Friday, December 17, 2010

നിലനില്‍പ്പിന്‍റെ രാഷ്ട്രീയം

അമ്മാളൂനെ പെണ്ണുകാണാന്‍ സഖാവ് കുമാരന്‍ വന്നത്
മൂന്നാം ലോകരാജ്യങ്ങള്‍ക്കുമേല്‍ സാമ്രാജ്യ ശക്തികളുടെ
അധിനിവേശത്തിനെതിരെ പാര്‍ട്ടിയുടെ വെറുപ്പിന്‍റെ
പ്രതീകമായയൊരു ഹര്‍ത്താല്‍ ദിനത്തില്‍..

കൂടെ വന്ന കാര്‍ന്നോന്മാര്‍ ചെങ്കൊടി ഉയര്‍ത്താഞ്ഞത് കൊണ്ടും
അമ്മാളൂനു അടുക്കളേന്നരങ്ങത്തേയ്ക്ക് വരവില്ലാഞ്ഞത് കൊണ്ടും
ശീതസമരങ്ങള്‍ക്ക് വേദിയൊരുങ്ങാതൊരു പുടവ കൊടുപ്പ് ,
അമ്മാളു - കുമാരന്‍ മുന്നണിക്ക്‌ അന്ന് മുതല്‍ പൊതു അജണ്ട .

പൊതുമിനിമം പരിപാടി മുഖമുദ്രയാക്കി ദാമ്പത്യശകടം
കുണ്ട്കുഴികള്‍ അറിഞ്ഞുമാറി അതിവേഗം ബഹുദൂരം പിന്നിട്ടു.
സഹവര്‍ത്തിത്തം സമത്വത്തിലേക്കുള്ള വഴി തുറക്കുന്നുവെന്ന
വിശ്വാസ സംഹിതയിലടിയുറച്ചു വിശ്വസിച്ചത് കൊണ്ട് മാത്രം
അമ്മാളു ചന്തയ്ക്കു പോന്ന നേരം നോക്കി വാതില്‍ മുട്ടുന്ന,
അവള്‍ക്കു താഴെയുള്ളോളെക്കൂട്ടി കുമാരന്‍ അറവാതിലടച്ചുപോന്നു .

തലതെറിച്ചുണ്ടായ മൂത്ത ചെക്കന്‍ തന്തയെ കടത്തി വെട്ടി
നാട്ടാരുടെ തലയുംകൊത്തി നക്സല്‍ കുപ്പായത്തില്‍ തുള്ളിവിറച്ചു.
അച്ഛനുമേട്ടനും ചരിത്രപരമായ വിഡ്ഢിത്തമെന്നുറച്ച നാള്‍
ഇളയ പെണ്ണൊരുത്തി ചിട്ടിക്കാരന്‍ അണ്ണാച്ചിക്കൊപ്പം കൂറുമാറി.

കാക്കിയേമ്മാന്മാരുടെ 'തുപ്പാക്കി' നിനച്ചിരിക്കാതെ തീതുപ്പി
സീമന്തപുത്രന്‍റെ നെഞ്ചിന്‍കൂട് തുളയിട്ടു പാഞ്ഞപ്പോഴും,
പണ്ട്‌ കൂറുമാറിപ്പോയവള്‍ നാവടക്കി മൂക്കില്‍ പഞ്ഞിതിരുകി
വെള്ളത്തുണിയില്‍ പുതച്ചുമൂടി ഉമ്മറത്ത്‌ കിടന്നപ്പോഴും
അമ്മാളുവിന്റെ മിഴി തുളുമ്പി നീര്‍ച്ചാല് പൊട്ടിയില്ല !
രക്തസാക്ഷിയുടെ മാതൃത്തത്തിന് കണ്ണീര് ഭൂഷണമല്ലെന്ന്
സഖാവ് കുമാരന്‍ പണ്ടേ പഠിപ്പിച്ചിരുന്നു .

നേതൃനിരയിലെ തിരുവായ് മൊഴികള്‍,ഉള്‍പ്പാര്‍ട്ടി ജനാധിപത്യം
തലയ്ക്കു മുകളില്‍ തൂങ്ങുന്ന വാളെന്നറിഞ്ഞു പ്രവര്‍ത്തിച്ചപ്പോള്‍
കുമാരന്‍ സഖാവ് ,പാര്‍ട്ടിപ്പത്രത്തിലെ ചരമക്കോളത്തില്‍ ചിരിച്ചിരുന്നു .
ചെങ്കൊടിയും ഇങ്കുലാബും ജന്മാവകാശാമെന്നു വിളിച്ചു കൂവി
സഖാവ് കുമാരന്‍ കൊടിമരത്തിലെ കയര്‍ക്കുടുക്കില്‍ ഊഞ്ഞാലാടി !

തനിച്ചാക്കി തോല്‍പ്പിക്കാന്‍ മാത്രം ലോകവിവരമില്ലാത്ത
നാടന്‍ പെണ്‍കൊടിയല്ലെന്ന് തെളിയിക്കാന്‍ പിറ്റേന്നാള്‍ -
അമ്മാളു മുറ്റത്തെ കിണറിന്‍റെ ആഴമൊന്നളന്നു !

അതിജീവനമൊന്നുമാത്രമാണ് ജീവിത വിജയത്തിനുതകുന്ന
കാലിടറാത്ത രാഷ്ട്രീയ സമവാക്യമെന്നറിയിച്ച്
ഒരു തെരുവ് പട്ടിക്കും പിടികൊടുക്കാതെ
അമ്മാളുവിന്‍റെ പൂച്ച മാത്രം തെരുവ്തോറും
മ്യാവൂ മ്യാവൂ മൂളി നടന്നു ...............

No comments:

Post a Comment