറി ..

"സാറ് തല്‍ക്കാലം ഒരു ചായ കുടിച്ചു തൊണ്ട നനയ്ക്ക്. ബാക്കിക്കാര്യം ഞാന്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം .."
"അനുഭാവിച്ചാലും ഇല്ലെങ്കിലും അടുത്താഴ്ച ഇതനുഭവിക്കാന്‍ എന്നെ കിട്ടുമെന്ന് കരുതണ്ട."
അജയന്‍ കൈയ്യിലെ പുസ്തകം മേശപ്പുറത്തിട്ട് പുറത്തേയ്ക്ക് നടന്നു.

"ഈ പരിപാടി അടിയന്തിരമായി അവസാനിപ്പിച്ചേ മതിയാകൂ ."
ശശിയണ്ണന്റെ ചായക്കട ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ അജയന്‍ പറഞ്ഞു .
"എന്ത് ? ചായകുടിയോ?"
ഉണ്ണി ചോദ്യ ഭാവത്തില്‍ അവനെ നോക്കി.
"അല്ല , ഈ ഇടക്കാലോദ്യോഗം .കൊല്ലം മൂന്നായി ,ഇതിനകത്ത് കിടന്നു തുരുമ്പ് പിടിക്കാന്‍ തുടങ്ങീട്ട് .
ഇടക്കാലാശ്വാസമെന്നു പറഞ്ഞു തുടങ്ങീട്ട് ഇതിപ്പോ ഏതാണ്ട് വേരുറച്ച മട്ടാ. ഇന്നലെ അച്ഛന്‍ ചോദിച്ചു : അവിടുന്ന് തന്നെ പെന്‍ഷന്‍ പറ്റാനാണോ മോനുദ്ദേശമെന്ന് ."

"വീട്ടുകാരുടെ വിചാരം പാന്റും കോട്ടും ഇട്ട് ചെന്നാ ഉടനെ പെട്ടീലെടുത്തു വെച്ചേക്കുവാന്നാ ഉദ്ദ്യോഗം ."
അത് പറയുമ്പോള്‍ പ്രദീപിന്റെ മുഖത്ത് ഈര്‍ഷ്യയും , പുച്ഛവും പ്രകടമായിരുന്നു ..
"ഗള്‍ഫിലെ അളിയനെ വിളിക്കുമ്പോഴെല്ലാം പുള്ളി അതി വിദഗ്തമായി ഒഴിഞ്ഞു മാറുന്നുണ്ട് ..പിന്നെ സര്‍ട്ടിഫികേറ്റിന്റെ കനം നോക്കാതെ കേറിപ്പോരുന്നേല്‍ പോരാനും പറഞ്ഞു ."
"അതായത് കമ്പ്യൂട്ടര്‍ പഠിച്ചവന് കമ്പിപ്പണി .. ഹ ഹാ ..കൊള്ളാം ,"
അജയന്‍ കൂട്ടിച്ചേര്‍ത്തു..

"അജയന്‍സാറ് പിള്ളാരെ വല്ലാതെ മേല് നോവിക്കൂന്നൂന്നു ഒരു പരാതിയുണ്ടല്ലോ ."
ചായേം പരിപ്പ് വടേം കൊണ്ട് വെയ്ക്കുന്നതിനിടെല്‍ ശശിയണ്ണന്‍ ഒരു കമന്റു പാസ്സാക്കി .
"ആരാ പറഞ്ഞെ ? എന്നാ പിന്നെ മടീലിരുത്തി താരാട്ട് പാടി പഠിപ്പിക്കാം .തല്ലി പഠിപ്പിക്കേണ്ടി വന്നാല്‍ അങ്ങനെ തന്നെ ചെയ്യണം .എന്നാലേ പിള്ളാര് നന്നാവൂ .."
അജയന്‍ ദേഷ്യത്തോടെ തിരിച്ചടിച്ചു.

"എന്റെ സാറേ നിങ്ങള് ചെറുപ്പമായാത് കൊണ്ടാ ഈ തെളപ്പ്‌ . സ്വന്തം ജീവനെപ്പോലെ ആറ്റു നോറ്റു വളര്‍ത്തുന്ന പിള്ളരെടെ മേലെ കൈ വെയുക്കുംമ്പം അതുങ്ങളുടെ തന്തയ്ക്കും തള്ളയ്ക്കുമാ നോവുന്നെ .
കൈ വളരുന്നോ , കാലു വളരുന്നോന്നു നോക്കി വളര്‍ത്തുന്നതിന്റെ പ്രയാസം നിങ്ങള്‍ക്കു മനസ്സിലാവില്ല ..അതിന് കുറേക്കൂടി പ്രായമാകണം .ഇത് പോലെ ഒന്നു രണ്ടെണ്ണത്തിന്റെ തന്തയാകുംമ്പം മനസ്സിലാകും .
എന്റെ മൂത്ത പെങ്കൊച്ചിനെ ഒരുത്തന്‍ വീട്ടീ വന്നു പഠിപ്പിച്ചോണ്ടിരുന്നതാ..ഏതാണ്ട് ചോദ്യത്തിനുത്തരം പറഞ്ഞില്ലാന്നു പറഞ്ഞു അവന്‍ ചൂരലിന് വലിച്ചടിച്ചത് കൊണ്ട് പൊട്ടിയത് കൊച്ചിന്റെ പറയാന്‍ വയ്യാത്തിടത്താ..
അതോടെ നിര്‍ത്തി അവന്റെ ഒടുക്കത്തെ പഠിപ്പിക്കല്. അല്ല പിന്നെ ..!!"
ശശിയണ്ണന്‍ വികാരത്താല്‍ വിതുമ്പി വിറച്ചു .
അജയന്‍ ദേഷ്യത്തോടെ ചായകുടി പകുതിയില്‍ നിറുത്തി വേഗത്തില്‍ പുറത്തേയ്ക്ക് നടന്നു.
"കാര്യം പറഞ്ഞാല്‍ ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്ക് പിടിക്കില്ലാ ..ഇതാ കുഴപ്പം .."
ശശിയണ്ണന്‍ ആരോടെന്നില്ലാതെ പറഞ്ഞു .
പ്രദീപും, ഉണ്ണിയും ഏറെ വിളിച്ചിട്ടും അജയന്‍ നില്‍ക്കാതെ പോയി .

"അല്ലേലും അവന്റെ ചൂരല്‍ പ്രയോഗം ഇത്തിരി ഓവറാ .."
തിരിച്ചു നടക്കുന്നതിനിടയില്‍ ഉണ്ണി ,പ്രദീപിനോട് പറഞ്ഞു .
"കാളേ അടിക്കുന്ന പോലെ പിള്ളാരെ അടിച്ചാല്‍ അവര് താങ്ങുവോ ?
ഇന്നലെ പത്തിലെ യമുനേടെ കൈയ്യീന്ന് എന്തോ ലൌ ലെറ്റര്‍ കിട്ടീന്നു പറഞ്ഞു ചില്ലറ പുകിലല്ലാരുന്നു .ആ കുട്ടീടെ അച്ഛന്‍ വരാതെ അടങ്ങില്ലെന്ന മട്ടായിരുന്നു .ഈപ്പന്‍ സാറ് വല്ലാതെ പണിപ്പെട്ടാണ് ഒന്നു തണുപ്പിച്ചത്‌ ."
പ്രദീപ് പറഞ്ഞു നിര്‍ത്തി .

"ഈ കമ്പ്യൂട്ടെര്‍ യുഗത്തില്‍ മുട്ടേലെഴേന്ന പിള്ളേര് വരെ എസ്‌.എം.എസ്‌ വിട്ടു തുടങ്ങും .പിന്നാ പതിനഞ്ചു തികഞ്ഞ പെണ്ണ് ലെറ്റര്‍ വിടുന്നത് ..!!"

"ആ ..എനിക്കിനി ഒരു പീരീടെ ഉള്ളൂ ..വൈകിട്ട് ലൈബ്രറീ കാണാം.."
ഉണ്ണി ചോക്കുമെടുത്തു ക്ലാസ്സിലേക്ക് നടന്നു ..

പിറ്റേന്ന് രാവിലെ ഉണ്ണി കൈരളിയുടെ മുന്നിലെത്തുമ്പോള്‍ മുറ്റത്തോരാള്‍ക്കൂടം.നടുവിലായി ഈപ്പന്‍ സാറും , അജയനും .
"എന്ത് പറ്റി സാറേ ?"
ഉണ്ണി ചോദ്യ ഭാവത്തില്‍ ഈപ്പന്‍ സാറിനെ നോക്കി .
"എന്നാലും ആ പെണ്ണ് കാണിച്ച പണിയേ !! എനിക്കിപ്പഴും വിശ്വാസം വരുന്നില്ല കര്‍ത്താവേ .."
"ആര് ?"
"നമ്മുടെ യമുനയേ ?"
"അവള്‍ക്കെന്തു പറ്റി ?"
"അവളാ ചായക്കടക്കാരന്‍ ശശിയുടെ കൂടെ ഇന്നലെ രാത്രി ഒളിച്ചോടിയെന്ന്.!"
"ഹെ..!!
ഒരമ്പതീച്ചയ്ക്ക് ഒരുപോലെ കേറാവുന്ന തരത്തില്‍ ഉണ്ണീടെ വായ പിളര്‍ന്നു പോയി !"
"ഇതാര് പറഞ്ഞു ?"
"പെണ്ണ് വീട്ടീ കത്തെഴുതി വെച്ചിട്ടാ പോയിരിക്കുന്നെ..
ശശീടെ പെണ്ണുമ്പിള്ളേം പിള്ളാരും ചായക്കടയ്ക്ക് മുന്നീക്കിടന്ന്‌ നെലവിളിക്കുന്നുണ്ട് .."
ഉണ്ണി അജയന്‍റെ മുഖത്തേയ്ക്കു നോക്കി ..
അവന്‍ ചിറികോട്ടിച്ചിരിച്ചു
"' ഇവനൊക്കെ ഭൂലോക ഫ്രാടാണെന്നു ഞാന്‍ പണ്ടേ പറഞ്ഞതല്ലേന്ന വ്യക്തമായ ഭാവം പ്രകടമാക്കുന്ന ഒരു പുച്ഛച്ചിരി' !"
"വാ ..പോയിട്ട് വരാം .."
അജയന്‍ ഉണ്ണിയെ വിളിച്ചു .
"എങ്ങോട്ട് ?"
"സുഗതന്റെ ചായക്കടയിലേക്ക് ..പുതിയ പറ്റു തുടങ്ങണ്ടേ ..ഐശ്വര്യമായി രാവിലെ തന്നെ ഒരു ചായ കുടിച്ചു തുടങ്ങാം ."
"അ ..ത് ..പി..ന്നെ .."
വിക്കി ..വിക്കി അജയന്റെ പിന്നാലെ നടക്കുമ്പോള്‍ ഉണ്ണി അറിയാതെ പറഞ്ഞു പോയീ :

"എന്നാലും എന്റെ ശശിയണ്ണാ ...രണ്ടു കുഞ്ഞുങ്ങളുടെ മഹാനായ പിതാവേ ..
ഇന്നലത്തെ അങ്ങയുടെ ഒരു സ്പീച്ചേ ..!!

ഒരു നൊമ്പരം പോലെ

"എടീ രമേ ..........നീ ഇതെവിടെ ചത്ത്‌ കിടക്കുവാ ?...നിന്റെ അസത്തു ചെക്കന്‍ ബക്കറ്റിലെ ചൂട് വെള്ളം ഇപ്പൊ തലവഴി കോരിയൊഴിക്കും..!
അങ്ങനേലും ഒന്നു തൊലഞ്ഞു കിട്ടിയാല്‍ മതീരുന്നു ....എന്നാലും നാട്ടുകാര് വെറുതേ വിടത്തില്ലല്ലോ... തന്തയില്ലാത്തോണ്ടു ശല്യമൊഴിക്കാന്‍ കൊന്നതാന്ന് പറയില്ലേ "..!
കാര്‍ത്തിയാനിയമ്മ രാവിലെ തന്നെ മകളോട് കയര്‍ത്തു തുടങ്ങി ..
രമയെ ഭര്‍ത്താവ് ശശാങ്കന്‍ അവളുടെ വീട്ടില്‍ കൊണ്ടാക്കി പോയിട്ട് മാസം നാല് കഴിഞ്ഞിരിക്കുന്നു ..ഇതിനിടയ്ക്ക് പേരിനു പോലും ഒന്നു തിരിഞ്ഞു നോക്കിയിട്ടില്ല ....ആദ്യമൊക്കെ ഇന്ന് വരും ..നാളെ വരും എന്നൊക്കെ പറഞ്ഞ് ഭര്‍ത്താവിനെക്കുറിച്ച് തിരക്കുന്നവരില്‍ നിന്ന് രമ ഒരു വിധം തടിതപ്പിയിരുന്നു ...വന്നു വന്നിപ്പോള്‍ തന്ത ഇട്ടേച്ചു പോയ കൊച്ചിനെ ചുമക്കുന്നവള്‍ എന്ന മട്ടിലായിരിക്കുന്നു നാട്ടുകാരുടെ നോട്ടവും സംസാരവും ....

മോളെ കെട്ടിയോനിട്ടേച്ചു പോയതിലല്ല കാര്‍ത്തിയാനിയമ്മയ്ക്ക് വേവലാതി ...നശിച്ചവനെ പറിച്ചു വെച്ചപോലെ ഒരു വിത്തിനെ കൊടുത്തിട്ട് പോയതിലാണ് ...ഈ ചെക്കന്‍ കാരണമാണ് പുറത്തിറങ്ങാന്‍ പറ്റാതായ തെന്നവര്‍ അവര്‍ കരുതിപ്പോരുന്നു .... ..

"ഇന്ന് വടക്കേല് തള്ള നേരത്തെ തന്നെ തുടങ്ങിയല്ലോ ..."
അടുക്കള ഭാഗത്തേയ്ക്ക് വന്ന അമ്മയോടായി പറഞ്ഞു..

വാര്യത്തെ വീടിന്റെ നേരെ വടക്കേതാണ് രമയുടെ വീട് .വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരം മാത്രം.

"അതേ ..അതെ..ആ കൊച്ചിന്റെ കാര്യം ഒന്നോര്‍ത്താല്‍ കഷ്ടം തന്യാ ....ഏതു നേരവും അതിനെ തെറി വിളിക്കലാ തള്ളയ്ക്കു പണി ..തരം കിട്ടിയാല്‍ മേല് നോവിക്കുകേം ചെയ്യും ..
തന്ത ഇട്ടേച്ചു പോയേന് അതെന്തു പിഴച്ചു . ഒന്നുവില്ലേല് അതൊരു പൊടിക്കുഞ്ഞാണെന്നോര്‍ക്കണം .
അയാള് ഇപ്പൊ വരാറേ ഇലേ അമ്മേ .? "
പല്ല് തേക്കുന്നതിനിടയില്‍ ഉമ ചോദിച്ചു .
"ആ ! ആര്‍ക്കറിയാം ...പെണ്ണ് വീട്ടീ വന്നു നിക്കാന്‍ തുടങ്ങിയതീപ്പിന്നെ നമ്മളുമായിട്ടു വലിയ സഹകരണമൊന്നുമില്ല അവിടാര്‍ക്കും ..നാണക്കേടോര്‍ത്തിട്ടാകും...ഒന്നു കിട്ടിയാല്‍ ഒമ്പതാക്കി പറേന്ന നാട്ടുകാരേം പേടിക്കണോല്ലോ..എങ്ങനെ നടത്തിയ കല്യാണമായിരുന്നു ആ കൊച്ചിന്റേത്..സ്വര്‍ണോം ..പണോം ഒട്ടും കുറവില്ലാതെ കൊടുത്തയച്ചതാ ..മാളിയേക്കല്‍ തറവാടിന്റെ നിലേംവെലേം നല്ലോണം കാത്തു തന്നാ ശ്രീധരന്‍ മോളെ പറഞ്ഞയച്ചത് ..എന്നിട്ടും ............"
അവര്‍ പകുതിയില്‍ നിര്‍ത്തി ..
"അയാള്‍ക്ക്‌ ദുബായിലാ പണീന്ന് പറഞ്ഞല്ലേ കല്യാണം നടത്ത്യേ ..? "
ഉമ എന്തോ ഓര്‍ത്തിട്ടെന്നോണം ചോദിച്ചു..
"അതേ ..പക്ഷേങ്കീ ..കല്യാണം കഴിഞ്ഞു കൊല്ലം നാലായിട്ടും അവന്‍ പിന്നേ തിരിച്ചു പോയിട്ടില്ലാല്ലോ ..അവിടെന്തോ വശപ്പിശകായിട്ടു വന്നാ കല്യാണം കൂടീതെന്നാ ആള്‍ക്കാര് പറേന്നെ ..കള്ളും , കഞ്ചാവുമായിട്ട് ആ പെണ്ണിന് ഒരു സ്വൈര്യവും കൊടുക്കണില്ലായിരുന്നത്രേ !
നമ്മുടെ കളത്തിലെ ശ്രീദേവീടെ മോളെ അയച്ചിരിക്കുന്നത് അതിനടുത്തല്ലേ ..അവര് പറഞ്ഞുള്ള അറിവാ.........
ചക്കേം മങ്ങേം പോലെ മനുഷ്യന്റെ ഉള്ളു തുരന്ന് നോക്കാന്‍ പറ്റുമോ? ആ പെണ്ണിന്റെ ഒരു തലേ വര ..! അല്ലാതെന്തു പറയാന്‍ ! അല്ലങ്കീ എത്ര നല്ല ആലോചനകള് വന്നതാ ..
'പെണ്ണിന്റെ കഴുത്തേ താലി ച്ച രട് വീഴുന്നത് വിധി പോലെ ' എന്ന് പണ്ടുള്ളോര് പറേന്നെ എത്ര ശരിയാ ..."
അമ്മിണിയമ്മ പാത്രം മോറിക്കൊണ്ട്‌ പറഞ്ഞു ..

"അവളെക്കാള്‍ രണ്ടു കൊല്ലം മുന്പയച്ചതാ നിന്നേം ........................
അവര്‍ പറയേണ്ടിയിരുന്നില്ലാ എന്ന മട്ടില്‍ ഉമയെ നോക്കി ..പിന്നേ തല താഴ്ത്തി അകത്തേയ്ക്ക് നടന്നു..
ഉമയുടെ മുഖം പൊടുന്നനെ വിവര്‍ണ്ണമായി ..
ശരിയാണ് ..തന്റേം വിശ്വേട്ടന്റെം വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലം കഴിഞ്ഞിരിക്കുന്നു ...ഒരു കുഞ്ഞിന്റെ കളിക്കൊഞ്ചല്‍ കേള്‍ക്കാനുള്ള ഭാഗ്യം ദൈവം ഇത് വരെ തന്നില്ല ..രണ്ടു പേര്‍ക്കും ഒരു കുഴപ്പവുമില്ലെന്നു കണ്ട ഡോക്ടര്‍മാരൊക്കെ മാറി മാറിപ്പറഞ്ഞു ....
പൂജയും മന്ത്രങ്ങളും മുറ തെറ്റാതെ മറ്റൊരു വഴിക്കൂടെയും ...
എന്നിട്ടും മനസ്സ് നീറ്റാന്‍ മാത്രമായിരുന്നു വിധി..
'"നമ്മുടെ മാവും ഒരു നാള്‍ പൂക്കും ഉമേ ...നീയിങ്ങനെ മനസ്സ് വിഷമിപ്പിക്കാതെ" .......
വിശ്വേട്ടന്റെ ഒരി സ്ഥിരം പല്ലവിയായിട്ടു മാറിയിട്ടുണ്ട് ഇത് ....
തന്നെ ആശ്വസിപ്പിക്കാന്‍ പറെന്നതോ ..അതോ സ്വയം ആശ്വസിക്കുന്നതോ ? അറീല്ല ...പാവം ..

ഉമ പെട്ടെന്ന് രമേയെയും കുഞ്ഞിനേം കുറിച്ചാലോചിച്ചു ....
അവരാണെങ്കില്‍ ആ കുഞ്ഞിനെ ക്കൊണ്ട്‌ പൊറുതി മുട്ടിയിരിക്കുന്നു ...
നാട്ടുകാരുടെ ചോദ്യം ചെയ്യല്‍ പോലെയുള്ള അന്വേഷണങ്ങള്‍ അവരെ പൊറുതി മുട്ടിച്ചിരിക്കുന്നു......
ആളുകളെ പേടിച്ചെന്നോണം അവള്‍ അമ്പലത്തില്‍ പോലും പോകാറില്ലെന്ന് തോന്നുന്നു ... ..
അല്ലെങ്കില്‍ സഹതാപവും ..പരിഹാസവും കലര്‍ന്ന ആശ്വസിപ്പിക്കലുകളെ അവള്‍ വെറുത്തു തുടങ്ങിയിട്ടുണ്ടാവും .....

ഒരു തരത്തില്‍ ഇത് തന്നെയല്ലേ തന്റെയും അവസ്ഥ ....ഇവിടെ വന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ വരുന്നവരുടെം പോകുന്നവരുടെം ചോദ്യശരങ്ങള്‍ ..
ഇത് വരേം ഒന്നുമായില്ല അല്ലേ ...?..ഇപ്പഴും ട്രീട്മെന്റിലാണോ ? വിശ്വന്‍ പിന്നെ ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയില്ലേ ?
എല്ലാ ചോദ്യങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്നത് ഒരുത്തരത്തിലേക്കുള്ള വഴി മാത്രം ..
ദൈന്യതയുടെ കരുവാളിപ്പുള്ള ആ ഉത്തരം ..അത് കേള്‍വിക്കാരന് പകര്‍ന്നു നല്‍കുന്ന ഒരുതരം സംതൃപ്തി ..!
"അം ...മ്മേ .."
വിറച്ചു ..വിറച്ചുള്ള ആ വിളികേട്ടാണ് ഉമ തിരിഞ്ഞു നോക്കിയത് ...
തൊട്ടു പിന്നില്‍ ആ കൊച്ചു മിടുക്കന്‍ ..രമയുടെ നാല് വയസുകാരന്‍ അപ്പു ..
ഒരു നിമിഷം ഉമ തരിച്ചു നിന്നുപോയി ............
"എന്താ മോന്‍ വിളിച്ചേ ...കേക്കട്ടെ ..ഒന്നൂടെ വിളിച്ചേ !..."
വര്‍ഷങ്ങളുടെ പ്രാര്‍ഥനയില്‍ കേള്‍ക്കാന്‍ കൊതിച്ച വാക്ക് കേട്ട് ഉമയുടെ ശബ്ദം ഇടറിയിരുന്നു .........
ആ കുസൃതിക്കുരുന്നിനെ എടുത്തുയര്‍ത്തി നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ പ്രസവിക്കാത്ത ഒരമ്മയുടെ നെഞ്ചു ചുരന്ന വാത്സല്യം തേന്‍മഴയായ് പെയ്തിറങ്ങി ................
....................................................

ചുവന്ന വാക്കുകള്‍

പണ്ടത്തെ മൊഴികളില്‍
താളം മറന്ന ഈണങ്ങളില്‍
നിന്‍ നെഞ്ചിലെ തുടിപ്പായ്
എന്‍റെ നേര്‍ക്കൊഴുകിയ വാക്കുകള്‍
എന്നെയാകെ മൂടിപ്പരന്നു തളംകെട്ടിയപ്പോള്‍,
ഉയിരിന്‍ ശ്വാസഗതി തേടിപ്പിടഞ്ഞോരെന്‍
ഇടനെഞ്ചു പൊട്ടിച്ചിതറിത്തെറിച്ചതും
നിന്‍ കരളു കുത്തി ചോരചീറ്റിച്ച കൂര്‍ത്ത വാക്കുകള്‍ .

ഇന്ന്, എന്‍റെ ചോര വീണു ചുവന്ന തീരങ്ങളില്‍
മൌനം ശവച്ചെണ്ട കൊട്ടി ആറടി മണ്ണ് വെട്ടുമ്പോള്‍
പരസ്പരം ഒളികണ്ണെറിഞ്ഞു കഴുകനും കുറുക്കനും
ഇര എന്‍റെയെന്ന് വിശപ്പിന്‍റെ ബുദ്ധിയില്‍ തീറെഴുതി
പതുങ്ങിപ്പതുങ്ങി എന്‍നേര്‍ക്ക്‌ മത്സരിച്ചടിവെച്ചടുക്കവേ...

പണ്ട്‌ നിന്നോട് പറയാനറച്ച പ്രണയ മൊഴികള്‍,
കവര്‍പ്പാല്‍ ചവച്ചു തുപ്പിയ പുളിച്ച വാക്കുകള്‍,
ഇന്നെന്നെ പൊട്ടിയൊലിച്ചൊഴുകി ചാല് തീര്‍ക്കും
വിഷരക്തത്തില്‍ മുങ്ങിമരിച്ചുറുമ്പരിക്കുന്നു..!!

ഇര...

പരസ്പരം വല വിരിച്ച
വിഷച്ചിലന്തികള്‍ നമ്മള്‍ .
എന്നില്‍ നിന്ന് നിന്നിലേക്കും
നിന്നില്‍ നിന്ന് എന്നിലേക്കും
അതിര് തീര്‍ത്ത്, ഒട്ടുന്ന നൂല്‍വല.
ചില നൂലുകള്‍ക്ക്‌ ദിശയറിയാത്ത
വിശപ്പിന്‍റെ പരവേശത്തുള്ളല്‍ .
ചിലത്, വെറുപ്പിന്‍റെ പിരിമുറുക്കം
കപട സ്നേഹത്തിന്‍റെ പുഴുക്കുത്തില്‍
തേന്‍ പുരട്ടിയ ചിരിനൂലുകള്‍ വേറെ .
ഭയത്താല്‍ വിറയ്ക്കുന്ന പിഞ്ചിയ നൂലുകള്‍,
കാമം വിജ്രിംഭിക്കുന്ന കറുത്ത നൂലുകള്‍
ചതി മണക്കുന്ന മറനൂലുകള്‍ക്ക് പല നിറം.
ഏതെങ്കിലുമൊരു നൂലിലൊട്ടി ഒരിര
എല്ലായ്പ്പോഴും പിടയ്ക്കുന്നുണ്ടാവും ;
നിന്നെയെനിക്കൊരുപാടിഷ്ടമാണെന്ന്
നിന്നില്‍ നിന്നൊരു ചുടുനിശ്വാസം..
ചിലപ്പോഴൊക്കെ എന്നില്‍ നിന്ന് തിരിച്ചും ...

നിലനില്‍പ്പിന്‍റെ രാഷ്ട്രീയം

അമ്മാളൂനെ പെണ്ണുകാണാന്‍ സഖാവ് കുമാരന്‍ വന്നത്
മൂന്നാം ലോകരാജ്യങ്ങള്‍ക്കുമേല്‍ സാമ്രാജ്യ ശക്തികളുടെ
അധിനിവേശത്തിനെതിരെ പാര്‍ട്ടിയുടെ വെറുപ്പിന്‍റെ
പ്രതീകമായയൊരു ഹര്‍ത്താല്‍ ദിനത്തില്‍..

കൂടെ വന്ന കാര്‍ന്നോന്മാര്‍ ചെങ്കൊടി ഉയര്‍ത്താഞ്ഞത് കൊണ്ടും
അമ്മാളൂനു അടുക്കളേന്നരങ്ങത്തേയ്ക്ക് വരവില്ലാഞ്ഞത് കൊണ്ടും
ശീതസമരങ്ങള്‍ക്ക് വേദിയൊരുങ്ങാതൊരു പുടവ കൊടുപ്പ് ,
അമ്മാളു - കുമാരന്‍ മുന്നണിക്ക്‌ അന്ന് മുതല്‍ പൊതു അജണ്ട .

പൊതുമിനിമം പരിപാടി മുഖമുദ്രയാക്കി ദാമ്പത്യശകടം
കുണ്ട്കുഴികള്‍ അറിഞ്ഞുമാറി അതിവേഗം ബഹുദൂരം പിന്നിട്ടു.
സഹവര്‍ത്തിത്തം സമത്വത്തിലേക്കുള്ള വഴി തുറക്കുന്നുവെന്ന
വിശ്വാസ സംഹിതയിലടിയുറച്ചു വിശ്വസിച്ചത് കൊണ്ട് മാത്രം
അമ്മാളു ചന്തയ്ക്കു പോന്ന നേരം നോക്കി വാതില്‍ മുട്ടുന്ന,
അവള്‍ക്കു താഴെയുള്ളോളെക്കൂട്ടി കുമാരന്‍ അറവാതിലടച്ചുപോന്നു .

തലതെറിച്ചുണ്ടായ മൂത്ത ചെക്കന്‍ തന്തയെ കടത്തി വെട്ടി
നാട്ടാരുടെ തലയുംകൊത്തി നക്സല്‍ കുപ്പായത്തില്‍ തുള്ളിവിറച്ചു.
അച്ഛനുമേട്ടനും ചരിത്രപരമായ വിഡ്ഢിത്തമെന്നുറച്ച നാള്‍
ഇളയ പെണ്ണൊരുത്തി ചിട്ടിക്കാരന്‍ അണ്ണാച്ചിക്കൊപ്പം കൂറുമാറി.

കാക്കിയേമ്മാന്മാരുടെ 'തുപ്പാക്കി' നിനച്ചിരിക്കാതെ തീതുപ്പി
സീമന്തപുത്രന്‍റെ നെഞ്ചിന്‍കൂട് തുളയിട്ടു പാഞ്ഞപ്പോഴും,
പണ്ട്‌ കൂറുമാറിപ്പോയവള്‍ നാവടക്കി മൂക്കില്‍ പഞ്ഞിതിരുകി
വെള്ളത്തുണിയില്‍ പുതച്ചുമൂടി ഉമ്മറത്ത്‌ കിടന്നപ്പോഴും
അമ്മാളുവിന്റെ മിഴി തുളുമ്പി നീര്‍ച്ചാല് പൊട്ടിയില്ല !
രക്തസാക്ഷിയുടെ മാതൃത്തത്തിന് കണ്ണീര് ഭൂഷണമല്ലെന്ന്
സഖാവ് കുമാരന്‍ പണ്ടേ പഠിപ്പിച്ചിരുന്നു .

നേതൃനിരയിലെ തിരുവായ് മൊഴികള്‍,ഉള്‍പ്പാര്‍ട്ടി ജനാധിപത്യം
തലയ്ക്കു മുകളില്‍ തൂങ്ങുന്ന വാളെന്നറിഞ്ഞു പ്രവര്‍ത്തിച്ചപ്പോള്‍
കുമാരന്‍ സഖാവ് ,പാര്‍ട്ടിപ്പത്രത്തിലെ ചരമക്കോളത്തില്‍ ചിരിച്ചിരുന്നു .
ചെങ്കൊടിയും ഇങ്കുലാബും ജന്മാവകാശാമെന്നു വിളിച്ചു കൂവി
സഖാവ് കുമാരന്‍ കൊടിമരത്തിലെ കയര്‍ക്കുടുക്കില്‍ ഊഞ്ഞാലാടി !

തനിച്ചാക്കി തോല്‍പ്പിക്കാന്‍ മാത്രം ലോകവിവരമില്ലാത്ത
നാടന്‍ പെണ്‍കൊടിയല്ലെന്ന് തെളിയിക്കാന്‍ പിറ്റേന്നാള്‍ -
അമ്മാളു മുറ്റത്തെ കിണറിന്‍റെ ആഴമൊന്നളന്നു !

അതിജീവനമൊന്നുമാത്രമാണ് ജീവിത വിജയത്തിനുതകുന്ന
കാലിടറാത്ത രാഷ്ട്രീയ സമവാക്യമെന്നറിയിച്ച്
ഒരു തെരുവ് പട്ടിക്കും പിടികൊടുക്കാതെ
അമ്മാളുവിന്‍റെ പൂച്ച മാത്രം തെരുവ്തോറും
മ്യാവൂ മ്യാവൂ മൂളി നടന്നു ...............

കണ്ണാടി

ജ്വലിക്കുന്ന സൂര്യനെ പ്രതിരൂപമാക്കി
കറങ്ങുന്ന മണ്ണിന്റെ അതിരളക്കാന്‍
അഹമെന്നൊരശ്വത്തിലേറി കുതിക്കവേ,
മുന്നിലും പിന്നിലും വഴിമുടക്കുന്നോര്‍ തന്‍
ശിരസ്സുകള്‍ ഉടലറ്റ് നിലവിളിക്കും !
കാതു പൊത്തി , കണ്ണ് മൂടി
കരളിന്നു മീതേ ഉരുക്കിന്‍ പുതപ്പിട്ട്
വിശ്വം ഭരിക്കാന്‍ കുതികുതിക്കും .
വഴിയിലൊരുനാള്‍ കാലമാം -
ഇരുളിന്റെ നിഴല്‍ തീര്‍ത്ത കുഴിയില്‍
കാലിടറി നീ വീണു പിടയും .
പുളയുന്ന വേദനയില്‍ ഉടല്‍ വിറയ്ക്കെ
ഒരു കൈയ് തന്നുയര്‍ത്താന്‍
നിന്‍ നിഴല്‍ മാത്രമെന്നറിയും .
മുടന്തനാം കഴുതതന്‍ ഉടലേറി
ഓര്‍മ്മകള്‍ പിന്നിലേക്കിടറി വീഴും.
നീരറ്റ കണ്ണിലെ കനിവു തേടി
പണ്ട് നിന്‍ തുളവീണ കാതില്‍
ചിലമ്പി ചിതറിയ നിലവിളികള്‍
ഉരുക്കിന്‍ പടച്ചട്ട കുത്തിത്തുളച്ചു
നിന്‍ കരളു കൊത്തിപ്പറിക്കും .
മണ്ണിനെ മൂടിപ്പടരും കൊടും വേനലിന്‍
ഉഷ്ണത്തിളപ്പില്‍ വെന്തുരുകി നീ
കുടിനീര് തേടി മണ്ണിലൂടലയും .
നാവു നീട്ടി പുഴുത്ത നായയെപ്പോല്‍
കിതയ്ക്കും നിന്റെ മുന്നില്‍ കബന്ധങ്ങള്‍ -
കുഴി കുത്തി കുമ്പിളില്‍ ചീഞ്ഞ രക്തം
നിറച്ചിതുനിനക്കെന്നുച്ചത്തില്‍ വിളിച്ചു കൂവും ..
കൊതിച്ചതിന്‍ മീതേ കാലം വിധിച്ചതും
പേറി നടന്നു നിന്‍ കാലു പൊള്ളും .
നെഞ്ചോടണച്ച ഭാന്ണ്ടത്തിലെല്ലാമടക്കി
നിന്നെക്കടന്നുപോം ഭ്രാന്തന്റെ പാട്ടിലെ
കറയറ്റ സ്നേഹത്തിന്‍ മധുമൊഴി ,
പണ്ട്‌ നിന്‍ ഹൃദയത്തില്‍ മുളയിട്ടു മുരടിച്ച
കവിതയെന്നോര്‍ത്തു നീ വിതുമ്പും ..!

കറുപ്പും വെളുപ്പും

സൗഹൃദം, ഒരുനാള്‍ പൊട്ടിത്തെറിക്കാന്‍
വെമ്പിനില്‍ക്കുന്നൊരഗ്നിപര്‍വതം പോലെയാണ്.
ഉള്‍ത്തടം തിളച്ചു മറിയുമ്പോഴും പുറന്തോട് പരന്ന് -

കിടക്കുന്ന ശാന്തത വിളിച്ചു പറയും ,

പഴയ മുത്തശ്ശി മൊഴി ;
'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട'.
ഉള്ളിലെ കുറുക്കന്‍ പല്ലിറുമ്മുമ്പോഴും
വെളുക്കെച്ചിരിച്ച് തേന്‍മൊഴി ചൊരിയും,
ഇരുമെയ്യില്‍ നമ്മളൊറ്റമനമെന്ന് .
ഒടുവിലെന്‍റെ നടവഴിയില്‍

നീ കൂര്‍ത്ത മുള്ളാകുമ്പോള്‍
നിന്‍റെ ചിരിക്കുന്ന മുഖം എന്നില്‍ ഭാരമേറ്റുമ്പോള്‍
തിളയ്ക്കുന്ന ലാവപോല്‍ നിന്നെ

ചുടുന്നൊരുപൊട്ടിയൊലിക്കലുണ്ട്;
അംശവും ച്ഛേദവും തലകുത്തിമറിയുന്ന
വ്യുല്‍ക്രമ ഗണിതത്തിലെ -
എണ്ണം പറഞ്ഞൊരു വെട്ടിക്കളയല്‍..

അവള്‍ കൊല്ലപ്പെട്ടു .

അവള്‍ കൊല്ലപ്പെട്ടതിന്
ഞാന്‍ തൂക്കിലേറ്റപ്പെടണമെന്ന്
വല്ലാണ്ട് വാശിപിടിക്കുന്നുണ്ട് ചിലര്‍ .
അവളുടെ മാറില്‍ തറച്ചു നിന്ന
കത്തിപ്പിടിയില്‍ നിന്നിറ്റുവീണ
ചോരത്തുള്ളികളോരോന്നും 'പ്രതി ' -
ഞാനെന്നടക്കം പറയുന്നുണ്ടായിരുന്നത്രേ !
പക്ഷേ, അവരാരും കണ്ടിരുന്നില്ല;
അവളുടെ മിടിക്കുന്ന ചങ്കിലേക്ക്‌ പലകുറി
വിശ്വാസത്തിന്‍റെ തേന്‍ പുരട്ടി
ഞാന്‍ ചൊരിഞ്ഞ സ്നേഹം
കൊടും ചതിയില്‍ ശ്വാസംമുട്ടി
ചോരതുപ്പി പിടഞ്ഞു വീഴുന്നത്.
എങ്കിലും ഞാന്‍ തര്‍ക്കിക്കുന്നില്ല
കൊലയാളി ശിക്ഷിക്കപ്പെടേണ്ടവന്‍ തന്നെ..
പഴയ നിയമപുസ്തകത്തിലെ
ഇനിയും ചിതല്‍ വിഴുങ്ങിയിട്ടില്ലാത്ത
അടിവരയിട്ട കറുത്ത വാക്കുകള്‍
ഉറക്കെ വിളിച്ചു പറഞ്ഞുകൊള്ളുക.
എന്റെ കഴുത്തില്‍ കുരുക്കിട്ടു
വലിച്ചു മുറുക്കുമ്പോള്‍ -
നിങ്ങള്‍ വിരലിലെണ്ണിത്തുടങ്ങുന്ന
നെഞ്ചിടിപ്പിനൊപ്പം കേള്‍ക്കാം ,
പണ്ടവളുടെ ഹൃദയഭിത്തിയില്‍
തട്ടിത്തെറിച്ചെന്നെ നോക്കി
കൊഞ്ഞനം കുത്തിയ
കുറേ ദ്രവിച്ച വാക്കുകള്‍ !

'ബോണ്‍സായ് '

'ബോണ്‍സായ് '

ഞാന്‍, കഴുത്തില്‍ കുരുക്കു വീണവള്‍
അടികൊണ്ടു പുളയുമ്പോള്‍ ചില നേരം
പട്ടിയെപ്പോലെ മോങ്ങുന്നവള്‍.
മോഹങ്ങള്‍ക്കുമേല്‍ ആക്രോശത്തിന്റെ
ഭാരമമരുമ്പോള്‍ പുഴുവിനെപ്പോല്‍
ഞെരിഞ്ഞു ചുരുളുന്നവള്‍ .
പകലന്തിയോളം അടുക്കളയ്ക്കുള്ളിലെ
നീറുന്ന പുകയില്‍ വെന്തുരുകുമ്പോഴും
സീമന്ത രേഖയിലെ സിന്ദൂരതിലകം
മഹാ പുണ്യമെന്നോര്‍ത്തു മുറതെറ്റാതെ,
ആഴ്ചവ്രതം നോല്‍ക്കുന്നോള്‍.
പിറന്ന വീടും, പിച്ചവെച്ച മണ്ണും
പെണ്ണിന് തന്‍ തനു
വളരുവോളം മാത്രമത്രേ.
കലങ്ങിയ കണ്ണിലെ നീരൊപ്പി
നെഞ്ചോടണച്ച് പിന്‍കഴുത്തിലുമ്മവെച്ച്‌
യാത്രാമൊഴിപോലന്നമ്മ കാതിലോതി -
'താലിതന്‍ മഹത്വം കാക്കണമെന്നാളും
അതിനായ് ഭൂമിയോളം ക്ഷമിക്കണമാകുവോളം.'
മൂര്‍ദ്ധാവിലൊരശ്രു ചുംബനം നല്‍കി
അച്ഛന്‍ ചൊരിഞ്ഞതും 'മനു മന്ത്രം'-
' ഭര്‍ത്താരക്ഷതി യൌവ്വനെ'
എല്ലാ സഹന മന്ത്രങ്ങളും നെഞ്ചോടടക്കി
ഞാനിന്നൊരു മനസ്സ് മുരടിച്ച 'ബോണ്‍സായ് ' മരം

അകംപൊരുള്‍

ഉറക്കം വരാത്ത രാത്രികളില്‍
മുറിയിലെ അരണ്ട വെളിച്ചത്തില്‍
അവ്യക്തമായ്‌ ചില നിഴലനക്കങ്ങള്‍.
മൂകയാം രാവിന്നു മീതേ ഓളമിട്ട് ,
അകലെയെങ്ങോ നിന്നൊരു ചിലമ്പിച്ച
നിലവിളിയുടെ മാറ്റൊലി .
മുറ്റത്തെ വയസ്സന്‍ മാവിന്റെ
തൊലി ചുളുങ്ങിയ തളര്‍ന്ന ചില്ലകളില്‍
ഭ്രാന്തന്‍ കാറ്റിന്റെ ഉന്മാദ നൃത്തം!
ഇരുള്‍ മൂടിയ വഴിത്താരകളില്‍
മണ്ണില്‍ കണ്ണുനട്ട് ഏകനായ് നടക്കവേ
പിന്നിലാരോ പൊട്ടിച്ചിരിക്കുന്നപോലെ.
ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കവേ
കട്ട പിടിച്ച കറുപ്പില്‍നിന്ന് -
പുഴുനുരയ്ക്കും പോല്‍ ഭയം
നിലംതൊടും കാലിലൂടരിച്ചരിച്ച്.
ഛെ ! ദൈവോം പിശാചും
പ്രേതവും ഭൂതവും ഭാവീമെല്ലാം
ദുര്‍ബല മനസ്സിന്റെ പിന്നാമ്പുറങ്ങളിലെ
യുക്തിക്ക് നിരക്കാത്ത പൊട്ടത്തരങ്ങളെന്ന്
പലവുരു പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തി
പകല്‍ മുഴുവന്‍ മാളോരുടെ കാതുകളില്‍
അവിശ്വാസത്തിന്റെ ഈയമുരുക്കിയൊഴിക്കാന്‍
പെടാപ്പാട്പെടുന്ന ഞാനോ ഇങ്ങനെ, ഛെ!
ഒടുവിലിന്നലെ പേരാല്‍ച്ചുവട്ടിലെ
മുത്തിയുടെ കോവിലില്‍ നാലാള് കാണാതെ
പൂജിച്ചുകിട്ടിയ കറുത്ത ചരട്
പഴയ അരഞ്ഞാണപ്പാടിന്നു മീതേ വലിച്ചു കെട്ടി .
ഇനീപ്പോ ഇരുളില്‍ ഭയം തീണ്ടാതെ
കാറ്റിന്റെ മാറ്റൊലിയില്‍ ഉടല്‍ വിറയ്ക്കാതെ
യുക്തിവാദത്തിന്റെ നാറുന്ന
നീളന്‍ കുപ്പായത്തിനു കുറുകെ
പിഞ്ചിയ വിശ്വാസ നൂല്‍സഞ്ചി
വലിച്ചിട്ട് ,നാല്‍ക്കവലതോറും
ശിവനെയും നബിയെയും ബുദ്ധനേം ക്രിസ്തൂനേം
എല്ലില്ലാ നാവിന്‍ മൂര്‍ച്ചയാല്‍ കടിച്ചു കീറി
എല്ലാറ്റിനും മീതെയൊരു 'തത്വമസി' പ്രമാണം !

'രസ'തന്ത്രത്തില്‍ നിന്ന് ഗണിതത്തിലേക്ക്

പണ്ട്‌ ,
നീ, തിളയ്ക്കുന്ന രാസലായനി
ഞാന്‍, നിന്നിലലിയാന്‍ -
വീര്‍പ്പുമുട്ടുന്ന ലോഹക്കഷണം.
വികാരമാം രാസത്വരകം
എന്നെ നിന്നില്‍ ലയിപ്പിച്ച് ,
നുരഞ്ഞു പതഞ്ഞ് നാമൊടുവില്‍
വിശ്വാസത്തിന്‍റെ സ്ഥിര-
സംയുക്തമെന്നുറച്ചപ്പോള്‍ ,
ഒരു വേള മറന്നു പോയ്‌
അതൊരുഭയദിശാ പ്രവര്‍ത്തനമെന്ന് !

ഇന്ന്,
നാം, പൈതഗോറസിന്‍റെ
മട്ടത്രികോണത്തിലെ ഭുജങ്ങള്‍..
ഞാന്‍ വാടിത്തളര്‍ന്ന 'പാദം'
എനിക്കു ലംബമായ് ജ്വലിച്ചങ്ങനെ നീ !
പാദത്തില്‍ നിന്നു ലംബത്തിലേക്കൊരു-
നീണ്ട വര - 'വെറുപ്പ്‌ ' .