Wednesday, March 24, 2010

മരണം (കൊല) !!

മരണം (കൊല)
******************

ബിസ്മി ചൊല്ലി
തല അറക്കാന്‍
വാള്‍ ഉയര്‍ത്ത്തവേ
ആട് അറവുകാരനോട്:
"തല ഉടലിനോടു
യാത്ര ചോദിക്കും മുന്‍പ്
എനിക്ക് ഇറ്റു വെള്ളമെങ്കിലും കിട്ടി.
നാളെ നിനക്കിതെങ്കിലും നല്‍കുമോ
തലയെടുക്കും മുന്‍പ്
നിന്‍റെ കൂട്ടര്‍" !!

ചരമം !!

ചരമം !!
********
കാലം തെറ്റി പെയ്തൊരു മഴയില്‍,
കാലു തെറ്റി വീണു
കാര്‍ന്നോര് ഇന്നലെ
കാലം പൂകി പോല്‍ .
ചിത ഒരുക്കാന്‍
തെക്കേത്തൊരു മാവില്ല..
പണ്ടു ഏറെ കൊതിപ്പിച്ച മാഞ്ചിയം
വെട്ടി കീറി മുറിക്കാം..
ഇനി ഏഴാം നാള്‍
വട്ടത്തില്‍ കൂടിയിരുന്നു
ചമ്മന്തി മുക്കി വട തിന്നു
സഞ്ചയന മഹാ മഹം.
തീര്‍ന്നില്ല,
പതിനാറിന് മാളോരെ
മുഴുവന്‍ വിളിച്ചു
പതിനാറു കൂട്ടം
ഇലയില്‍ വിളംബ്ബി
അടിയന്തിരം കെങ്കേമം ആക്കണം ..
നിമിഷത്തിനു ഡോളറുകള്‍ മുടിച്ചു
സായിപ്പിന്‍റെ നാട്ടില്‍ നിന്ന്
പറന്നെത്തിയ മക്കളൊക്കെ
അതിരറിയാത്ത പറബ്ബിന്റെ
വില്‍പത്രം ഓരോ തുണ്ട്
കോട്ടിന്റെ പോക്കെറ്റില്‍ തിരുകി
ഒരു ദിവസത്തെ നഷ്ട കണക്കിനെ
മനസ്സാ പഴിച്ച്
കോട്ടുവാ വിട്ടു
തിരിച്ചു പറക്കാനിറങ്ങി ..........

സുകൃത ക്ഷയം !!

സുകൃത ക്ഷയം
***************
നേരം ത്രിസന്ധ്യ,
മുത്തശ്ശിയുടെ നാമജപം
ചീവീടിന്റെ വിളി പോലെ
ഉയര്‍ന്നു താണ്, താണ് ഉയര്‍ന്നു ..
അകത്തെ മുറിയില്‍
അനിയന്‍ കുട്ടന്‍റെ
ഒന്നാം പാഠം
ഉച്ചത്തില്‍ നിലവിളിക്കുന്നു
രാ പകലറിയാതെ
അടുക്കളയിലെ ഇരുണ്ട
പുകയില്‍ അലിഞ്ഞു ചേര്‍ന്ന് അമ്മ.
മുറ്റത്ത്‌ പതിവ് പോലെ
അച്ഛന് നാല് കാലേല്‍
പെരുങ്കളിയാട്ടം ..
തൊടിയിലെ ഇരുട്ടില്‍
ഒന്‍പതാം ക്ലാസ്സുകാരിയുടെ
ഇളം മേനിയില്‍
അയലത്തെ ചേട്ടന്‍റെ
തായമ്പക തുടി താളം.
ഉമ്മറ പടിയില്‍
ഗൌളി ചിലച്ചു
സുകൃത ക്ഷയം
സുകൃത ക്ഷയം !!

കാറ്റ് പറഞ്ഞത് !!

കാറ്റ് പറഞ്ഞത് !!.........
*****************

വെള്ളപ്പരപ്പില്‍ ഒഴുകി നടന്ന,

പെണ്‍ പ്രേതത്തിന്റെ പള്ള

വല്ലാതെ വീര്‍ത്തിരുന്നു ..

പുഴ അലിവു കാട്ടി

വയര്‍ നിറച്ചതോ..

അതല്ല, ഏതോ പ്രൌഢ പാരമ്പര്യത്തിന്‍ -

പുരുഷ ബീജ കലവറ

പൊട്ടിയൊലിച്ചതൊ..!!

സദാചാരം !!

സദാചാരം
**********
പതിവ് പോലെ
കോഴിയും കാക്കയും
കൂകി കൂകി തളര്‍ന്നപ്പോള്‍
നിദ്രയോട് വിട പറഞ്ഞ്
വാടകകട്ടിലില്‍ കുന്തിച്ചിരുന്നു.
പല്ല് തേപ്പും, കുളീം
വെറും അന്ധ വിശ്വസമെന്നുറച്ചു-
വിശ്വസിച്ച് ,
തീട്ടവായില്‍ ചായകുടി ..
വിയര്‍പ്പു കൊണ്ട് അലക്കി അലക്കി
വെളുപ്പിച്ച കോട്ടിനുള്ളില്‍ കേറിപറ്റി
നാറ്റത്തെ മാളോരു മൂക്ക് പൊത്തും മണമാക്കി,
മുഖത്തെ കൊടുംകാട്ടിലിഴയും
കീടങ്ങളെ അറിഞ്ഞില്ലെന്നു നടിച്ച്
നേരെ ടൌണ്‍ ഹാളിലേക്ക്.
ഇനി ഒരുമണിക്കൂര്‍ കുഞ്ഞാടുകളെ ഉദ്ധരിക്കല്‍ ..
വിഹിതവും,അവിഹിതവുമായ എല്ലാത്തിനെയും
കീറിമുറിച്ച്‌ ,
ഇരുട്ടില്‍ തല മൂടി ഓടുന്ന
പകല്‍ വെളിച്ചത്തിലെ-
മാന്യ കോലങ്ങള്‍ക്ക്
വാക്ക് കൊണ്ട് കൊലവിളി നടത്തി,
തട്ട് പൊളിപ്പന്‍ പ്രസംഗം ..
സദസ്സിലെങ്ങും ആര്‍പ്പു വിളി ,
നിലയ്ക്കാത്ത കരഘോഷം ..
എല്ലാം ആസ്വദിച്ചു 'അമ്പട ഞാനേ' !!
എന്ന് ഉള്പുളകത്തോടെ പുറത്തേയ്ക്ക്.
കൈ നീട്ടി നെറ്റിയിലെ വിയര്പ്പൊപ്പിയ
വിരല്‍ത്തുമ്പില്‍ ഉടക്കിയൊരു നീളന്‍ മുടി,
അറ്റം ചുരുണ്ടൊരു
ചോദ്യ ചിഹ്നം പോലെ ....
കടിഞ്ഞൂല്‍ പേറിന്
കെട്ടിയോള് പോയിട്ട്
മാസം ഒന്നായി....
പിന്നെയീ നീളന്‍ മുടി..??
ഓ ....മറന്നു ..
തെക്കേലെ ലിസ്സീടെ കെട്ടിയോന്‍
ബംഗലൂരില്‍ പോയിട്ടും ,
മാസം ഒന്നായല്ലോ.....!!

ചന്ദ്രനില്‍ ജല മര്‍മ്മരം !!

ചന്ദ്രനില്‍ ജല മര്‍മ്മരം !!
*******************************

."ഇന്ന് ലാസ്റ്റ് ഡെയ്റ്റാണ് ...ഇന്നും കൂടി കഴിഞ്ഞാല്‍ അവര് ഫ്യൂസ് ഊരിക്കോന്ടു പൊയ്ക്കോളും ....പിള്ളേര്‍ക്ക് പരീകഷ അടുത്ത സമയമാണെന്ന് മറക്കണ്ട ...അല്ലേലും നിങ്ങക്ക് നാട്ടുകാരുടെ കാര്യോം പിന്നെയീ പത്രപാരായണോം മുറ തെറ്റാതെ നടക്കണോന്നല്ലേയുള്ളൂ .... ഇവിടുത്തെ കാര്യങ്ങള് എങ്ങനെ ആയാലെന്ത്... അല്ലെങ്കിലെന്ത്....."

കറന്റ് ബില്ല് അടയ്ക്കാന്‍ വൈകിയത് ഓര്‍മ്മപ്പെടുത്തിയതാണ് എന്‍റെ പ്രിയതമ ...ഒരു കുടക്കീഴില്‍ പൊറുതി തുടങ്ങിയ അന്ന് മുതല്‍ അവളും മുറ തെറ്റാതെ കൊണ്ടു പോകുന്നുണ്ട് ഈ പരാതിപ്പെട്ടി.കോം പരിപാടി. ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മ എന്ന ബഹുമതി കൂടി ആയപ്പോള്‍ പരിദേവനങ്ങള്‍ക്ക് 'പക്വത' എന്ന ഗൌരവം കൂടി കൈ വന്നിരിക്കുന്നു..

അവളുടെ എല്ലാ പരിഭവങ്ങളും ചെന്നവസാനിക്കുന്നത് എന്‍റെ പൊതു ജനസേവനത്തിലും, അത് വീട്ടു കാര്യങ്ങളെ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളി മാറ്റുന്നതിലുമാണ്.... അവള്‍ പറയുന്നതില്‍ ചില്ലറ കാര്യമുണ്ടെങ്കിലും 'തികച്ചും നിരുത്തരവാദിയായ ഭര്‍ത്താവ്' എന്ന പദവി ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന എന്‍റെ നയം പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്.. 'ലാസ്റ്റ് ഡെയ്റ്റ് ' എന്ന ആക്രോശം കൂടുതല്‍ അനിഷ്ട സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തിയതിനാല്‍ ഞാന്‍ നേരം വൈകാതെ ബില്ല് അടയ്ക്കാന്‍ പുറപ്പെട്ടു ...

"പോരുമ്പോള്‍ പച്ചക്കറി എന്തേലും കൂടി നോക്കിക്കോ ..ഇവിടെ എല്ലാം കഴിഞ്ഞിരിക്കുന്നു" ...ആ പിന്‍പറച്ചിലിന് തിരിഞ്ഞു നോക്കാതെ തല കുലുക്കി മറുപടി കൊടുത്തു. അല്ലെങ്കില്‍ വീട്ടിനുള്ളിലെ മാന്ദ്യപരിഹാരത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ വാങ്ങി കൂട്ടേണ്ടതിന്റെ നീണ്ട ലിസ്റ്റ് പുറകെ വരും...

ബസ്‌ സ്റ്റോപ്പിലെയ്ക്കുള്ള നടത്തത്തിനിടയ്ക്ക് മുഴുവന്‍ ചിന്തിച്ചത് ആ വാക്കിനെ കുറിച്ചാണ് 'ലാസ്റ്റ് ഡെയ്റ്റ്'..സര്‍ക്കാരു ഖജനാവിലേക്ക് കിട്ടി ബോധിക്കാനുള്ള കാര്യങ്ങളില്‍ 'സമയത്തിന്റെ അതിര്‍വരമ്പ്' എന്നാണു അതിന്‍റെ അര്‍ഥം. ജനാധിപത്യത്തിന്‍റെ ഭാവി സുരക്ഷിതമാക്കാന്‍ ഓരോ തവണ നഖ തുമ്പില്‍ ചായം തേക്കുന്നവന്ടെ ന്യായമായ അവകാശങ്ങളിലേക്ക് എത്തുമ്പോള്‍ അത് നാളെ നാളെ ..നീളെ ..നീളെ എന്ന്‌ പരിണാമം പ്രാപിക്കുന്നു ...ചിന്തകള്‍ക്ക് ഉണര്‍വ് പകരാനായി ഒരു സിഗരട്ട് ചുണ്ടില്‍ വെച്ചു തീ കൊളുത്തി.. അലകഷ്യമായി പുക ഊതിക്കൊണ്ടു നില്‍ക്കെ പെട്ടെന്നാണ്‌ അത് സംഭവിച്ചത്... റോഡു മുറിച്ചു കടക്കുകയായിരുന്ന ഒരു മധ്യ വയസ്ക്നെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഒരു കാറ് നിര്‍ത്താതെ പോയി ...

കണ്‍ മുന്നില്‍ ഒരു ദുരന്തം!! ..എന്നിലെ ഉത്തമ പൌരന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം ..ആദ്യത്തെ അങ്കലാപ്പില്‍ നിന്നുണര്‍ന്നു നോക്കുബോഴേക്ക് ..ആള്‍ക്കൂട്ടം അയാളെ പൊതിഞ്ഞു കഴിഞ്ഞിരുന്നു .തിക്കി തിരക്കി മുന്നോട്ട് കയറി എത്തി നോക്കി ...തലയടിച്ച്ചാണ് വീണിരിക്കുന്നത് .പൊട്ടിയൊലിച്ച ചോര തലയ്ക്കു വട്ടം വരച്ചു താഴേക്കു ഒഴുകുന്നു ...കൈ കാലുകള്‍ വിറപ്പിച്ചു അയാള്‍ അവ്യക്തമായി എന്തോ പുലമ്പുന്നുണ്ട്...ഇപ്പോള്‍ അത് ഒരു നിലവിളിയായി മാറിയിരിക്കുന്നു.. നിര്‍ത്താതെ പോയ കാറുകാരന്റെ ക്രൂരതയെ വാ തോരാതെ പുലഭ്യം വിളിച്ചു തങ്ങളുടെ കടമ ഭംഗിയായി നിര്‍വഹിച്ചതിന്‍റെ ആത്മ സംതൃപ്തിയോടെ കാഴ്ചക്കാര്‍ പിരിഞ്ഞു തുടങ്ങി

"ആരെങ്കിലും ഒന്ന് വരൂ ..ഇയാളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാം... .അല്ലെങ്കില്‍ ഈ പാവത്തിന്‍റെ ജീവന്‍ ......"എന്നിലെ മനുഷ്യ സ്നേഹിയുടെ നിലവിളി പാതിയില്‍ മുറിഞ്ഞു. പെട്ടെന്ന് എന്‍റെ തോളില്‍ ഒരു പരുപരുത്ത കൈ പതിഞ്ഞു ..തിരിഞ്ഞു നോക്കിയ എന്‍റെ വിറയ്ക്കുന്ന കണ്ണുകളില്‍ നോക്കി അയാള്‍ പറഞ്ഞു ;
"സുഹൃത്തേ ..നിങ്ങള്‍ക്ക് ഭാര്യേം മക്കളുമൊക്കെ ഉള്ളതല്ലേ ...വിട്ടിട്ടു പോരെ അല്ലെങ്കില്‍ കാക്കി എമ്മാന്‍മാര് ഇത് നിങ്ങടെ തലയിലാക്കും ...ജീവിതത്തിലിതുവരെ കാറീല്‍ കേറാത്തവനാണെങ്കില്‍ കൂടി നിങ്ങളെ അവര്‍ ഇടിച്ചിട്ട വണ്ടിക്കാരനാക്കും ..അത് അയാളുടെ വിധി ..നിങ്ങള്‍ പൊയ്ക്കോളൂ"

....വെള്ളം .വെ..ല്ള്‍......അയാളുടെ ഞരക്കം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം ...ദൈവമേ....കണ്മുന്നില്‍ ഒരു സഹജീവി ആര്‍ത്ത ദാഹത്താല്‍ നിലവിളിക്കുന്നു ..വെറും കാഴ്ചക്കാരനായി ഞാന്‍ ..ഛെ..എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ..ഇല്ല എന്തെങ്കിലും ചെയ്തേപറ്റൂ .'സുഹൃത്തേ...നിങ്ങള്‍ക്ക് ഭാര്യേം മക്കളുമൊക്കെ ഉള്ളതല്ലേ', ആ ചോദ്യം വീണ്ടും കാതില്‍ അപായമണി മുഴക്കുന്നു ...വെ..ള്ള..മം... വീണ്ടും അതെ ഞരക്കം ...ഞാന്‍ അവിടെ നിന്ന് പൊള്ളി ...പെട്ടെന്ന് ആരോ പിടിച്ചു തിരിച്ചപോലെ ഞാന്‍ തിരിഞ്ഞു നടന്നു ..നേരത്തെ എന്നെ വിലക്കിയ ആളുടെ കക്ഷത്തിലെ മടക്കിയ പത്ര താളിലെ തലക്കെട്ടില്‍ കണ്ണുടക്കി ..

"ഇന്ത്യക്ക് അഭിമാന നേട്ടം..
ചന്ദ്രനില്‍ ജല മര്‍മ്മരം "!!


*******************************

പാ(പി)പം..!!

പാ(പി)പം..!!
************
ഞായറാഴ്ച കൂര്‍ബാന കഴിഞ്ഞു പള്ളി പിരിഞ്ഞ നേരമായിരുന്നു..വേനലിന്‍റെ വരവറിയിച്ചു കൊണ്ട് രാവിലെ തന്നെ വെയിലിനു കനം വെച്ചു തുടങ്ങിയിരുന്നു.. മേയാന്‍ വിട്ട ആട്ടിന്‍ പറ്റത്തെ പോലെ നടന്നു നീങ്ങിയ ജനക്കൂട്ടം പള്ളിയുടെ ഗേറ്റ്‌ കടന്നു രണ്ടായി പിരിഞ്ഞു.ഏറ്റവും അവസാനമാണ് തൈപറമ്പില്‍ ജോസും മകന്‍ നാല് വയസ്സുകാരന്‍ റോബിനും പുറത്തു വന്നത്..കൂടെ പള്ളി വികാരി ഫാദര്‍ ഫിലിപ്പോസും....

"റോബിന്‍ ...മിടുക്കനായി പഠിക്കണം കേട്ടോ...എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളീല്‍ വരികേം വേണം "..

കൊച്ചു റോബിന്‍ നിഷ്കളങ്കമായി ചിരിച്ചു തലയാട്ടി..തന്‍റെ കുട്ടിക്കാലത്തു കേട്ട അതെ പഴയ വാക്കുകള്‍ക്ക് പ്രായത്തിന്‍റെ പരുക്കന്‍ മുഖം വന്ന പോലെ ജോസിനു തോന്നി..

"ഇവനെ ഇക്കൊല്ലം ഒന്നിലിരുത്താല്ലൊ ജോസ്സേ....

ഇല്ലച്ചോ.. ഇക്കൊല്ലം നാല് വയസ്സ് തികയത്തെയുള്ളൂ .. ..അടുത്ത കൊല്ലം നോക്കണം...".

"ഓ അത് ശെരി ..എന്നാ പിന്നെ അങ്ങനെ ആകട്ടെ ജോസ്സേ ....എനിക്കാ ആന്റണീടെ വീട് വരെ ഒന്ന് പോകണം .അവന്‍റെ രണ്ടാമത്തെ ചെറുക്കന്‍ ജോണിക്കുട്ടി അമേരിക്കേന്നു വന്നിട്ടുണ്ട്...പിന്നെ മേരീം, കുഞ്ഞും സുഖമായിരിക്കുന്നല്ലോ അല്ലെ...തിരക്കൊഴിഞ്ഞിട്ട്‌ ഞാന്‍ അത് വഴി കടക്കുന്നുണ്ട്."..
.
അതും പറഞ്ഞ് അച്ചന്‍ തിരിഞ്ഞു നടന്ന് തുടങ്ങിയിരുന്നു..കുഞ്ഞു സുഖമമായി തന്നെയിരിക്കുന്നു ..പക്ഷെ മേരി അത്ര സുഖത്തിലാണോ എന്ന് അയാള്‍ക്ക്‌ കൃത്യമായി അറിയില്ല എന്നതായിരുന്നു സത്യം ....ഒരുമിച്ചൊരു ജീവിതം തുടങ്ങിയ നാളുകളില്‍ രണ്ടു സിരകളിലും ഒരേ ഊഷ്മാവ് പടര്‍ന്നു വികാരങ്ങളുടെ വേലിയേറ്റം തന്നെ ആയിരുന്നു.. ഇന്നിപ്പോള്‍ സ്നേഹത്തിന്റെ കടലില്‍ രക്തം തണുത്തുറഞ്ഞു കട്ട പിടിച്ചിരിക്കുന്നു...രണ്ടു തീരങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെയും, അസ്വസ്തതയുടെയും തിരമാലകള്‍ വേലിയേറ്റം നടത്തുന്നു..

"ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരെ സംശയം ഇന്നും ഇന്നലേം തുടങ്ങിയതോന്നുമല്ല.. എന്ന് വെച്ചു ഇങ്ങനുണ്ടോ ഒരു സ്വൈര്യക്കേട്‌..തെക്കേലെ ആലീസിനേം എന്നേം ചേര്‍ത്തു അവളിനി മെനയാന്‍ കഥയൊന്നും ബാക്കിയില്ലാ.. സംഗതി ഉള്ളതാണെങ്കിലും അവളിങ്ങനോക്കെ പറയാമോ?..ഒന്നുമില്ലേലുമ് ഞാന്‍ അവളുടെ കേട്ടിയോനല്ലേ..!! 'ആണ്ങ്ങളായാല്‍ ചെളീ ചവിട്ടും ..വെള്ളം കണ്ടാല്‍ കഴുകി കളയും' ..എന്നല്ലേ പുരുഷന്മാരുടെ വേദ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നെ..എന്ന് വെച്ച് അവളോടുള്ള സ്നേഹത്തിനു ഒരു കുറവും വരുത്തീട്ടില്ലാ ഇത് വരെ ...അവളും മക്കളും ഇല്ലാതെ ഒരു ജീവിതമുണ്ടോ എനിക്കീ ലോകത്ത്. ..എല്ലാം പോട്ടെ പൊന്നു പോലല്ലേ അവളേം മക്കളേം ഞാന്‍ നോക്കുന്നെ..എന്തേലും കുറവ് വരുത്തീട്ടുണ്ടോ ഇത് വരെ..എന്നിട്ടും"...

"കര്‍ത്താവേ !.. ഒരു തരത്തീ പറഞ്ഞാല്‍ വഞ്ചനയാ ഞാന്‍ കാണിക്കുന്നേ ..ഒന്നോര്‍ത്താ ഒരു പെണ്ണും പൊറുക്കുകേലാ..പത്തു പ്രമാണങ്ങളിലൊന്നു കണ്ണുമടച്ചു തെറ്റിക്കുവാ ഞാന്‍ ..പലപ്പോഴും പാപബോധത്താല്‍ പുളയാറുണ്ട് ..എന്നാലും ആലീസിന്‍റെ പൂവമ്പഴം പോലുള്ള മേനിയോര്‍ക്കുമ്പോ ..ഹോ !.. മൂക്ക് തുളഞ്ഞ് കേറുന്ന മണമാ പഹച്ചിക്ക്..
എന്റെ മേരി പെണ്ണിനോട് ഇത് പോലെ..ഇത് പോലെന്നല്ല ഇതിന്‍റെ പകുതി പോലും എനിക്ക് പറ്റുന്നില്ലാ കര്‍ത്താവേ.... "

ഇന്നാണേല്‍ പള്ളീല് അച്ചന്‍ പ്രസംഗിച്ചത് മുഴുവന്‍ നല്ല നടപ്പിനേം വ്യഭിചാരത്തേം കുറിച്ചു മാത്രം ..മനസ്സ് കൊണ്ട് പോലും വ്യഭിച്ചരിക്കുന്നവന്‍ പാപിയാണത്രേ..ചെല നേരത്തെ അച്ചന്റെ നോട്ടം കണ്ടപ്പോ ഉരുകിയൊലിക്കുന്ന പോലായിപ്പോയി ...ഈ ലോകത്തു വേറെ എന്തെല്ലാം വിഷയം കെടക്കുന്നു ...എന്നിട്ടും അങ്ങേര് തെരഞ്ഞെടുത്തതു കണ്ടില്ലേ ..ഒള്ള സ്വസ്ഥത കൂടി നശിപ്പിക്കാന്‍ ഏതു നേരത്താണോ പള്ളീലോട്ടു കെട്ടിയെടുക്കാന്‍ തോന്നിയത്.. .പ്രാര്‍ത്ഥനയ്ക്കിടയില്‍ പെണ്ണുങ്ങള് മുട്ട് കുത്തി നില്‍ക്കുന്നിടത്തേക്ക് അറിയാതെ കണ്ണുകള്‍ ആലീസിനെ തേടിപ്പോയി ..ഒന്ന് രണ്ടു തവണ പള്ളീല് വെച്ച് കണ്ടിട്ടുണ്ട് ... ആ റോസ് സാരിയില് നിറഞ്ഞു തുളുമ്പി ..ഹോ... ഇപ്പൊ പൊട്ടിത്തെറിക്കുമെന്ന് തോന്നും.. കര്‍ത്താവേ നീ പിന്നേം എന്നെക്കൊണ്ട് ...

ഓരോന്നോര്ത്ത് നടന്നു വീടെത്തിയതറിഞ്ഞില്ല ..അമ്മച്ചീന്നു വിളിച്ചോണ്ട് റോബിന്‍ അകത്തേയ്ക്ക് ഓടിപ്പോയി ..അകത്തെ മുറിയില്‍ മേരിക്കുട്ടി, സലോമ മോളെ താരാട്ട് പാടി ഉറക്കുന്നുണ്ട് ..അങ്ങോട്ട്‌ പോകാന്‍ തുനിഞ്ഞതാണ് ..പിന്നെ വേണ്ടാന്നു വെച്ചു ..മുന വെച്ച കുറെ കുത്ത് വാക്കുകള്‍ കേള്‍ക്കാമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ലെന്നറിയാം ..ഭാര്യെം, ഭര്‍ത്താവുമെന്ന നിലയില്‍ എന്തേലും മിണ്ടീട്ടും പറഞ്ഞിട്ടും മാസങ്ങളായി കാണും.. ഓരോന്നോര്ത്ത് അയാള്‍ ചാരു കസേരയില്‍ നിവര്‍ന്നു കിടന്നു ..

അവര്‍ക്കിടയില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ഒരു പകല്‍ കൂടി കടന്നു പോയി .അത്താഴോം കഴിഞ്ഞു വെറുതെ കട്ടിലില്‍ ചരിഞ്ഞു കിടന്നു.. ഉറക്കം വരുന്നില്ലാ..അല്ലെങ്കിലും കുറെ നാളായി അതങ്ങനെ തന്നെ ..റോബിന്‍ നേരത്തെ ഉറങ്ങിയെന്നു തോന്നുന്നു..അപ്പുറത്തെ മുറിയില്‍ മേരി സലോമയെ തോട്ടിലാട്ടുന്നത് കാണാം ..രണ്ടും കല്‍പ്പിച്ച് അയാള്‍ അങ്ങോട്ട്‌ കടന്നു ചെന്നു .അവള്‍ ഒന്ന് നോക്കുന്നു കൂടിയില്ലാ ..അയാള്‍ വിറച്ചു..വിറച്ചു അവളുടെ തോളില്‍ കൈ വെച്ചു.മേരി തിരിഞ്ഞ് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ."

"മേരിക്കുട്ടീ ..എനിക്കിനി ഇത് താങ്ങാന്‍ വയ്യ..അയാളത് പറയുകയാണോ അതോ കരയുകയാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു.. നീ വേണേല്‍ എന്‍റെ കരണം അടിച്ചു പുകച്ചോ..നമ്മുടെ രണ്ടു മക്കളാണെ എനിക്കിനി മേലാ ...".

വെന്തുരുകിയ മണ്ണിലേക്ക് ആര്ത്തലച്ച് ഒരു മാരി പോലെ അയാള്‍ അവളിലേക്ക്‌ പടര്‍ന്നു ..ആ പെയ്ത്തില്‍ മേരി ആകെ നനഞ്ഞു ..പിന്നെ കുളിര് കോരി ..

പെണ്ണ് വീണ്ടും തോല്‍ക്കുന്നുവെന്ന് ഏതോ മരക്കൊമ്പിലിരുന്ന് ഒരു കൂമന്‍ വിളിച്ചു കൂവി...........................................................................

അന്നും ഒരു ഞായറാഴ്ച ആയിരുന്നു. രാത്രിയുടെ മൌനത്തിലെയ്ക്ക് ചീവീടുകള്‍ ചൂളം വിളിക്കുന്നുണ്ടായിരുന്നു ..ബെഡ് റൂമിലെ അരണ്ട വെളിച്ചത്തില്‍ ജോസ് ആലീസിന്‍റെ സുതാര്യമായ നൈറ്റി ഊരി മാറ്റി ..തല അല്‍പ്പം ചരിഞ്ഞു ഒരു വശം പകുതി തിരിഞ്ഞുള്ള ആ കിടപ്പില്‍ അവള്‍ അയാളുടെ ഞരമ്പു കളിലേക്ക് തീ പടര്‍ത്തി. ..ഹോ!.. അയാളില്‍ നിന്നൊരു ശീല്‍ക്കാരം പൊട്ടി വീണു..ഏറെ നേരം ആ ശില്‍പ്പ സൌന്ദര്യം നോക്കി നില്‍ക്കാന്‍ അയാള്‍ക്കായില്ല ..

പതുക്കെ ഒരു കരിനാഗത്തെപ്പോലെ അയാള്‍ അവളെ ചുറ്റി വരിഞ്ഞു തുടങ്ങി. പിന്നെ ..പിന്നെ അതൊരു നിയന്ത്രണം വിട്ട വേഗതയിലേക്ക് വഴി മാറി ..ആലീസിന്‍റെ മണം അയാളെ ശെരിക്കും ഉന്മാദ അവസ്തയിലെത്തിച്ച്ചു..അതെ ....അച്ചന്റെ സാരോപദേശങ്ങള്‍ക്ക് നല്‍കാനാവാത്ത മണം ..ലോകത്തൊരു പൂവിലും കായിലും ഇന്നേ വരെ കുരുക്കാത്ത മണം ..അയാളുടെ സ്വാദ് മുകുളങ്ങള്‍ അവളുടെ ഓരോ അവയവങ്ങളിലും രുചിയുടെ വൈവിധ്യം തേടി അലഞ്ഞ് .. ഒടുവില്‍ നിറഞ്ഞ മാറിടത്തില്‍ വിശ്രമിച്ചു.

ജോ...സ് ....

ഒരു സുഖ തളര്ച്ചയുടെ ആലസ്യത്തില്‍ അവള്‍ ആര്‍ദ്രമായി വിളിച്ചു..

എന്തോ....

അയാള്‍ ഒരു കുട്ടിയെ പോലെ വിളി കെട്ടു..

ഞാന്‍ വിചാരിക്കുവാരുന്നു ....

എന്ത്..

നിങ്ങളുടെ കുഞ്ഞിനെ കുറിച്ച്..അവളിപ്പോള്‍ പാതി മെയ്യ് തന്നവളുടെ ചൂട് പറ്റി... .മൃദുലമായി ചിരിച്ച് ...മധുരമായ താരാട്ട് കേട്ട്....പാതി മയക്കത്തില്‍ ..മറു പാതി തന്നവന്റെ കൊടും ചതിയോര്‍ത്ത്..ഇടയ്ക്ക് ഞെട്ടി ഉണര്‍ന്ന്........

ആലീസേ .. ...അതോരാക്രോശമായിരുന്നു ..അയാള്‍ കൈകള്‍ രണ്ടും കുത്തി തല ഉയര്‍ത്തി... ഞെട്ടി വിറച്ച് അവളെ നോക്കി..

തന്‍റെ മുകളില്‍ കൈകളൂന്നി തല ഉയര്‍ത്തി ഒരു ഭീമന്‍ പല്ലി നില്‍ക്കുന്ന പോലെ അവള്‍ക്കു തോന്നി ..

അതല്ല ജോസ്....ഞാന്‍ വായിച്ചിട്ടുണ്ട്..കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ മാലാഖമാരാണെന്ന് ..വലിയോരുടെ ചതിയും വഞ്ചനയും അവര്‍ക്ക് മനനം ചെയ്യാനാകുമെന്ന് ..

ഇപ്പോള്‍ അയാള്‍ പൂര്‍ണമായും അവളില്‍ നിന്നും അടര്‍ന്നു മാറി നിന്ന് കിതച്ചു ..കിതയ്ക്കുമ്പോള്‍ നെഞ്ചിന്‍ കൂട് പേടി തോന്നിക്കും വിധം വല്ലാതെ ഉയര്‍ന്നു താണു..

തോല്‍വി മണത്ത പടനായകനെപ്പോലെ പുരുഷ അവയവം പത്തി താഴ്ത്തി തുടങ്ങി ..

ഇതൊന്നുമറിയാതെ ഒര് ഉജ്ജ്വല പിറവി സ്വപ്നം കണ്ടു കുതിക്കുകയായിരുന്ന കുറെ ബീജ കോശങ്ങള്‍ പാതി വഴിയില്‍ തളര്‍ന്ന്.......തണുത്ത്.......ചലനമറ്റ്....!!

************

വേതാളം പറഞ്ഞ കഥ - ഉത്തരാധുനികം ..

വേതാളം പറഞ്ഞ കഥ - ഉത്തരാധുനികം ..
********************************************

വേതാളത്തെയും ചുമന്നുള്ള വിക്രമാദിത്യ മഹാരാജാവിന്‍റെ യാത്ര കുന്നും മലയും, കല്ലും മുള്ളും താണ്ടി ഏറെ ദൂരം പിന്നിട്ടിരുന്നു .അവസാനത്തെ കഥ പറഞ്ഞു തീര്‍ന്നിടത്ത് നിന്ന് തുടങ്ങിയ യാത്രയാണ്..ദാഹം തീര്‍ക്കാന്‍ കൂടി എങ്ങും നിന്നിട്ടില്ല.

" രാജാവേ.., അങ്ങു ക്ഷീണിതനായെന്കില്‍ ഇനി അല്‍പ നേരം വിശ്രമിച്ച്‌ ക്ഷീണം തീര്‍ത്തിട്ടാകം മുന്നോട്ടുള്ള യാത്ര ...യാത്രാ മദ്ധ്യേ ഞാനൊരു പുതിയ കഥ പറയുകയും ആവാം..."

"വേണ്ട വേതാളമേ ...നമുക്ക് പുതിയ കഥ കേള്‍ക്കാന്‍ തിടുക്കമായി ...അതിനു ശേഷമാവാം വിശ്രമം ..അങ്ങു കഥ തുടങ്ങിക്കോളൂ. "

" എല്ലാ കഥയുടെയും അവസാനം തന്നെ കുരുക്കുന്ന ചോദ്യമാണെന്നറിഞ്ഞിട്ടും താങ്കളുടെ ഈ ആവേശം എന്നെ അദ്ഭുദപ്പെടുത്തുന്നു ."

".വേതാളമേ ഓരോ കഥയും അറിവിന്‍റെ പുതിയ അദ്ധ്യായങ്ങളാണ് എനിക്ക് പകര്‍ന്നു തരുന്നത്..എന്‍റെ ബോധ മണ്ഡലത്തിന്‍റെ വെളിച്ചവും ഈ കഥകള്‍ തന്നെ ..അങ്ങു മടിക്കാതെ തുടങ്ങിക്കോളൂ .."
.
ഈ കഥ നടക്കുന്നത് കുറച്ചു തെക്കുള്ള വാമനപുരം എന്ന ഗ്രാമത്തിലാണ്...അവിടെയാണ് ബാങ്ക് ക്ലാര്‍ക്ക് ശശീന്ദ്രനും കുടുംബവും താമസിച്ചു പോന്നത് ...ശശീന്ദ്രന്റെ ഭാര്യ ശ്രീകല രണ്ടു വര്ഷം മുന്‍പ് കാന്‍സര്‍ പിടിപെട്ടു മരിച്ചിരുന്നു ...അതിനു ശേഷം അയാളും മൂത്ത മകള്‍ പതിനാലു വയസ്സുകാരി ശ്രീജയും ,അനിയന്‍ അഞ്ചാം തരംകാരന്‍ ശ്രീജിത്തും ആണ് അവിടെ താമസിച്ചു പോന്നത് ..ശ്രീകലയുടെ മരണ ശേഷം ശശീന്ദ്രന്‍ ജീവിക്കുന്നത് തന്നെ മക്കള്‍ക്ക്‌ വേണ്ടി മാത്രമാണെന്ന് നാട്ടില്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്....

അമ്മയുടെ മരണ ശേഷം വീട്ടു കാര്യങ്ങള്‍ നന്നായി നോക്കി നടത്തി ശ്രീജ അമ്മയ്ക്ക് പകരക്കാരിയായി . പാചകവും , തുണി അലക്കലും,ഇസ്തിരി ഇടലും ഒന്നിലും സമയക്കുറവു ഒരു കാരണമായി അവള്‍ക്കു തോന്നിയിട്ടില്ല ...സ്വന്തം പഠിപ്പ് മുടങ്ങുമെന്ന അവസ്ഥയിലും അവള്‍ അനിയന്റെ ഭാവിയില്‍ ഉത്കണ്ഠപ്പെട്ടു ..കളി പറഞ്ഞു പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി നടക്കേണ്ട പ്രായത്തില്‍ കാലം അവളെ പക്വമതിയായ ഒരു കുടുംബിനിയുടെ കുപ്പായമണിയിച്ചു.

അവളുടെ വീട്ടു മുറ്റത്തു ഇന്ന് പതിവില്ലാത്ത ആള്‍ക്കൂട്ടം.. .മനസ്സില്‍ നന്മ മാത്രം കൊണ്ട് നടന്ന ആ മാലാഖയും കളങ്കിതയാക്കപ്പെട്ടിരിക്കുന്നു...ആ നിഷ്കളങ്കത കടിച്ചു കീറിയ കാട്ടാളന്‍ നാട്ടുകാരാല്‍ ബന്ധനസ്ഥനാക്കപ്പെട്ടിരിക്കുന്നു. അവര്‍ അവനെ നന്നായി ഭേദ്യം ചെയ്യുന്നുണ്ട് ...ചിലര്‍ കാതു പൊട്ടുന്ന തെറികള്‍ വിളിക്കുന്നു ...എല്ലാം കണ്ടും കേട്ടും നിസ്സംഗത സ്ഫുരിക്കുന്ന കണ്ണുകളുമായി ഒരു നരാധമന്‍ ബന്ധനത്തില്‍ !...

എവിടുന്നൊക്കെയോ പത്രക്കാരും , സത്യത്തിന്‍റെ നേര്‍ കാഴ്ചയ്ക്കായി ചാനല്‍ കണ്ണുകളും മഴപ്പാറ്റകളേപ്പോലെ അവിടെ കുതിച്ചെത്തി. മുറിയുടെ മൂലയില്‍ ചവ്ട്ടിയരയ്ക്കപ്പെട്ട്, വാടിക്കരിഞ്ഞു കിടന്ന ചെമ്പനീര്‍ പൂവിലെയ്ക്ക് ഒരുപാട് ഫ്ലാഷുകള്‍ മിന്നി മറഞ്ഞു ..

ഇതിനിടെ ചില നാട്ടു പ്രമാണിമാര്‍ വിഷയത്തിന്‍റെ ഗൌരവം ഉള്‍ക്കൊണ്ടു ചാനലുകളുമായി അഭിമുഖ സംഭാഷണത്തിലേര്‍പ്പെട്ടു..ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു പൊങ്ങി ..

'ഇവനെ പരസ്യമായി തൂക്കിലേറ്റണം...ഇനിയൊരിക്കലും ഇതാവര്ത്തിക്കപ്പെടരുത്' ..എന്നായി ചിലര്‍ ...

'ഇവന്‍റെ ലിംഗം മുറിക്കണം !... പാപികള്‍ക്കൊരു പാഠമാകണം ഇവന്‍..എന്ന് മറ്റു ചിലര്‍ ..

.ഒടുവില്‍ മണം പിടിച്ചു കാക്കിവേഷക്കാരുമെത്തി ...
"ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുത് ..ഇവനെ നിയമത്തിനു വിട്ടു തരിക " ...അവര്‍ അലറി വിളിച്ചു .....

"ഇല്ലാ..കോടതി മുറികളിലെ നീതിയുടെ തുലാസ്സില്‍ ഞങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു ...പൊതു ജനം മറു കൂവല്‍ കൂവി... ഇവന്‍റെ ശിക്ഷ ഇവിടെ തന്നെ നടപ്പാക്കപ്പെടും ...അപമാനിക്കപ്പെട്ടവള്‍ തന്നെ ഇവന്‍റെ തലയെടുക്കും ....അങ്ങനെ ഈ കപട ലോകത്തിനു ഇവള്‍ പഴുതില്ലാത്ത പുതിയ നിയമം കാട്ടിക്കൊടുക്കും "...

പെട്ടെന്ന് അവള്‍ അലമുറയിട്ടുകൊണ്ട് അവിടെയ്ക്കൊടി വന്നു പറഞ്ഞു ...
"അയ്യോ ! എന്നെക്കൊണ്ടാവില്ല ..നിങ്ങള്‍ അയാളെ ഉപദ്രവിക്കരുത് ...ദയവു ചെയ്തു അയാളെ അഴിച്ചു വിട്ടേക്കൂ.."

ഒരു നിമിഷം ആ മറുപടി എല്ലാവരെയും അന്ധാളിപ്പിച്ചു....പിന്നെ നാല് ചുറ്റും നിന്ന് ആക്രോശങ്ങള്‍ ഉയര്‍ന്നു .....'.രണ്ടിനേം ബാക്കി വെച്ചേക്കരുത്' !! ....നീതി ദേവതയുടെ മാനം കാക്കണം.. കൊല്ലവരെ !!....

ഹേ രാജാവേ ! ഞാന്‍ കഥയിവിടെ നിര്‍ത്തുകയാണ് ..ഇനി അങ്ങാണ് മറുപടി പറയേണ്ടത് ....ഇതില്‍ ആരാണ്‌ ശരി ...?

തെറ്റ്കാരനെ നിയമത്തിനു വിട്ടു തരണമെന്നു വാദിക്കുന്ന നിയമപാലകരോ ..?

അതോ പരസ്യമായി പൊതുജനമദ്ധ്യത്തില്‍ കടുത്ത ശിക്ഷ നടപ്പാക്കണം എന്ന് വാദിക്കുന്ന ജനങ്ങളോ?

അതുമല്ല..തന്‍റെ ജീവിതം നശിപ്പിച്ചവനെ വെറുതെ വിടണം എന്ന് യാചിക്കുന്ന പെണ്‍കുട്ടിയോ ?

'ശരിക്കും ആലോചിച്ചോളൂ ..ഉത്തരം ശരിയെങ്കില്‍ നമുക്ക് യാത്ര തുടരാം ...അതല്ല അങ്ങയ്ക്ക് തെറ്റുന്നുവെങ്കില്‍...........അതു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ ..ഹ ഹ '...വേതാളം ഉറക്കെ ചിരിച്ചു ..

തെല്ലും അമാന്തിക്കാതെ തന്നെ വിക്രമാദിത്യന്‍ ഉത്തരം പറഞ്ഞു തുടങ്ങി ..

"തീര്‍ച്ചയായും ആ പെണ്‍കുട്ടി തന്നെയാണ് നൂറു ശതമാനം ശരി ..കാരണം പ്രായത്തില്‍ കവിഞ്ഞ അറിവും വിവേകവുമുള്ള അവള്‍ക്കു നന്നായി അറിയാം ...ഒരു മനുഷ്യ ജന്മത്തില്‍ ഏറ്റവും കൊടിയ പാപമാണ് പിതൃഹത്യയെന്ന്..".!!

"അല്ല രാജാവേ ..കഥയിലെ പ്രതി പിതാവാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞില്ല ..എന്നിട്ടും അങ്ങു ........?

"കഥകളെത്ര കേട്ടിരിക്കുന്നു വേതാളമേ .....ഇത് കേട്ടപ്പോഴേ മനസ്സിലായി ഉത്തരാധുനികമെന്ന് ...പിന്നെ ഉത്തരത്തിനായി അധികം തപ്പേണ്ടി വന്നില്ല...." !!

മറുപടി കേട്ട വേതാളം വിക്രമാദിത്യന്റെ കഴുത്തില്‍ നിന്ന് പിടി വിട്ടു മരക്കൊമ്പില്‍ തല കീഴായി കിടന്നു പൊട്ടിച്ചിരിച്ചു ......


********************************************

ആത്മാവിന്‍റെ ഭാഷണം !!

ആത്മാവിന്‍റെ ഭാഷണം !!
**************************

ജീവിതാവസാനം വരെ അയാള്‍ 'ഒരു നല്ല മനുഷ്യന്‍' എന്ന പേര് നിലനിര്‍ത്തി ..
ഒന്നോര്‍ത്താല്‍ ഒരു മനുഷ്യ ജീവിതത്തില്‍ അധികമാര്‍ക്കും സാധിക്കാത്തത് തന്നെ.

അച്ഛനും, അമ്മയ്ക്കും താങ്ങും തണലുമായ മകന്‍ ...

ഭാര്യയ്ക്ക് സ്നേഹനിധിയായ ഭര്‍ത്താവ്...

മക്കളെ നെഞ്ചോടു ചേര്‍ത്ത്‌ ഇരുള്‍ വഴിയില്‍ സ്വയം എരിഞ്ഞു നേര്‍ വഴി നടത്തി ..

തനിക്കു ചുറ്റും നിലവിളിക്കുന്നവന്‍റെ ശബ്ദത്തിലെ മാറ്റൊലി തന്റേതു തന്നെ എന്ന തിരിച്ചറിവില്‍ , മനസ്സ് ജീര്‍ണിച്ച ഒരു സമൂഹത്തിന് അയാള്‍ മുന്‍പേ നടക്കുന്നവനായി .

ഒടുവില്‍ ഭൂമി കറങ്ങുന്നു എന്ന സത്യത്തിനു അടിവരയിട്ടു കൊണ്ട് അയാളും ആറടി മണ്ണിന്‍റെ അടിത്തട്ടിലേക്ക് വിട വാങ്ങി ...
.......................................................................................................................................

മരണാനന്തരം അയാളുടെ ആത്മാവ് സൃഷ്ടികര്‍ത്താവിനെ തേടിയെത്തി ..ദൈവം സ്വപുത്രനെ സ്നേഹത്തോടെ ആശ്ലേഷിച്ചു ....

"മകനെ ഏതൊരു പിതാവിനും തെല്ല് അഹങ്കാരത്തോടെ അഭിമാനിക്കാന്‍ നിന്നെപ്പോലൊരു പുത്രനെ കിട്ടുന്നത് മഹാഭാഗ്യം തന്നെ !!.ഒരു പക്ഷെ പതിനായിരം സൃഷ്ടികളില്‍ ഒന്ന് മാത്രം .. എന്‍റെ കല്‍പ്പനകള്‍ അണുവിട തെറ്റാതെ ഭൂമിയില്‍ ഒരു ജീവചക്രം പൂര്‍ത്തിയാക്കിയ നിനക്ക് അടുത്ത ജന്മം ശാന്തസുന്ദരമായ ഒരു വെള്ളരിപ്രാവിന്‍റെതാകും ...."

"വേണ്ട പിതാവേ !..പൊടുന്നനെ ആത്മാവ് സംസാരിച്ചു തുടങ്ങി ..

എനിക്ക് വെള്ളരി പ്രാവിന്‍റെ ശാന്തത വേണ്ട ..പകരം എതിരാളിയെ കീഴടക്കാന്‍ ,

ഏതു പാറക്കല്ലിലും ആഴ്ന്നിറങ്ങാന്‍ ശേഷിയുള്ള മൂര്‍ച്ചയേറിയ ചുണ്ടുകള് ‍വേണം ..

ഏതു കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കാന്‍ ഉറച്ച ചിറകുകള്‍ വേണം ..

ഒറ്റക്കുതുപ്പില്‍ ഇരയെ റാഞ്ചി പറക്കാന്‍ കൂര്‍ത്തു വളഞ്ഞ നഖങ്ങള് ‍വേണം..

എല്ലാം ഒത്തിണങ്ങിയ ഒരു ശവംതീനി പക്ഷിയായാല്‍ ഏറെ നന്ന്" ...

"എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല കുഞ്ഞേ നിന്‍റെ വാക്കുകള്‍ ! ..ഒരു ജന്മം മുഴുവന്‍ ‍നന്മയുടെ.. ,സ്നേഹത്തിന്‍റെ...,കരുണയുടെ.. പ്രതിരൂപമായിരുന്ന നീ.....പകയുടെയും ,പ്രതികാരത്തിന്റെയും, മാംസ ദാഹത്തിന്റെയും മറു ജന്മം കൊതിക്കുന്നുവെന്നോ "?..

"എന്നോട് പൊറുക്കണം പ്രഭോ..എന്തെന്നാല്‍ ...................................................

അവര്‍ക്കിടയില്‍ തളം കെട്ടിയ മൌനത്തിലേക്ക്‌ കാറ്റ് ചൂളം വിളിക്കുന്നുണ്ടായിരുന്നു....


**************************

ലാസ്റ്റ് ഷോ !!

ലാസ്റ്റ് ഷോ !!
*****************

"മോളേ...മേരീ "...ഫിലിപ്പോസ് മാഷ്‌ പുറത്തു നിന്ന് നീട്ടി വിളിച്ചു .
".അപ്പച്ചന്‍ വിളിച്ചോ "? ...മേരി പുറത്തേയ്ക്ക് വന്നു ചോദിച്ചു ...
"മ്മം ..നീ ഈ പുളിയെടുത്ത് അകത്തു വെച്ചേര്...ഇന്നിനി വെയില് കാണുമെന്നു തോന്നുന്നില്ല ....തെക്കേ കോണില് മഴക്കാറ് ഉരുണ്ടു കൂടീട്ടുണ്ട്.....പെയ്തേക്കും ..ഇപ്പൊ ഒന്നിനും നേരോം കലോമില്ലല്ലോ "....

മേരി ഉണക്കാനിട്ടിരുന്ന പുളി ചാക്കോടെ മടക്കി കുട്ടയിലാക്കി ...
"ആ ചന്ദ്രനോട് അടുക്കളേല് ഒരു ചേര് കെട്ടിത്തരണേന്ന് എത്ര ദിവസായി പറേന്നതാ ..അതുണ്ടാരുന്നെ ഇപ്പൊ പകുതീം ഉണങ്ങി കിട്ടിയേനെ ....അപ്പച്ചന്‍ അയാളെ പുറത്തെങ്ങും കണ്ടില്ലാരുന്നോ "?....
"രാവിലെ കണ്ടാരുന്നു...അവനാ വിശ്വംഭരന്റെ കൂടെയാ ഇപ്പൊ ...മില്ലിലേക്കു തടി വെട്ടുന്ന പണിയല്ലിയോ....ദിവസം നാനൂറും അഞ്ഞൂറും കൂലി കിട്ടുന്നിടത്താ നിന്‍റെ ചേനക്കാര്യം ...നാളെയോ മറ്റോ ആട്ടെ ...ഒരു ചെറുത്‌ തട്ടിക്കൂട്ടാന്‍ നോക്കാം ..കുറച്ചു എഴക്കയറു വാങ്ങണം ....കുറെ നേരം കുത്തിയിരിക്കാന്‍ വയ്യാ ...അപ്പൊ തുടങ്ങും പുറത്ത് വെട്ടിപ്പിടുത്തം"......

"ആ ...ഇനി അതിന്റെ കുറവൂടേയുള്ളൂ ...അത് രണ്ടു വെയിലൂടെ കിട്ടുമ്പോ അങ്ങുണങ്ങിക്കോളും...അപ്പച്ചന്‍ വെറുതെ ഓരോന്ന് വരുത്തി വെയ്ക്കാന്‍ നിക്കണ്ട്ടാ" .......അതും പറഞ്ഞ് മേരി അകത്തേയുക്ക് നടന്നു

"സിസിലി മോള് ഇത് വരെ വന്നില്ലല്ലോടീ..നേരം വൈകുന്നല്ലോ" .....
"അവക്കിന്നു എക്സ്ട്രാ ക്ലാസുന്ടെന്നു പറഞ്ഞാരുന്നു ..വരാറാകുന്നെയുള്ളൂ ...ഇക്കൊല്ലം പത്തിലല്ലിയോ....പഴേ പോലല്ല ഒരുപാട് പഠിക്കാന്‍ ഉണ്ടത്രേ ...ഇപ്പൊ പുതിയ സിലബസല്ലേ ....പ്രോജെക്ടും ..കാര്യങ്ങളും ..അങ്ങനെന്തോക്കെയോ അവള് പറേന്നെ കേള്‍ക്കാം "

"മ് .മം എന്തായാലും ഞാന്‍ കവലേലോട്ടു നിക്കാം ...മഴക്കോള് കാരണം ഇപ്പോഴേ ഇരുട്ടിയ പോലായി."....മാഷ്‌ കുടേം എടുത്തു പുറത്തേയ്ക്ക്നടന്നു .....

ഗേറ്റ് കടന്ന് ചെമ്മണ്‍ പാതയിലൂടെയുള്ള നടത്തത്തിനിടയില്‍ മാഷിന്റെ മനസ്സ് പുറകോട്ടു നടന്നു..മറിയയുമൊത്ത് ഈ മല പ്രദേശത്ത് താമസം തുടങ്ങിയ കാലം ..ഇവിടുത്തെ യു .പി സ്കൂളിലേക്ക് മാറ്റം കിട്ടിയപ്പോള്‍ മറിയയ്ക്കായിരുന്നു ഏറെ നിര്‍ബന്ധം ...ഇവിടെ തന്നെ സ്ഥിരതാമസമാക്കാന്‍..അവള്‍ക്കല്ലേലും നാട്ടിന്‍പുറം വിട്ടൊരു ജീവിതം ഒരു തരം ഏച്ചു കെട്ടലായിരുന്നു.ഇവിടെ പൊറുതി തുടങ്ങുമ്പോള്‍ മൂത്തവള്‍ സാലി മാത്രമേ ഉണ്ടായിരുന്നുള്ളൂ സന്താനമായിട്ട്. പിന്നീടും കര്‍ത്താവ്‌ വിധിച്ചത് രണ്ടും പെണ്ണ് തന്നെയായിരുന്നു ...മേരീം , സിസിലീം ..

അന്ന് തോട്ടം തൊഴിലാളികളായിരുന്നു ഈ പ്രദേശത്തധികവും.. പകലന്തിയോളം പണിയെടുത്ത് നാളത്തെ കൂലി മാത്രം സ്വപ്നം കണ്ടുറങ്ങുന്നവര്‍ ...പിന്നെ കുറെ നാട്ടു പ്രാമാണികളായിരുന്നു ന്യൂന പക്ഷം ...തോട്ടം ഉടമകളായ ജന്മി വര്‍ഗ്ഗം .....അവര്‍ക്കിടയില്‍ വിയര്‍പ്പിന്റെ ഉപ്പും വിളവിന്റെ മധുരവും തമ്മിലുള്ള ഏകതാനത ഒരു വിപ്ലവത്തിനും വഴി വെയ്ക്കാതെ ഒഴുകി ക്കൊണ്ടിരുന്നു ..അന്ന് കവലേല് ആകെ ഉണ്ടായിരുന്നത് മഞ്ഞപ്പിത്തം പിടിച്ചു മരിച്ച കുട്ടന്റെ ചായപ്പീടിക മാത്രം ...ചില മേല്‍വിലാസം തിരക്കി അപൂര്‍വമായി മാത്രം പട്ടണത്തീന്ന് വരുന്നവരായിരുന്നു ഈ പ്രദേശത്തിന് പുറം ലോകവുമായുള്ള ബന്ധം .അതൊഴിച്ചാല്‍ തികച്ചും ഒറ്റപ്പെട്ട തുരുത്ത് ...

താനും മറിയേം, മക്കളും വളരെ വേഗം തന്നെ ഈ നാടിന്റെ മക്കളായി മാറിയിരുന്നു.. ഒരു തരം മുന്‍ജന്മ ബന്ധം പോലെ ....അത് കൊണ്ടു തന്നെ നാട്ടുകാരാരും ഒരിക്കലും വരത്തരെന്ന കണ്ണാല്‍ തന്നേം കുടുംബത്തേം കണ്ടിട്ടുമില്ല.. മറിയയ്ക്കെപ്പോഴും പെണ്മക്കളെ ചൊല്ലിലുള്ള ആധി മാത്രമായിരുന്നു ...'കര്‍ത്താവ്‌ തന്നെ എല്ലാത്തിനും ഒരു വഴി തുറന്നു തരും ..തരാതിരിക്കില്ല '....അവളെ ആശ്വസിപ്പിക്കുന്ന തന്റെ സ്ഥിരം വേദ വാക്യം ഇത് തന്നെയായിരുന്നു ..പെട്ടെന്ന് വന്ന ഒരാലോചനയായിരുന്നു സാലിക്ക് .....പയ്യന്‍ ഒരു കോണ്‍ട്രാക്ടറാണ്...അച്ഛനും അമ്മയ്ക്കും രണ്ടാണ് മക്കളില്‍ മൂത്തവന്‍ ...പ്രത്യേകിച്ച് ബാധ്യതകളൊന്നുമില്ല .മറിയക്കും അതെങ്ങനെലുമോന്നു നടന്നു കിട്ടിയാല്‍ മതിയെന്നായിരുന്നു .....ഒടുവില്‍ അത് വരെ സ്വരുക്കൂട്ടി വെച്ചിരുന്നതും ..തിരിച്ചു മറിച്ചതുമെല്ലാം ചേര്‍ത്ത് തരക്കേടില്ലാതെ തന്നെകെട്ടു നടത്തി .....

മറിയക്ക് പകുതി സമാധാനം കിട്ടിയപോലായിരുന്നു ...പക്ഷെ അത് അധികമൊന്നും നീണ്ടു നിന്നില്ല ...മരുമോന്റെ തനി സ്വരൂപം ഏറെ വൈകാതെ തന്നെ വെളിപ്പെട്ടു തുടങ്ങി ...ആദ്യമൊന്നും സാലി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല ...പക്ഷെ എപ്പോഴും അവളുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചു കിടന്നിരുന്നു. ഒരു പേരിനു വേണ്ടി മാത്രമായിരുന്നു അയാള്‍ക്ക്‌ വിവാഹമെന്ന് വൈകാതെ എല്ലാര്‍ക്കും മനസ്സിലായി

വീട്ടുകാരുമായി തെറ്റി ഇപ്പോള്‍ വാടക വീട്ടിലാക്കി താമസം ...അവരിറക്കി വിട്ടതാണെന്നും നാട്ടുകാര് പറഞ്ഞു കേള്‍ക്കാം ...സാലിയുടെ വിധിയെ ചൊല്ലി ആവലാതി പറയാന്‍ മാത്രമേ മറിയക്ക് പിന്നീട് നേരമുണ്ടാരുന്നുള്ളൂ ....ഒടുവില്‍ ആധി കൂടിയാവണം ....ഒരു ചെറിയ വിമ്മിഷ്ടോം ...വിറയലും.... വന്ന് ഒരു ദിവസം അവളെല്ലാം മതിയാക്കി പൊയ്ക്കളഞ്ഞു ..പുണ്യം ചെയ്തതവളാ....തന്നെ പ്പോലെ എല്ലാം കണ്ടു നെഞ്ച് പൊട്ടി കിടക്കേണ്ടി വന്നില്ലല്ലോ ......

ഓരോന്നാലോചിച്ച് നടന്നു നേരം പോയതറിഞ്ഞില്ല ...അപ്പച്ചാന്നുള്ള സിസിലിയുടെ വിളി കേട്ടാണ് മാഷ്‌ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്‌ ....എതിരെ സിസിലിയും കൂടെ സാലിയും.....
"നീയെന്താ ഇവടെ കൂടെ "?.
"വല്യേച്ചി സ്കൂളില്‍ വന്നിരുന്നു ....പിന്നെ ഞങ്ങള്‍ ഒന്നിച്ചിങ്ങോട്ടു പോന്നു ...സിസിലി പറഞ്ഞു നിര്‍ത്തി..
"മ് മം ...മാഷ്‌ തിരിഞ്ഞു നടന്നു ...എങ്കിലും സാലിയുടെ മുഖ ഭാവം മാഷില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കി ..
മേരി പുറത്തേയ്ക്ക് നോക്കി ഉമ്മറത്ത്‌ തന്നെയുണ്ടായിരുന്നു ...സാലിയെ കണ്ട് അവള്‍ സന്തോഷത്തോടെ മുറ്റത്തേയ്ക്കിറങ്ങി വന്നു..

സാലി ചിരിക്കാന്‍ ഒരു പാഴ് ശ്രമം നടത്തി നോക്കി ..
"ചേച്ചി ഇരിക്ക് ഞാന്‍ ചായയെടുക്കാം" ..
അവള്‍ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല ....
"അല്ലെങ്കില്‍ ചേച്ചി ഒന്ന് കുളിച്ചിട്ടു വന്നേര്...അപ്പോഴേക്കും ഞാന്‍ കഴിക്കാന്‍ എന്തേലും എടുക്കാം" ...


രാത്രി ...ചീവീടിന്റെ മൂളല്‍ നിര്‍ത്താതെ കേള്‍ക്കുന്നുണ്ട് ....പുറത്തിപ്പോഴും മഴ ചാറുന്നുന്ടെന്നു തോന്നുന്നു ..സാലി വന്നപ്പോള്‍ മുതല്‍ ഒരക്ഷരം മിണ്ടാതെ ഒരേ ഇരിപ്പാണ് ...മേരി ഒന്ന് രണ്ടു തവണ വാതില്‍ക്കല്‍ വന്നു നോക്കിയതാണ് ...പിന്നെ തിരിച്ചു പോന്നു ...ഇത്തവണ അവള്‍ അടുത്ത് ചെന്ന് തോളത്തു കൈ വെച്ച് വിളിച്ചു ..
"ചേച്ചീ ..."
സാലി ഞെട്ടിയുണര്‍ന്നു മേരിയെ നോക്കി ...പിന്നെ പതുക്കെ അവളിളില്‍ നിന്നും കണ്ണു കളടര്‍ത്തി മാറ്റി.

എന്താ ചേച്ചീ വല്ലാണ്ടിരിക്കുന്നെ ..വന്നപ്പോ മുതല് ശ്രദ്ധിക്കുന്നു ..
ഒന്നുമില്ലാ ..വെറുതെ ..സാലി പറഞ്ഞൊപ്പിച്ചു ...

ഇനിയെന്ത് ചോദിക്കുമെന്നോര്‍ത്തു മേരി വാക്കുകള്‍ക്കു പരതി.
"അയാളിപ്പോഴും ചേച്ചിയെ ഉപദ്രവിക്കാറു ണ്ടോ"?...
സാലിയില്‍ നിന്നും അതിനുത്തരമൊന്നുമുണ്ടായില്ല..
"കണ്ണും മുഖവുമെല്ലാം വീങ്ങിയിരിക്കുവാണല്ലോ...ഇങ്ങനാണേല്‍ ഇനി തിരിച്ചു പോകണ്ടാ ...ഞാന്‍ അപ്പച്ചനോട് പറയാന്‍ പോകുവാ "...

"വേണ്ടാ ..ഇനി പ്രശ്നമൊന്നുമുണ്ടാകില്ല .അയാള്‍ക്കെന്നെ മടുത്തു തുടങ്ങിയെന്നു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടക്കച്ചോടമാരുന്നത്രേ ഈ ബന്ധം ... ഇതെല്ലാം കേടു ശീലമായതു കൊണ്ടു ഇപ്പൊ ഒരു മരവിപ്പ് മാത്രമായിരിക്കുന്നു ..

ഇന്നയാള് പറേവാ സിസിലിയെ അവിടെ നിര്‍ത്തി പഠിപ്പിക്കാമെന്നു ....അത് പറയുമ്പം അയാള്‍ടെ കഴുകന്‍ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാ ....പറ്റില്ലാന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു ...അവള്‍ക്കു സ്കൂള്‍ അവിടുന്ന് അടുത്തല്ലേന്ന് ...പുതിയ കണ്ടു പിടുത്തം ..അവളെ അവടെ വീട്ടുകാര് നോക്കിക്കോളും നിങ്ങള് ബുദ്ധിമുട്ടണ്ടാന്നു പറഞ്ഞു ഞാന്‍ ...അപ്പൊ ആ ദ്രോഹി പറേവാ അവളെക്കൂടി ഇവിടെ നിറുത്തിയാലെ അയാടെ നഷ്ടം തീരൂന്നു ......എനിക്ക് സഹിക്കാവുന്നെനപ്പുറമായിരുന്നത് ..ഞാനയാളുടെ മുഖത്ത് കാറിത്തുപ്പി. എന്റെ മുടിക്ക് ചുറ്റി വട്ടം കറക്കി ഭിത്തിയിലടിച്ചു ..കുറെ നേരത്തേയ്ക്ക് എനിക്ക് ബോധമുണ്ടായിരുന്നില്ല ......ഞാ...ന്‍......" ..വിതുമ്പ ലുക്ള്‍ക്കും കണ്ണീരിനുമിടയില്‍ വാക്കുകള്‍ വിറച്ചു മരിച്ചു..

"ഞാന്‍ അപ്പച്ചനെ വിളിക്കാം" ..മേരി തിരിഞ്ഞു നോക്കുമ്പോള്‍ ഫിലിപ്പോസ് മാഷ്‌ തൊട്ടു പുറകില്‍ തന്നെയുണ്ടായിരുന്നു ..അയാള്‍ നനഞ്ഞ കണ്ണുകളൊപ്പിക്കൊണ്ട് പറഞ്ഞു ....

"മതി മോളേ ഇത് ഇനി മുന്നോട്ടു കൊണ്ടുപോകുന്നതിലര്‍ത്ഥമില്ല ..നാളെ തന്നെ ഞാന്‍ വക്കീലിനെ കാണുന്നുണ്ട് ....അതിനു മുന്‍പ് ഞാനവനെ ശെരിക്കുമൊന്നു കാണുന്നുണ്ട് ..തനിച്ചല്ല ..നാലാളെക്കൂട്ടി തന്നെ ...ഇത്ര നാള്‍ കഷമിച്ചു .....അതിലേറെ സഹിച്ചു എന്റെ മോള് ....അത് അവനെ ഞാനറിയിക്കും ...ആ ദ്രോഹി കാരണമാ നിന്റമ്മച്ചി ചങ്ക് പൊട്ടി മരിച്ചത് ...എന്നിട്ടും ഞാന്‍ ഇത്ര നാളും പൊറുത്തു...നിന്റെ ജീവിതമോര്‍ത്ത് ....."

"വേണ്ടപ്പച്ചാ ..അയാളെ ശല്യപ്പെടുത്തണ്ടാ ..അയാളവിടെ കിടന്നു സ്വസ്ഥമായുറങ്ങിക്കോട്ടേ ...ആരെടെം ശല്യമില്ലാണ്ട് ...."
"അങ്ങനെ നിന്റെ സ്വസ്ഥത നശിപ്പിച്ചിട്ടു അവന്‍ സുഖമായുറങ്ങണ്ട......"
"വേണ്ടെന്നു പറഞ്ഞില്ലേ അപ്പച്ചാ ..ഞാനയാളെ ആര് വിളിച്ചാലും ഉണരാത്ത പോലെ ഉറക്കി കെടത്തീട്ടാ വന്നിരിക്കുന്നെ ...."
ഫിലിപ്പോസ് മാഷ്‌ ആയിരം ചോദ്യങ്ങള്‍ നിറഞ്ഞ മുഖമുയര്‍ത്തി സാലിയെ നോക്കി...

അവള്‍ പ്രത്യേകിച്ചൊരു ഭാവ ഭേദവുമില്ലാതെ തുടര്‍ന്നു..

"അതെ തെക്കേ ചരിപ്പിലുണ്ട് ...

കുഴിച്ചിട്ടിരിക്കുവാ....."!!

"അയാള്‍ ......ഉ..റ..ങ്ങ ട്ടെ.......എല്ലാ.... നഷ്ട ..ങ്ങ ളും മറന്നു റങ്ങ ട്ടെ ."........അവള്‍ അവ്യക്തമായി പുലമ്പി ക്കൊണ്ടിരുന്നു

അകത്തെ മുറിയില്‍ നിന്നും സിസിലിയുടെ പുസ്തകവായന ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി കേള്‍ക്കാം :
"ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അയാളുടെ കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങുന്നു ...
വ്യക്തിയും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം ....വ്യക്തിയും സമൂഹവും.........................................................


*****************

എഴുതാപ്പുറങ്ങള്‍

എഴുതാപ്പുറങ്ങള്‍
******************

ജയില്‍ വരാന്തയിലെ തൂണില്‍ തല ചാരി അയാള്‍ വെറുതെ പുറത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു. വെട്ടം പരന്നിട്ട് അധികനേര മായിട്ടുണ്ടായിരുന്നില്ല ...സെല്ലിന് മുന്നിലെ ഒട്ടു മാവിന്‍റെ ഇലകള്‍ക്കിടയിലൂടെ അരിച്ചു വന്ന സൂര്യ വെളിച്ചം അയാളുടെവലത്തേ കവിളിലേക്കു അനുവാദം കാക്കാതെ എത്തിനോട്ടം നടത്തി .

അയാള്‍ തല നിവര്‍ത്തി ചുറ്റും നോക്കി. ഇന്നത്തെ പുലരിക്ക് ഒര് പ്രത്യേക ഉണര്‍വ് തോന്നുന്നുണ്ടോ?
എന്ത് പ്രത്യേകത ...തനിക്കു വെറുതെ തോന്നുന്നതാവും ....അല്ലെങ്കിലം തടവറയിലെ പ്രഭാതങ്ങള്‍ക്ക് എന്ത് വ്യതിയാനങ്ങള്‍ ....
നാല് ചുമരുകള്‍ക്കിടയിലെ വരണ്ട നിശ്വാസങ്ങള്‍ക്ക് കൂട്ടായി നിമിഷ സൂചികളുടെ ചലനങ്ങള്‍ക്കൊപ്പം കൃത്യമായ ഇടവേളകളില്‍ മുറ തെറ്റാതെ രാവും പകലും കാലത്തിന്റെ പ്രയാണത്തിന് സാകഷ്യം വഹിക്കുന്നു . അതിനപ്പുറം ദിവസ കാഴ്ചകളുടെ വേഷപ്പകര്‍ച്ചകള്‍ അഴികള്‍ക്കു പിന്നിലെ ചുമരുകള്‍ക്കന്യം തന്നെ. ഋതു ഭേദങ്ങളുടെ പകര്‍ന്നാട്ടം ഒരു വലിയ മതില്‍ക്കെട്ടിനു പുറത്തു മടിച്ചു നില്‍ക്കുന്നു . ഒന്നോര്‍ത്താല്‍ അദ്ഭുതം തോന്നും ..നിഴലുകള്‍ക്ക് ചലനമറ്റ ഈ കറുത്ത തീരത്തിന് പുറത്തു ഭ്രാന്ത വേഗതയില്‍ സദാ ചലിക്കുന്ന ഒരു വലിയ ലോകം. പിടി തരാതെ കുതറിയോടുന്ന സമയ രഥത്തെ പിന്തുടര്‍ന്ന് തളര്‍ന്നു വീഴുന്നവരുടെ തീരം.

"എന്താ വാസൂ രാവിലെ തന്നെ ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ "...
വെളുക്കെ ചിരിച്ചു കൊണ്ടു ഹെഡ് കോണ്‍സ്‌റ്റബിള്‍ ശേഖരന്‍ നായര്‍ അയാളുടെ അടുത്തേക്ക് വന്ന്ചോദിച്ചു.
വികാരങ്ങള്‍ തണ്ത്തു ഘനീഭവിച്ചു കിടക്കുന്ന ഇത് പോലോരിടത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചില മാനുഷിക സംവേദനങ്ങള്‍ ... ഉള്ളു തുറന്നൊരു ചിരിയും, വെറുതെയുള്ളോരു കുശലാന്വേഷണവും.

"ഒന്നുമില്ല സാര്‍ ....വെറുതെ ഓരോന്നാലോചിച്ച് അങ്ങനെ" ....
"ആ,... ഇന്നൂടെ മതിയല്ലോ ഈ ആലോചന......
നാളെ മുതല് ശുദ്ധ വായൂ ശ്വസിച്ചു തുടങ്ങാല്ലോ..
എല്ലാരും ഫീല്‍ഡിലേക്ക് പോയല്ലോ...നീ പോരുന്നില്ലേ ....?"
"ഇല്ല സര്‍ ...ഇന്നിറങ്ങണ്ടാന്നു വാര്‍ഡന്‍ സാറ് പറഞ്ഞിരുന്നു"....
"ഓഹോ കരിം ഭൂതം അങ്ങനൊരു സൗജന്യം കനിഞ്ഞു നല്‍കിയോ ...
അതിശയം തന്നെ ..ഇന്ന് കാക്ക മലന്നു പറന്നേക്കും"..

ജയില്‍ വാര്‍ഡന്‍ ഐസക് ചാക്കോയുടെ തടവ്‌ പുള്ളികള്‍ക്കിടയിലെ വട്ടപ്പേരാണ് കരിം ഭൂതം ...
രൂപം കൊണ്ടും ഏറെക്കുറെ പെരുമാറ്റ ഗുണം കൊണ്ടും അങ്ങോര്‍ക്ക് ആ പേര് നന്നായി ഇണങ്ങും
"ഞാനും വരട്ടെ സാര്‍ ..
ഇവിടെ ഇങ്ങനെ വെറുതെ ഇരുന്നാല്‍ ഓരോന്നാലോചിച്ച് കൂട്ടി ശ്വാസം മുട്ടും"..
"അത് വേണ്ട വാസൂ ..അയാള് വേണ്ടാന്നു പറഞ്ഞതല്ലേ ..വെറുതെ രാവിലെ തന്നെ ഭൂതത്തിന്റെ മൂഡു കളയണ്ട ...ചെലപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തേക്കും ...ഞാന്‍ ഫീല്‍ഡിലൊന്നു കറങ്ങീട്ടു വരാം...
ശരി എന്നാല്‍ നീ അകത്തോട്ടു നടന്നോ" ....
അതും ഒരു കണക്കിനു ശരിയാണ് ...അയാള് എപ്പോ എങ്ങനാ പെരുമാറുന്നേന്നു ദൈവത്തിനേ അറിയൂ ...
വാസു പതുക്കെ തിരിഞ്ഞു സെല്ലിനുള്ളിലേക്ക് നടന്നു ....
ശേഖരന്‍ നായര്‍ സെല്ല് പൂട്ടി പുറത്തേയ്ക്കും.

അയാള്‍ രണ്ട് അതിര്‍ വരമ്പുകള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു ....ഒടുവില്‍ സെല്ലിന്‍റെ മദ്ധ്യത്തില്‍ ഭിത്തിയോട് ചേര്‍ന്ന് ഊര്‍ന്നിരുന്നു.ആ ഇരിപ്പില്‍ മുറിവുണങ്ങാത്ത ഓര്‍മകളില്‍ നീറി മനസ്സ് ഏഴു കൊല്ലം പുറകോട്ടു നടന്നു ...മനസ്സ് കൈ വിട്ട ഏതോ ഒരു നിമിഷം വിചാരം വികാരത്തിന് വഴി മാറിപ്പോയി ..ഒരു നിമിഷത്തിന്റെ എന്ന് പറയാന്‍ കഴിയുമോ ?..ഇല്ലാ ദിവസങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ഞൊടിയിട തെറ്റാത്ത കരു നീക്കങ്ങളിലൂടെ തന്നെയാണ് അത് സംഭവിച്ചത്...ഇരുട്ടിന്റെ മറവില്‍ ഇട വഴിയിലെ കുറ്റിക്കാട്ടില്‍ നിന്നും ചാടി വീഴുകയായിരുന്നു ...വല്ലാത്തോരാവേശത്തില്‍ വലതു കൈ ഉയര്‍ന്നു താണു ...ചീവീടുകളുടെ നിലവിളികള്‍ക്കിടയില്‍ പള്ള തുരന്ന് പിച്ചാത്തിപ്പിടിയോളം ആഴം അളന്നപ്പോള്‍ ..ദിവാകരന്‍ ഒരു തവണ അലറി വിളിച്ചു ..പിന്നെ അതൊരു ഞരക്കത്തിനു വഴി മാറി ...
"എന്നേ കൊല്ലല്ലേ വാസൂ" ......
ഇര വേട്ടക്കാരനെ തിരിച്ചറിഞ്ഞ നിമിഷം ..വാക്കുകള്‍ക്കപ്പുറം പറഞ്ഞറിയിക്കാനാവാത്ത ഒരു നിര്‍വൃതിയില്‍ മനസ്സ് ഇളകി മറിഞ്ഞു .. ഇന്നും തെല്ലും കുറ്റ ബോധം അലട്ടുന്നില്ല. സ്വന്തം മകളെ ജീവന് തുല്യം സ്നേഹിച്ച ഒരച്ഛനും മറിച്ച് ചിന്തിക്കുമെന്ന് തോന്നാനാവുന്നുമില്ല ....


റേഷന്‍ കടക്കാരന്‍ ദിവാകരനും കുടുംബവും തങ്ങള്‍ക്കു അന്യരായിരുന്നില്ല ..അതിനപ്പുറം ഒരു വിളിപ്പാടകലെ എന്തിനും ഏതിനും നേരവും കാലവും നോക്കാതെ ആശ്രയിക്കാവുന്ന നല്ല അയല്‍ക്കാര്‍ ..തങ്ങള്‍ അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെയായിരുന്നു ..എന്നിട്ടും അവനതു ചെയ്തു ..ദൈവത്തിനു നിരക്കാത്ത കൊടും പാതകം .എന്‍റെ യമുന മോളെക്കാള്‍ രണ്ട് വയസ്സേ കുറവുണ്ടായിരുന്നുള്ളൂ അവന്‍റെ മോള്‍ക്കും ..എന്നിട്ടും അവനതിനു കഴിഞ്ഞൂന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആദ്യമൊന്നും. . ഇട വഴിയിലെ പൊന്തക്കാടിനുള്ളില്‍ തണുത്തു മരവിച്ച് പിച്ചി ചീന്തിയ കുഞ്ഞു ശരീരം ..ഒന്നേ നോക്കിയുള്ളൂ ..തളര്‍ന്നു വീണുപോയി ..... വലിയൊരു ദുരന്തത്തില്‍ നിന്ന് പഴയ ജീവിതത്തിലേക്ക് താനും , രമണിയും തിരിച്ചു വന്നത് മാസങ്ങള്‍ക്ക് ശേഷമാണ്.

ദിവാകരന്‍ ജാമ്യത്തിലിറങ്ങിയ നാള്‍ മുതല്‍ ദിവസങ്ങളെണ്ണി കഴിയുകയായിരുന്നു ...ദിവസം കഴിയും തോറും പകയുടെ കനലുകള്‍ തീനാളമായ് മനസ്സില്‍ പടര്‍ന്നു തുടങ്ങിയിരുന്നു . രമണി പോലും ചിന്തകളില്‍ നിന്ന് മാറി നിന്ന ദിവസങ്ങളിലൊന്നായിരുന്നു അത് നടന്നത് ...പേയ് പിടിച്ച നായെപ്പോലെയുള്ള പരക്കം പാച്ചിലിനു തല്‍ക്കാലത്തേക്കെങ്കിലും ഒരറുതി വന്നു.. കാണാത്തൊരു ലോകത്തിരുന്നു എന്‍റെ യമുന മോളുടെ ആത്മാവ് 'എനിക്ക് തൃപ്തിയായച്ഛാ' എന്ന് പറയുന്നുണ്ടായിരുന്നു........ അല്ലെങ്കില്‍ അങ്ങനെ മനസ്സിനെ വിശ്വസിപ്പിച്ചു ..വിലങ്ങണിഞ്ഞ കൈകളുമായി പോലീസ് ജീപ്പിലിരിക്കുമ്പോള്‍ വീണ്ടും രമണി തനിച്ചായി എന്ന ചിന്ത മനസ്സിനെ അലട്ടി തുടങ്ങിയിരുന്നു . എന്നാല്‍ ഇത്തവണ അവള്‍ അലറി വിളിച്ചില്ല ..തളര്‍ന്നു വീണുമില്ല....പൊടി പടര്‍ത്തി കണ്‍ മുന്നില്‍ നിന്നകലുന്ന വാഹനം നോക്കി വരണ്ട കണ്ണുകളുമായി മരവിച്ചു നിന്നു..

"വാസുവേട്ടോ ..പോകാനുള്ള സന്തോഷത്തില്‍ ഊണും വേണ്ടെന്നു വെച്ചോ "..

പുറത്തു നിന്നും കുട്ടന്റെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്‌ ....
അവനും ഒരു ജീവ പര്യന്തത്തിന്റെ പാതയില്‍ തന്നെ ...
മറ്റാരോ ചെയ്ത പാതകത്തിന്റെ പാപം പേറി ...ഇവിടെ എത്തപ്പെട്ടവന്‍ ..
ഇവിടെ ഉള്ളവരില്‍ ചിലരെങ്കിലും ഏതാണ്ടിത് പോലൊക്കെ തന്നെ ..
നീതി പീഠത്തിന്റെ തിമിരം ബാധിച്ച കണ്ണുകള്‍ ഒപ്പിയെടുത്ത നിഴല്‍ ചിത്രങ്ങളില്‍ ജീവിതം ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക്‌ തളളിയിടപ്പെട്ടവര്‍ . വിധിയെ പഴിച്ച് ഇവിടെ കാലം കഴിക്കുന്നവര്‍..
ഇടയ്ക്ക് , "ഞാനത് ചെയ്തിട്ടില്ലാന്നു' വിളിച്ചു കൂവി ..പിന്നെ നിസ്സഹായതയുടെ നിശ്വാസങ്ങളില്‍ തളര്‍ന്നു വീഴുന്നവര്‍....

സെല്ലിന്‍റെ മൂലയില്‍ നിന്നും കഞ്ഞിപ്പാത്രവും എടുത്ത് അയാള്‍ മെസ്സിലേക്ക് നടന്നു....
രാത്രി തീരെ ഉറക്കം കിട്ടിയില്ല....പുറത്തിറങ്ങാനുള്ള സന്തോഷം കൊണ്ടായിരുന്നില്ല . മറിച്ച് ഒരു തരം വീര്‍പ്പു മുട്ടല്‍.
അതി രാവിലെ തന്നെ പല്ല് തേപ്പും കുളിയുമെല്ലാം കഴിച്ചു ..പിന്നെയും നീണ്ട കാത്തിരുപ്പ് ഒന്‍പതു വരെ നീണ്ടു. തടവ്‌ പുള്ളികളില്‍ പലരും ഫീല്‍ഡിലേക്ക് പോകും മുന്‍പ് കാണാന്‍ വന്നിരുന്നു.

"വാസൂവേട്ടാ.. .ഇനിയൊരു കണ്ട് മുട്ടല്‍ ഉണ്ടായെന്നു വരികില്ലാ...
എന്തായാലും ഇതിനുള്ളില്‍ വെച്ച്‌ വീണ്ടുമൊരു കൂടിക്കാഴ്ച ........;ദൈവം അതിനൊരിക്കലും ഇട വരുത്താതിരിക്കട്ടെ"..
അത് പറയുമ്പോള്‍ കുട്ടന്റെ ശബ്ദം ഇടറിയിരുന്നു ....
"നിന്റെ ചേട്ടനോട് അപ്പീലിന് പോകാന്‍ പറയണം ..
നീ ചെറുപ്പമാണ് ..ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്..എന്‍റെ കൂട്ടല്ല
ഒരു നീണ്ട ജീവിതം നിന്റെ മുന്നില് ബാക്കിയാണ് .....ഇപ്പൊ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ".....
അയാളുടെ വാക്കുകള്‍ പാതി വഴിയില്‍ മുറിഞ്ഞു ......

മ് ..മം ..അവന്‍ വെറുതെ മൂളി ....

"എന്തെങ്കിലുമാകട്ടെ വാസുവേട്ടാ ....അല്ലെങ്കീ ..ഇപ്പൊ ഇവിടെന്താ ഒരു കുറവ് ..നേരം തെറ്റാണ്ട് കഴിക്കാന്‍ കിട്ടുന്നില്ലേ ...തല ചായ്ക്കാന്‍ ഇത്രയും സുരക്ഷിതമായ ഒരിടം വേറെ പുറത്തു കിട്ടുമോ ...ഒന്നോര്‍ത്തു നോക്കിക്കേ ...പിന്നെന്താ ....ഇന്നലകളെ മുഴുവന്‍ മനസ്സിന്റെ പുറമ്പോക്കില്‍ കുഴി കുത്തി മൂടി,...നാളെയെന്ന സ്വപ്നത്തിനു മീതെ ഒരു കറുത്ത പുതപ്പു വലിച്ചു വിരിച്ചിട്ടു .......അങ്ങനങ്ങനെ ............."
അവന്‍ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു ..........
വാസുവിന്റെ മിഴികള്‍ നനഞ്ഞ്...കവിളിലേക്കു ചാല് കീറി.........

"വാസുവേ.... നിന്നെ വിളിക്കുന്നുണ്ട്"....
സെല്ല് തുറന്നു കൊണ്ടു കോന്‍സ്റ്റബിള്‍ ഗോപാലന്‍ പറഞ്ഞു ...
വാര്‍ഡന്റെ മുന്നില്‍ രജിസ്റ്റര്‍ ഒപ്പ് വെച്ച്‌ നിവര്‍ന്നു ...
അയാള്‍ അല്‍പ്പ നേരം വാസുവിന്റെ മുഖത്തേയ്ക്കു നോക്കി ....വികാരങ്ങളുടെ പ്രതിഫലനങ്ങള്‍ ഒന്നുമില്ലാത്ത പതിവ് നോട്ടം ...
"മ് മം ...ആരേലും വരുമോ കൂട്ടാന്‍ "?..
"ഇല്ല സാര്‍ .".
"ആരേം അറിയിച്ചിട്ടില്ല "........

"ശേഖരന്‍ നായരേ".....
അയാള്‍ നീട്ടി വിളിച്ചു ...
" സാര്‍ "..
അയാള്‍ അവിടേക്ക് വന്നു ചോദിച്ചു ..
"ഇനി പ്രത്യേകിച്ച് ഫോര്‍മാലിട്ടീസ്."........?
"ഒന്നു മില്ല സാര്‍ ..
എല്ലാം പതിവ് പോലെ.".
"എന്നാ പിന്നെ പൊയ്ക്കോട്ടേ "....
വാസു വാര്‍ഡനു നേര്‍ക്ക്‌ കൈ കൂപ്പി ..
അയാളില്‍ നിന്ന് അതിനു പ്രത്യേകിച്ചൊരു പ്രതികരണമുണ്ടായില്ല .....

അവിടുന്ന് പുറത്തിറങ്ങി നടക്കാന്‍ തുടങ്ങവേ ശേഖരന്‍ നായര്‍ പറഞ്ഞു..
"ഒന്നും മനസ്സില്‍ വെയ്ക്കണ്ട വാസ്വേ.....
ജീവിതത്തിലെ ഒരിരുണ്ട കാലം കഴിഞ്ഞൂന്ന് കരുതിയാ മതി ...
ഓരോരോ പരീക്ഷണങ്ങള്‍ .. അല്ലാണ്ടെന്താ."...
അയാള്‍ തല കുലുക്കി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു ...

കവലയില്‍ ബസ്സിറങ്ങുമ്പോള്‍ കാലുകള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു..
വീട്ടിലേക്കുള്ള വഴിയെ തല കുനിച്ചു നടക്കുമ്പോള്‍ അയാള്‍ക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നി ..
ഒരു പാട് നടന്ന വഴികളില്‍ ഒരപരിചിതനെപ്പോലെ അയാള്‍ നടന്നു ....
"വാസ്വേ ".....
നീട്ടിയുള്ള വിളി കേട്ട് അയാള്‍ നിന്നു.
പുറകീന്ന് തോളില്‍ കൈ വെച്ച്‌ ചായക്കടക്കാരന്‍ നാരായണന്‍ ..
"നിന്നെ വിട്ടോ"?
"അതോ പരോളാണോ"?
"അല്ല നാരായണ ..ശിക്ഷ കഴിഞ്ഞു ".
"എന്നാലും വാസൂ ..നിന്റെ ഒരു വിധി "...........
അയാള്‍ മറുപടിക്ക് നില്‍ക്കാതെ നടന്നു തുടങ്ങിയിരുന്നു ...
പിന്നെയും ചില പഴയ മുഖങ്ങള്‍ പരിചയം പുതുക്കി..
എല്ലാര്‍ക്കും സഹതാപത്തിന്റെ ഒരേ മുഖം..
എല്ലാ വായില്‍ നിന്നും ഒരേ ചോദ്യവും ..
'വിട്ടതാണോ ..അതോ'?
ജയിലിനുള്ളിലെ ചില നിമിഷങ്ങളിലെ അതേ വീര്‍പ്പുമുട്ടലില്‍ വാസു പുളഞ്ഞു ...

വീട്ടിലേക്കുള്ള ഇടവഴിയില്‍ എത്തിയപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു....
പതുക്കെ മഴയുടെ ശക്തി കൂടി വന്നു..
പിന്നെ വീണ്ടും ചെറു ചാറ്റലിലേക്ക് ഗതി മാറി .
മുറ്റത്തേയ്ക്ക് കയറുമ്പോഴേക്കും രമണി ഓടിയെത്തിയിരുന്നു ..
"എന്‍റെ ദൈവമേ .!...
വന്നോ..
കഴിഞ്ഞ മാസം കാണാന്‍ വന്നപ്പോഴും ഒന്നും പറഞ്ഞില്ലാല്ലോ" !.....
"മം ....അതിനു ശേഷമാ അറിഞ്ഞത് ".
"ന്നിട്ട് ..എന്നേ അറീച്ചില്ലല്ലോ."..
"നീ പിന്നെ അതുമോര്‍ത്തോണ്ടിരിക്കും."..
അതാ വേണ്ടാന്നു വെച്ചേ ..
"അല്ലേങ്കി...ഞാന്‍ ഓര്‍ക്കാണ്ടാ "..?
അവരുടെ കണ്ണു നിറഞ്ഞു തുടങ്ങിയിരുന്നു ...
"നിങ്ങളെന്തേലും കഴിച്ചോ ?
ഞാന്‍ ഇച്ചിരി ചായക്ക്‌ വെള്ളം വെക്കട്ടെ .."
രമണി അടുക്കളേലേക്ക് നടന്നു..

അയാള്‍ പുറത്തേയ്ക്കിറങ്ങി ...
കാലുകള്‍ അറിയാതെ തെക്കേ കുഴിമാടത്തിലേക്ക് നീങ്ങി ..........
അവിടെ നില്‍ക്കുമ്പോള്‍ നെഞ്ചിലൂടെ ഒരു തീ പടര്‍ന്നു താഴേക്കിറങ്ങുന്ന പോലെ....
"മോ ...ളേ "..
അയാളില്‍ നിന്നും ഒരു തേങ്ങല്‍ വിറകൊണ്ടു പുറത്തേയ്ക്ക് വന്നു ...
എത്ര നേരം ആ നില്‍പ്പ് തുടര്‍ന്നൂന്നു അറിയില്ലാ ....
"ചാറ്റ മഴയുണ്ട് ....നനയാന്‍ നില്ക്കണ്ടാ "......
രമണിയുടെ വിളി കേട്ടാണ് ഞെട്ടി തിരിഞ്ഞത് ...
അവര്‍ ചായ ഗ്ലാസ്സുമായി അയാള്‍ക്കരികിലേക്കു വന്നു ...
അപ്പോഴാണയാള്‍ ശ്രദ്ധിച്ചത് .....വരാന്തയില്‍ തൂണിനു പകുതി മറഞ്ഞ് ..ഒരു പാവാടക്കാരി ....
അയാള്‍ ചുളിഞ്ഞ മുഖത്തോടെ രമണിയെ നോക്കി..
"അറിയാമോ അവളേതാന്ന്.".?
അയാള്‍ വീണ്ടും ആ പെണ്‍കുട്ടിയെ നോക്കി ....
പിന്നെ ചോദ്യ ഭാവത്തില്‍ രമണിയേയും..?
ദിവാകരന്റെ മോളാ !..
ശാലിനി ..
അന്നത്തേനു ശേഷം മാലിനീം ഈ കൊച്ചും ഒരു പാട് കഷ്ടപ്പെട്ടു....
അവള്‍ക്കു വീട്ടുകാരെന്നു പറയാന്‍ പണ്ടേ ആരുമില്ലാരുന്നല്ലോ..
ദിവാകരന്റെ വീട്ടുകാരും പതിയെ തിരിഞ്ഞു നോക്കാണ്ടായി ....
ഇതിനെടേല് എന്തോ ദീനമായിട്ട് മാലിനി ആശുപത്രീലായി ....
ഡോക്ടറന്‍മാര് ചികിത്സിച്ച കൂട്ടത്തില് എന്തോ ചില സംശയം വന്ന് രക്തം പരിശോധിക്കണമെന്നോ മറ്റോ പറഞ്ഞു ....പിന്നെ നാട് മുഴുവന്‍ പരന്നത് അവള്‍ക്കു എയിഡ്സ്‌ ആന്നാ ....
ഭേദമായി തിരിച്ചു വന്നിട്ടും അവരെ ജീവിക്കാന്‍ അനുവദിച്ചില്ല ചില എമ്പോക്കികള്...
അത്രയ്ക്ക് മനസ്സാക്ഷിയുള്ളവരല്ലേ ഇവിടുത്തുകാര് ...
പിന്നീട് ഇതുങ്ങളനുഭവിച്ചത് നോക്കുമ്പോ .........
ചെലപ്പോ എനിക്ക് തോന്നും നമ്മളെക്കാളും നരകിച്ചത് ഇതുങ്ങളാന്നു..
തീരെ സഹിക്കാന്‍ വയ്യാഞ്ഞിട്ടാന്നു തോന്നു കഴിഞ്ഞാഴ്ച ഒരു കഷണം കയറില് അവള് എല്ലാം മതിയാക്കി പോയി ."..

"എല്ലാരും പല വഴിക്ക് പിരിഞ്ഞപ്പോ ഈ പെങ്കൊച്ചിനെ പെരുവഴീ കളഞ്ഞേച്ചു പോരാന്‍ എനിക്ക് കഴിഞ്ഞില്ല വാസുവേട്ടാ ........
എനിക്ക് നമ്മുടെ യമുന മോളേ ഓര്‍മ്മ വന്നു..
നിങ്ങളോട് അനുവാദം ചോദിക്കണമെന്ന് വെച്ചതാ ...
പിന്നെ മനസ്സ് പറഞ്ഞു ....
നിങ്ങളും ഇതല്ലാതെ മറിച്ച് പറയില്ലാന്നു" ...
അയാള്‍ ചായ ഗ്ലാസ്സ് അവരെ ഏല്‍പ്പിച്ച്‌ ആ പെങ്കുട്ടിക്കടുത്തേയ്ക്ക് നടന്നു .
അടുത്ത് ചെന്ന് അവളുടെ തലയില്‍ വിരലോടിച്ചു...
"അച്ഛാ "....
അവള്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു ..
കാതങ്ങള്‍ക്കപ്പുറത്തു നിന്നു യമുന വിളിക്കുന്ന പോലെ അയാള്‍ കേട്ടു..
"മോളേ .".....
വിളിക്കുകയായിരുന്നില്ല ...ഒരു തരം വിതുമ്പലോടെ അയാള്‍ അവളെ നെഞ്ചോട്‌ ചേര്‍ത്തു..

മഴയുടെ ആര്‍ത്തിരമ്പം അടുത്തടുത്ത്‌ വന്നു .....
തെക്കേ കുഴി മാടത്തെ ചുറ്റി ഒരു തണുത്ത കാറ്റ് അവരെ വലയം ചെയ്തു ....

******************

നിലനില്‍പ്പിനു വേണ്ടിയുള്ള സമരം - ഡാര്‍വിന്‍ തിയറി

നിലനില്‍പ്പിനു വേണ്ടിയുള്ള സമരം - ഡാര്‍വിന്‍ തിയറി ***************************************************

"ത്ഫൂ !!...
നായിന്റെ മോന്‍ ...!"
രാഘവന്‍ നായര്‍ രാവിലെ തന്നെ മകനെ ഞാന്‍ നിന്റെ തന്തയല്ല എന്നറിയിച്ചു ..
"നാല് ചക്രം കിട്ടുന്ന കാര്യം അവന് ആക്ഷേപമാണ് പോലും ..
ബാക്കിയൊള്ളോര് ഒരോരുത്തന്റെ മുന്നീ തലേം ചൊറിഞ്ഞ് കൈയും കാലും പിടിച്ചു ഒരു വിധം ഒപ്പിച്ചെടുത്തപ്പോ ഇവിടുത്തെ തമ്പുരാന് കുറച്ചിലാണ് പോലും ..
കാശ് മാത്രമല്ല കാര്യം ..ചെയ്യുന്ന തൊഴിലിനു മാന്യത വേണമത്രേ ..

ത്ഫൂ ! സ്റ്റയിലന്‍ കഴുവേറി" !!

അയാള്‍ നീട്ടി തുപ്പുന്നതിനിടയില്‍ ഈണത്തില്‍ തെറി വിളിച്ചു .
വര്‍ഷങ്ങളായി ശ്രീമാന്‍ രാഘവന്‍ നായര്‍ അവര്‍കള്‍ സ്വപുത്രന്‍ രവിയോടുള്ള അഗാധമായ പുത്രവാത്സല്യം ഒട്ടും മറയില്ലാതെ പ്രകടമാക്കുന്ന വേളകളില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടത് ..

"നിങ്ങള്‍ക്ക് രാവിലെ തന്നെ വാ തുറന്നു നല്ല വര്‍ത്തമാനം എന്തേലും പറഞ്ഞൂടെ മനുഷ്യാ ..
ഒന്നുമില്ലേലും അവനൊരു ജോലിക്കാര്യത്തിനു പോകുവല്ലേ..
'പിള്ളേ തല്ലിയാല്‍ തള്ളയ്ക്കു കൊള്ളുമെന്ന് ' ഭാര്‍ഗ്ഗവിയമ്മ..കണവനെ ബോദ്ധ്യപ്പെടുത്തി..
"പിന്നേ...മൂന്നു കൊല്ലം ഡിഗ്രിക്ക് ചെരയ്ക്കാന്‍ നടന്നിട്ട് കഷ്ടിച്ച് കിട്ടിയ പാസ് സര്‍ട്ടിഫിക്കെറ്റും കൊണ്ടു ചെന്നാലുടനെ നിന്റെ മോനെ അവര് സബ് കലക്ടറാക്കാന്‍ പോവല്ലേ ..
നാളത്തെ പത്രത്തില് നാല് കോളം വാര്‍ത്തേം കാണും ..നീ ഒരുങ്ങിയിരുന്നോ "...

"ഇതും കൂടി കിട്ടിയില്ലെങ്കിലും എന്നേക്കൊണ്ടു വയ്യാ ബ്രാണ്ടിക്കടെല് കണക്കപ്പിള്ളയാവാന്‍..
ഞാന്‍ മദ്യ വിരുദ്ധ സമിതി പ്രസിഡന്റാണെന്ന കാര്യം ഈ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്ന പകല് പോലത്തെ സത്യമാ..
ഈ കരിങ്കാലിപ്പണിക്കു പോയാ പിന്നേ അവരെടെ ഒക്കെ മുഖത്ത് ഞാനെങ്ങനെ നോക്കും" .....
രവി തന്തപ്പടിക്ക് മുന്നില്‍ തന്റെ നയം വെട്ടിത്തുറന്നു വ്യക്തമാക്കി .
"അയ്യോ ! പ്രസിഡണ്ട് സാറ് നോക്കിയില്ലെങ്കില്‍ പിന്നേ അവര് വലത്തേ കൈ കൊണ്ടു ചായേം കുടിക്കില്ലാ ..ഇടത്തേ കൈ കൊണ്ടു ചന്തീം കഴുകില്ലാ "....

അച്ഛന് വല്ലപ്പോഴുമെങ്കിലും അല്‍പ്പം സംസ്കാരത്തോടെ സംസാരിച്ചൂടെ....
"
പ് ഫാ ! തന്തെ സംസ്കരിക്കരിക്കാനെറങ്ങിയേക്കുന്നു ഒരു പുണ്യവാളന്‍ ....നാട്ടുകാര് ഇപ്പഴും പറേന്നൊണ്ട് ...പോന്റെ പഴേ കൊണവതിയാരങ്ങള്..
വെറുതെയല്ല കാര്‍ന്നോന്മാര് പണ്ടേ പറഞ്ഞു വെച്ചത് ...വാഴ വെയ്ക്കണ്ട നേരത്ത്" ..............................

"നിങ്ങളൊന്നു നിര്‍ത്തുന്നുണ്ടോ ..പ്രായമായ ചെറുക്കനോടാ പറേന്നേന്നോര്‍ക്കണം"...
ഭാര്‍ഗ്ഗവിയമ്മ ഭര്‍ത്താവിനെ അര്‍ത്ഥ ശാസ്ത്രം മുഴുവിക്കാന്‍ അനുവദിച്ചില്ല.
"മ്ഹൂം ..പ്രായം ...പുന്നയ്ക്കാ മൂത്തിട്ടെന്തിനാ...മണ്ണീ വീണു പൊടിയാന്‍ കൊള്ളാം ..
മുടിയാനായോരോ ജന്മങ്ങള് "....അയാള്‍ പിറു പിറുത്തു കൊണ്ടു പുറത്തേയ്ക്കിറങ്ങി

"മോനിതൊന്നും കാര്യമാക്കണ്ടാ ...
അല്ലെങ്കീ തന്നെ ഇതിപ്പം ആദ്യ മായിട്ടൊന്നുമല്ലല്ലോ".
അവര്‍ മകനെ സമാധാനിപ്പിച്ചു ....
"നീ നേരം കളയാണ്ട് പോകാന്‍ നോക്ക് ....പോന്ന വഴി അമ്പലത്തീ കേറി തൊഴാന്‍ മറക്കണ്ടാ.."

രവി ഇരുണ്ട മുഖത്തോടെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി ..
ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അച്ഛന്റെ പുലഭ്യം പറച്ചില്‍ നിഴല്‍ പോലെ അയാളെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഈ തെറി കഷായത്തിന്റെ കവര്‍പ്പ് ഒരു തവണ പോലും അളവ് തെറ്റാതെ പകര്‍ന്നു തരുന്നതില്‍ അച്ഛനൊരു പ്രത്യേക വിരുതു തന്നെ പ്രകടിപ്പിച്ചു പോന്നു. സാധാരണ എല്ലാ വീടുകളിലും ഇളയ കുട്ടിയോട് ഒരു പ്രത്യേക വാത്സല്യം ..വീട്ടുകാര്‍ക്കെല്ലാം ഉണ്ടായിരിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ....എനിക്കാ പ്രത്യേകത വേണ്ടാ... മറിച്ച് അച്ഛന്റെ വായില്‍ നിന്ന് ഒരിക്കലെങ്കിലും നാമ വിശേഷ ണങ്ങളാല്‍ അലങ്കരിക്കപ്പെടാതെ നാല് ചുമരുകള്‍ പൊളിഞ്ഞു വീഴാത്ത മൃദുലതയില്‍ 'മോനേന്ന്' ഒരു വിളി ....അത്രെയെങ്കിലും കാലം തെറ്റി പിറന്ന ഒരിള മുറക്കാരന്റെ അവകാശ രേഖയില്‍ ഉള്‍പ്പെടില്ലേ.....

കുട്ടിക്കാലത്ത് പലപ്പോഴും തന്നെ മടിയിലിരുത്തി നെറ്റിയിലേക്ക് അനുസരണയില്ലാതെ പടര്‍ന്നു കിടക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി നിറ കണ്ണുകളൊപ്പി അമ്മ പറയുമായിരുന്നു......
"അച്ഛന് രവിക്കുട്ടനോട് സ്നേഹ മില്ലാഞ്ഞിട്ടൊന്നുമല്ല ....
അനുസരണക്കേട്‌ കാട്ടാണ്ട് ..ചീത്ത കൂട്ടൊന്നും കൂടാതെ നല്ല കുട്ടിയായി വളര്‍ന്നു മിടുക്കനാവാനല്ലേ അച്ഛന്‍ വഴക്ക് പറേന്നെ "....
പൊള്ളലേറ്റ ഒരു ബാല്യത്തിനു അമ്മയുടെ ഈ തേന്‍ പുരട്ടല്‍ കുറച്ചൊന്നുമല്ലാ ആശ്വാസം പകര്‍ന്നിരുന്നത് ....

ഒരു തവണ തെക്കിനിയിലെ സംസാരം ശ്രദ്ധിച്ചു നടന്നതാണ് ..തൂണിനു മറഞ്ഞ് നിന്നു കണ്ടു ..വടക്കേതിലെ ബാലന്‍ മാമയോടു വെടി പറഞ്ഞിരിക്കുകയാണ് അച്ഛന്‍ ..ഉണ്ണിയേട്ടന്‍ അച്ഛന്റെ പിറകില്‍ നിന്നും തോളില്‍ക്കൂടി രണ്ട് കൈയും മുന്നോട്ടു കൊരുത്ത് ഊഞ്ഞാല്‍ ആടുന്നു .......
സത്യമായിട്ടും അമ്മയുടെ തേന്‍ പുരട്ടല്‍ അങ്ങാടി മരുന്നുപോലെ വെറും കളിപ്പീര് മാത്രമാണെന്ന് മനസ്സിലായി.

അച്ഛന്റെ തുടര്‍ന്നുള്ള സംസാരം അതിന്റെ വിശ്വാസ്യതയെ ബലപ്പെടുത്തുകയും കൂടി ചെയ്തു..
"ബാലാ ...ഉണ്ണിയുടെ കാര്യത്തില്‍ എനിക്കൊരു പേടിയുമില്ലാ.
മിടുക്കനാ ഇവന്‍...ഇവന്‍ നല്ലൊരു നിലേലെത്തും ..
അതെനിക്കുറപ്പാ ....ഒരു സംശയവും വേണ്ടാ..

പക്ഷെ രണ്ടാമത്തേത് വിത തെറ്റി ഉണ്ടായതാ ...
കൂമ്പ് പോയ വാഴക്കന്ന് പോലെ ....
ഒന്നുകില് വിത്ത് ഗുണം പത്തു ഗുണാകണം ..
അല്ലാച്ചാ ഒരസുര ജന്മമെങ്കിലും..
ഇത് രണ്ടും കെട്ടതാ...വെറും മൊണ്ണ ..
ഗതി പിടിക്കുമെന്ന് തോന്നുന്നില്ലാ"...

"അങ്ങനെ തീര്‍ത്തൊരു വിധിയെഴുത്ത് വേണ്ട രാഘവേട്ടാ ...
രവി കുട്ടിയല്ലേ ...അവന്‍ നന്നായിക്കോളും ....
സമയം ഇനിയുമെത്ര കെടക്കുന്നു" ...
"ഇല്ല ബാലാ ..എനിക്ക് തീരെ പ്രതീക്ഷയില്ല ...
മുള കണ്ടാലറിയാം, വിള എങ്ങനാരിക്കൂന്നു .."

ഇടവപ്പാതിയിലെ മഴപോലെ തോര്‍ന്നു നിന്ന രണ്ട് കുഞ്ഞു കണ്ണുകള്‍ തൂണിനു പിറകില്‍ വീണ്ടും പെയ്തു തുടങ്ങി ....
വിത തെറ്റി ഉണ്ടായെതാണ് താനെന്നു പലപ്പോഴും അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ....പക്ഷേ അന്നൊന്നും അതിന്റെ പൊരുള്‍ പിടി കിട്ടിയിരുന്നില്ല .....

പത്താം തരത്തില് കഷ്ടപ്പെട്ടൊരു ഫസ്റ്റ് ക്ലാസ്സ് വാങ്ങീട്ടും അച്ഛന് വലിയ മതിപ്പൊന്നും ഇല്ലാരുന്നു ...
"ഇന്നത്തെക്കാലത്ത് ടെക്നിക്കലായിട്ടെന്തെങ്കിലും അറിഞ്ഞില്ലെങ്കില്‍ ജോലി തെണ്ടി തെക്കുവടക്ക് നടക്കാമെന്നെയുള്ളൂ .... പോളിക്കോ മറ്റോ നോക്കാമെന്ന് വെച്ചാല്‍ സയന്‍സിനും, കണക്കിനും കൊട്ടക്കണക്കിനാ മാര്‍ക്ക് വാങ്ങി കൂട്ടിയെക്കുന്നെ "....
അദ്ദേഹം ആധികാരികമായിത്തന്നെ ഒരു വിലയിരുത്തല്‍ നടത്തി..

അച്ഛന്‍ ഉണ്ണിയേട്ടനെ എന്ട്രന്‍സ് എഴുതിക്കുന്ന തിരക്കിലായിരുന്നു എന്നതാണ് സത്യം ...
അതിനടയില്‍ തന്റെ ഫസ്റ്റ് ക്ലാസ് വെറും ചേനക്കാര്യം മാത്രം.
ഒടുവില്‍ ബാലന്‍ മാമന്റെ മോന്‍ പ്രകാശേട്ടനാണ് കുറച്ച് ദൂരെയാണെങ്കിലും ടൌണിലെ കോളേജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ തരപ്പെടുത്തിയത് .....വീട്ടിലെ ശ്വാസം മുട്ടലില്‍ നിന്നും ശരിക്കും ഒരു മോചനം തന്നെയായിരുന്നു അത് ..

"എന്താ രവി ഇന്ന് ഇന്റര്‍വ്യൂ ഉണ്ടെന്നു തോന്നുന്നു ...
വേഷം കണ്ടിട്ട് ഊഹിച്ചതാണേ .".
എതിരെ വന്ന ശിവേട്ടന്റെ ചോദ്യം ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി ...
"മം .. പോണ വഴിയാ ..."
"എന്നാ പിന്നെ വൈകണ്ട ..
ബെസ്റ്റ് ഓഫ് ലക്ക് ..
വൈകിട്ട് ലൈബ്രറി വെച്ച്‌ കാണാം" ..
"ശരി ശിവേട്ടാ .."..
അയാള്‍ നടത്തം തുടര്‍ന്നു ..ഇന്നിനി ഒരു വേഷം കെട്ടല് വേണോ ?
സത്യം പറഞ്ഞാല്‍ തീരെ മൂഡില്ലാ..
അല്ലെങ്കീ തന്നെ സ്ഥിരം കലാപരിപാടിക്കപ്പുറം വലിയ പ്രതീക്ഷയ്ക്ക് സ്കോപ്പില്ല താനും ...
അയാള്‍ ടൈ ഊരി പോക്കറ്റിലിട്ടു ..ഇന്‍സേര്‍ട്ട് ചെയ്തിരുന്ന ഷേര്‍ട്ടു പുറത്തിട്ടു പാടവരമ്പത്തൂടെ വായനശാല ലക്ഷ്യമാക്കി നടന്നു ..

ഇപ്പൊ കൃഷി ഇല്ലാത്തോണ്ട് വരമ്പ് നിരന്നു റോഡു പോലെ ആയിരിക്കുന്നു. അച്ഛന്‍ വില്‍ക്കണേനു മുന്‍പ് തെക്കേ കണ്ടത്തിലെ മകരക്കൊയ്ത്തു ഇപ്പഴും നല്ല ഓര്‍മ്മയുണ്ട് ..തനിക്കു ഒരു പ്രത്യേക വിളിപ്പേര് അച്ഛന്‍ ഇട്ട് തന്നത് അക്കാലത്താണ് ...പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയമാണ് ..അച്ഛനപ്പോഴും വീട്ടു പണി എടുപ്പിക്കുന്നതില്‍ ഒരു കുറവും വരൂത്തീട്ടില്ലാരുന്നു ..നെല്ല് വിളഞ്ഞതോടെ ശനീം ,ഞായറും പാടത്ത് കിളിയെ ഓടിക്കല്‍ അധിക ഡ്യൂട്ടിയായി ..

ഒരു ദിവസം അടുക്കളേല് അമ്മയോട് സങ്കടം പറഞ്ഞു നില്‍ക്കുവാരുന്നു ...
"അമ്മേ..ഞാനിനി പാടത്ത് പോകില്ല ..
കൂട്ടുകാര് മുഴുവന്‍ എന്നെ വിളിക്കുന്നതെന്താന്നു അറിയാമോ ?
'വെട്ടുക്കിളീന്നു '..
അച്ഛനോട് പറഞ്ഞേര് ..എന്നേ കൊന്നാലും ഞാനിനി പോവില്ലാ".

ഭാഗ്യത്തിന് അച്ഛനപ്പുറത്തുതന്നുണ്ടാരുന്നു ...വടക്കേപ്പുറത്തൂന്നു ചീറിക്കൊണ്ടാണ് അടുക്കളേലേയ്ക്ക് വന്നത് ...
"ന്നാ പിന്നേ.. തമ്പുരാന്‍ കാലും കൈയും കഴുകി എലേടെ മുന്നിലോട്ടിരുന്നാട്ടെ ......
മൂന്നു നേരം വെട്ടി വിഴുങ്ങാന്‍ നിന്റെ മറ്റവന്‍ പത്തായം നിറച്ചു വെച്ചേക്കുന്നോടാ അസത്തേ.......
അവന് നാണക്കേടാണ് പോലും ...
'സ്റ്റയിലന്‍ കഴുവര്‍ടാന്‍ മോന്‍' "
പിന്നീടും പല അവസരങ്ങളിലും അച്ഛന്‍ തന്നെ ഒരു സ്റ്റയിലനായി കണ്ടിട്ടുണ്ട് ....

ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോഴായിരുന്നു വെള്ളിടി വെട്ടി നടക്കുന്നോനെ പാമ്പ് കടിച്ചൂന്നു പറഞ്ഞ പോലെ അത് സംഭവിച്ചത് ..അഞ്ചു കൊല്ലം പഠിച്ച കോളേജില്‍ ആരുമറിയാത്ത ഒരു മൂലയ്ക്കൊതുങ്ങി മാത്രമായിരുന്നു ..പഞ്ചാരക്കുട്ടന്മാരെ കൊണ്ടു നിറഞ്ഞ കാമ്പസില്‍ നാല് ചുരിദാറു പീസുകളെ ഒന്നിച്ചു കണ്ടാല്‍ തന്നെ തന്റെ മുട്ടിടിച്ചു വഴി മാറി ഓടുമായിരുന്നു. ഈ ഒരു വിറയല്‍ കൊണ്ടു മാത്രമാണ് ഒഴിവു സമയങ്ങളധികവും കോളേജ് ലൈബ്രറിയില്‍ കഴിച്ചു കൂട്ടിയത് .ഒരു തരം ഒളിച്ചോട്ടം ...

അങ്ങനെ ഒരു വെറും നിര്‍ഗുണ പരബ്രഹ്മമായി കാലം കഴിക്കുന്നതിനിടയിലാണ് വനജയെ പരിചയപ്പെടുന്നത് ..വെളുത്ത് വട്ട മുഖമുള്ള ഒരു മീഡിയം സുന്ദരി . ബി .കോം ഫൈനലിയര്‍ ബാച്ചിലാണ് . ലൈബ്രറിയില്‍ വെച്ച്‌ പുസ്തകങ്ങളുടെ പേരു ചോദിച്ചു തുടങ്ങിയ പരിചയപ്പെടല്‍.. പതുക്കെ അതൊരു നല്ല സൌഹൃദത്തിലേക്ക് വഴിമാറി ...പിന്നേ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത സ്ഥിരം കാമ്പസ് ഫോര്‍മാറ്റില്‍ ഒരു പ്രണയ കഥ ...അവളെ കാണാന്‍ വേണ്ടി മാത്രം ലൈബ്രറിയിലേക്കുള്ള യാത്രകളുടെ എണ്ണം കൂടി ....

കാമ്പസിലെ പ്രണയങ്ങള്‍ വിരഹത്തിന്റെ ഇല കൊഴിക്കുന്ന മാര്‍ച്ച് മാസമായിരുന്നു അത് . പൈന്മരച്ചോട്തോറും പെയ്തൊഴിയാത്ത മേഘക്കീറുകള്‍ പോലെ മണിക്കൂറുകള്‍ സല്ലപിക്കുന്ന കുമാരികളും കുമാരന്മാരും, ..
തികച്ചും ഗൌരവപരമായ തീരുമാനങ്ങള്‍ രൂപം കൊള്ളുന്ന ഭാവിയുടെ ആസൂത്രണ കമ്മീഷന്‍ എന്ന നിലയ്ക്കാവും ഈ സമയത്തെ സല്ലാപങ്ങള്‍ ..

"നാളെ എനിക്കൊരു ജോലി ...
പിന്നേ ആരേം പേടിക്കേണ്ട കാര്യമില്ല
അത് വരെ നീ കാത്തിരിക്കില്ലേ..."
കേട്ടു മടുത്ത കുമാരന്റെ ചോദ്യത്തിന് ..
"നിനക്കെന്നെ വിശ്വാസമില്ലേ "..
എന്ന കുമാരിയുടെ പൊടി പിടിച്ച മറുചോദ്യം..

എക്സാം ഡേറ്റ് അടുത്ത സമയമായിരുന്നതിനാല്‍ കാമ്പസ് പൊതുവേ ശാന്തമായിരുന്നു ...
ലൈബ്രറിയില്‍ ചില ബുക്കുകള്‍ മടക്കി കൊടുത്തു തിരിച്ചു പോന്ന വഴി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ
ഇടനാഴിയിലൂടെ കാന്റീന്‍ ലക്‌ഷ്യം പിടിച്ചു നടക്കുവാരുന്നു..ഇടതു വശത്തെ രണ്ടാമത്തെ ക്ലാസ് റൂമില്‍ നിന്നും ചില അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാം ..അടഞ്ഞു കിടന്ന ജനല്പ്പാളിയോടു ചെവി വട്ടം പിടിച്ചു ...ഇപ്പോള്‍ നേര്‍ത്ത ഒച്ചയില്‍ ചില ശീല്‍ക്കാരങ്ങള്‍ കേള്‍ക്കാം ..ഒരു ജിജ്ഞാസാ കുതുകിയുടെ ആവേശത്താല്‍ ഞാന്‍ ജനല്‍ പാളി തളളിത്തുറന്ന് നോക്കി ..ഞെട്ടിപ്പോയി അകത്തു പിടഞ്ഞു മാറിയ രണ്ട് അര്‍ദ്ധ നഗ്ന രൂപങ്ങള്‍ ..ആര്‍ട്സ് ക്ലബ് സെക്രട്ടറി ബിജു വര്‍ഗീസും ...ഒരു പെണ്‍കുട്ടിയും ..അവളേതാണെന്ന് പിടി കിട്ടിയില്ലാ ...അവന്‍ ജനലിലൂടെ പുറത്തേയ്ക്ക് ചാടിയതും താനവിടുന്നു ഓടിക്കഴിഞ്ഞിരുന്നു ..നേരെ കോളേജ് ഗേറ്റില്‍ ചെന്നാണ് അത് നിന്നത്..

ആദ്യം കിട്ടിയ ബസ്സിനു നേരെ വീട്ടിലേക്കു വെച്ച്‌ പിടിച്ചു ....ഉച്ചയൂണും കഴിഞ്ഞു മുറിയില്‍ കയറി വാതിലടച്ചു ..ഏതാണ്ടൊരു പത്തു മിനിട്ടായിക്കാണും ...ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു..അച്ഛന്റെ ഹലോ വിളി ഒരു തവണ കേട്ടു . തുടര്‍ന്ന് ഒരലര്‍ച്ച കേട്ടാണ് ചാടി എഴുന്നേറ്റത്.

"എടീ അവനിവിടില്ലേ ..
എടാ രവി .."
പേടിച്ചു വിറച്ചു അച്ഛന്റെ മുന്നില്‍ ഹാജരായി ...
വലതു കൈ വീശി ഇടത്തേ കവിളില്‍ ആഞ്ഞോരടി ..
വട്ടം കറങ്ങി നിലത്തു വീണു പോയി ..
"അയ്യോ !!
അമ്മ നിലവിളിച്ചു കൊണ്ടോടി വന്നു ..
"നിങ്ങക്കിതെന്തു പ്രാന്താ...
എന്തിനാ അവനെ തല്ലിയെ" ..
"നിന്റെ പുന്നാര മോനോട് തന്നെ ചോദിക്ക്.."
അമ്മ എന്‍റെ നേര്‍ക്ക്‌ നോക്കി ..
"എനിക്കൊന്നും അറിയില്ലമ്മേ ....സത്യം" ..
"ഇപ്പൊ ഫോണ്‍ വന്നത് ഇവന്റെ കോളേജീന്നാ."
താന്‍ അപ്പോഴും നെറ്റി ചുളിച്ചു നോക്കി ..
"ഒന്നുമറിയാത്ത പോലെ അവന്‍റെ നോട്ടം കണ്ടില്ലേ ..
തറവാടിന്റെ മാനം കളഞ്ഞ പട്ടി"..
അച്ഛന്‍ വീണ്ടും കൈ ഓങ്ങി ..
ഇത്തവണ അമ്മയുടെ സമയോചിതമായ ഇടപെടല്‍ അടുത്ത പ്രഹരത്തില്‍ നിന്നു രകഷപ്പെടുത്തി .
"നിങ്ങളെന്താ കാര്യമെന്ന് പറഞ്ഞെ ..
അമ്മ ഒച്ചയെടുത്തു ..
"ഈ സല്‍ഗുണ സമ്പന്നന്‍
ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു ..
പിള്ളേര് പിടിക്കാന്‍ ഓടിച്ചിട്ട്‌ ,രക്ഷപെട്ടു വന്നേക്കുവാണത്രേ..
പെണ്ണിന്റെ വീട്ടുകാര് പോലീസ് കേസ് കൊടുക്കാന്‍ പോകുവാ ..
അതോണ്ട് ഈ പട്ടീടെ മോന്റെ തന്തയായ ഞാന്‍ എത്രയും വേഗം അവിടെത്തണമെന്ന്..
ഇത്രയുമാണ് മംഗള വര്‍ത്തമാനം ..
എന്താ പോരെ .."

"ഇല്ലാമ്മേ... ഞാനല്ല ..ഞാന്‍ കണ്ടതാ അവര് രണ്ടും "........
"പ് ഫാ..വായടയ്ക്കടാ നാറീ.."
ഇത്തവണ അമ്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ സമയം കിട്ടും മുന്‍പേ ഒരെണ്ണം കൂടി കിട്ടി ..


പിന്നീട് നാണം കെട്ട് നരകിച്ച കുറെ ദിവസങ്ങള്‍ ..
പുറത്തിറങ്ങിയാല്‍ ആളുകളുടെ പരിഹാസച്ചിരി ...
ആത്മഹത്യെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട് ..പിന്നേ മനസ്സിലായി അതിനും മിനിമം ആത്മ ധൈര്യം ആവിശ്യമാണെന്ന്. ഒടുവില്‍ പ്രകാശേട്ടന്റെ ചില രാഷ്ട്രീയ പിടിപാടുകള്‍ വെച്ച്‌ അച്ഛന്‍ കുറെ പണിപ്പെട്ടാണ് എല്ലാം ഒതുക്കിയത് .

വനജയുടെ മുന്നില്‍ എല്ലാം തുറന്നു പറയാന്‍ ശ്രമിച്ചെങ്കിലും മുഴുവനാക്കാന്‍ കൂടി അവള്‍ നിന്നില്ലാ..
പിന്നീടൊരിക്കലും അവളെ കാണാന്‍ നിന്നിട്ടുമില്ലാ ..
വര്‍ഷങ്ങള്‍ക്കു ശേഷം ഒരുതവണ കണ്ടിരുന്നു ഭര്‍ത്താവുമൊന്നിച്ചു അമ്പലത്തില്‍ വെച്ച്‌ ..
വായനശാലയ്ക്കടുത്തു പുതിയ വീട് വെച്ചിരിക്കുന്നത് അവരാണത്രെ ...

ഒരേ ഒരാശ്വാസം അമ്മ മാത്രം തന്നെ മനസ്സിലാക്കി എന്നതാണ് ..
വിതുംമ്പലുകള്‍ക്കിടയില്‍ അമ്മയുടെ മന്ത്രണം ഇപ്പോഴും കാതിലുണ്ട് ....

"ന്റെ കുട്ടി അങ്ങനൊന്നും ചെയ്യില്ലാ ..എനിക്കുറപ്പാ ...
അതെന്റെ വിശ്വാസാ ..."

ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു നോക്കുമ്പോഴേക്കും മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു ..
അയാള്‍ ഒന്നു രണ്ട് ബൂക്സുമെടുത്തു പുറത്തേയ്ക്കിറങ്ങി ...
തികച്ചും യാദുശ്ചികമായിട്ടാരുന്നു എതിരെ വന്ന വനജെയും കുട്ടിയേയും കണ്ടത് ..
അവള്‍ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു :
"രവി ലൈബ്രറീന്നാരിക്കും."
"മം ..അതേ അയാള്‍ മൂളി ."..
"ഞങ്ങള്‍ ഒന്നു ടൌണ്‍ വരെ പോയതാ .....
അടുത്താഴ്ച ഹരിയേട്ടന്‍ കുവൈത്തീന്നൂ വരുന്നുണ്ട് ..
ഫാമിലീ വിസ ശരിയായിട്ടുന്ടെന്നു പറഞ്ഞു .....
ഞങ്ങളെക്കൂടി കൊണ്ടു പോകാനുള്ള .... വരവാ"
"നന്നായി".
അയാള്‍ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു..

"രവി ഇനിയെങ്കിലും ഒരു സ്ഥിര ജോലിക്ക് ശ്രമിക്കണം ..
ഒരു കല്യാണം കഴിക്കേണ്ട പ്രായവും കടന്നു പോകുവാന്നോര്‍ക്കണം .".

"മം ..ജോലി ശരിയായാലും മംഗലം പെട്ടെന്ന് നടക്കുമെന്ന് തോന്നുന്നില്ല ...
പട്ടാപ്പകല്‍ ഒരു പെണ്ണിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചവന് അത്ര വേഗം പെണ്ണ് കിട്ടുമോ ?
നല്ല കാര്യമായി !"

"പത്തു കൊല്ലം പഴക്കമുള്ളതിന്റെ റീ പോസ്റ്റ്മോര്ട്ടത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത് ...
ആദ്യം അത് മനസീന്നു കളയാന്‍ നോക്കൂ.."
"മറവി എല്ലാരേം ഒരു പോലെ അനുഗ്രഹിച്ചൂന്നു വരില്ല വനജേ ....
ചിലര്‍ക്ക് ചിലപ്പോള്‍ അത് സാഹചര്യം ആവശ്യപ്പെടുന്ന ഒഴിവാക്കാനാകാത്ത ഒന്നാവും ..
നില നില്‍പ്പിന്റെ ഡാര്‍വിന്‍ തിയറി പോലെ ..
മറ്റു ചിലര്‍ക്ക് ജീവിതാവസാനം വരെ മനസ്സ് നീറ്റാന്‍ കനിഞ്ഞു കിട്ടുന്ന ഭാഗ്യവും"..

"രവി എങ്ങോട്ടാണ് പറഞ്ഞു പോകുന്നതെന്ന് മനസ്സിലായി ...
ഞാന്‍ മറന്നിട്ടൊന്നുമില്ല...ആ ഒരു സംഭവം കൊണ്ടൊന്നുമല്ല ഞാന്‍ രവിയില്‍ നിന്നകന്നത് ...
ഞാന്‍ അതൊന്നും വിശ്വസിച്ചിട്ടുമില്ല."

"പിന്നെ, എന്ത് കൊണ്ടു ഞാന്‍ രവിക്കൊരു താങ്ങായില്ലാന്നു ചോദിച്ചാല്‍ ..താന്‍ പറഞ്ഞത് തന്നെ ഉത്തരം ..
ഒരു പെണ്ണെന്ന നിലയില്‍ എനിക്ക് പരിമിതികളുണ്ടായിരുന്നു..
കൌമാരത്തിലെ പ്രണയത്തിനെ ഏതൊരു പെണ്ണിനും അതില്‍ കൂടുതലായി നെഞ്ചോട്‌ ചേര്‍ക്കാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല...അതിന്റെ ആവിശ്യമില്ല താനും ....ഇന്നോര്‍ക്കുമ്പോള്‍ ഒരു തരം നൊസ്റ്റാള്‍ജിക്ക് ഫീലിംഗ്സ് അത്ര മാത്രം ..അന്നത്തെ ചുറ്റുപാടില്‍ എന്‍റെ വീട്ടുകാരെ അനുസരിക്കാതെ എനിക്കൊരു നില നില്‍പ്പില്ലാരുന്നു താനും ....എനിക്കിന്നും രവിയെ ഇഷ്ടമാണ് ..പൂര്‍വ കാമുകനായിട്ടല്ല ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ ....ഒരു നല്ല കൂട്ടുകാരന്‍ എന്ന നിലയില്‍"

"മ്ഹും ...അയാള്‍ ചുണ്ട് കോട്ടി ചിരിച്ചു ...
ഞാനൊന്ന് ചോദിച്ചോട്ടെ വനജേ ....
നാളെ ഹരി ഒരു പ്രത്യേക സാഹചര്യത്തില്‍ ...അതെന്തുമായിക്കോട്ടേ ....ഇത് പോലൊരു തിര്സ്കരണം നടത്തിയാല്‍ നീ അത് താങ്ങുമോ ?...ഇത്ര ലാഘവത്തോടെ അതിനെ കാണാന്‍ നിനക്ക് കഴിയുമോ?...
ഇല്ല ..കാരണം വ്യവസ്ഥാപിതമായ ഒരു ചങ്ങലക്കെട്ടിനുള്ളിലാണ് ആ ബന്ധം ..അതിന്റെ കണ്ണി പൊട്ടിയാല്‍ പിന്നെ ഈ കുട്ടി പോലും ഒരു ബാധ്യതയാണ് ....അത് കൊണ്ടു സൂക്ഷിച്ചേ പറ്റൂ ...
ആ ചങ്ങലക്കെട്ടിനു പുറത്തുള്ളതൊക്കെ എപ്പോ വേണേലും വലിച്ചെറിയാം ...

അന്ന് ആരോ ചെയ്ത തെറ്റിന് ഹോമിക്കപ്പെട്ട എന്‍റെ ജീവിതവും ഇങ്ങനെ തന്നെ" ..

"രവീ ഇവിടെയാണ്‌ ഞാന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞതും ..
അന്ന് ആരോ തെറ്റ് ചെയ്തെന്നു പറഞ്ഞു ...
എന്നിട്ടവ്ര്‍ക്കെന്തു പറ്റി..
ആരെങ്കിലും അവരെ ശിക്ഷിച്ചോ ?"

"ജീവിതത്തെ പ്രായോഗിക ബുദ്ധിയിലൂടെ കാണുന്നവര്‍ കുറ്റവാളികളെപ്പോലെ തല കുനിച്ചു നില്‍ക്കാറില്ല ....തെറ്റും ശരിക്കുമപ്പുറം പിടി കൊടുക്കാതിരിക്കലാണ് ജീവിതം ..രവി കണ്ട തെറ്റ് ഒരു പക്ഷെ ഇന്നും അവര്‍ക്ക് തെറ്റായിരിക്കില്ല..ഈ ലോകത്ത് ഓരോരുത്തരും അവരുടെ സുഖം നോക്കി തന്നെയാണ് ജീവിക്കുന്നത് ..നേരിട്ട് പറ്റാത്തത് മറവിലൂടെയും സാദ്ധ്യമാക്കി വെള്ള പൂശി ജീവിക്കുന്നു ..
അതിനിടയിലേക്ക് കോല് പോലെ വലിഞ്ഞു കേറുന്ന രവിയെപ്പോലെ ചില ത്രാണിയില്ലാത്ത കാരക്റ്റേഴ്സ് വല്ലോന്റേം വിഴുപ്പു ചുമക്കുവേം ചെയ്യും ...
അത്രേ ഉള്ളൂ ഈ ജീവിതം.."

"ഞങ്ങള്‍ നടക്കട്ടെ ..നേരം ഒരു പാടായി ..
മോളേ അങ്കിളിനു ടാറ്റാ കൊടുത്തെ ..."

അവര്‍ നടന്നു നീങ്ങുന്നതും നോക്കി അയാള്‍ കുറെ നേരം നിന്നു ..
പിന്നേ ഒരു ദീര്‍ഘ നിശ്വാസം വിട്ട് നടത്തം തുടര്‍ന്നു ....
പ്രകാശേട്ടനെ ഒന്നു കാണണം ...അടുത്ത ആഴ്ചയിലെ മീറ്റിങ്ങിന്റെ കാര്യമോന്നോര്‍മ്മപ്പെടുത്തണം ....

ഓടാമ്പല്‍ നീക്കി ഗേറ്റു തുറന്നു അകത്തു കയറി ...
മുന്‍ വാതില്‍ പൂട്ടിയിരിക്കുവാണ്..ആരുമുള്ള മട്ടില്ല ..
അയാള്‍ അടുക്കള വാതില്‍ തളളി നോക്കി ..ചാരിയിട്ടേയുള്ളൂ ...
വാതില്‍ മലക്കെ തുറന്നു അകത്തു കടന്നു ..

"പ്രകാശേട്ടാ ..ഇവിടാരുമില്ലേ" ....അയാള്‍ നീട്ടി വിളിച്ചു കൊണ്ടു ഹാളിലേക്ക് നടന്നു.
പെട്ടെന്ന് അകത്തെ മുറിയില്‍ നിന്നും കാറ്റിന്റെ വേഗതയില്‍ ഒരുത്തന്‍ രവിയെ തളളിത്തെറിപ്പിച്ച് അടുക്കള ഭാഗത്തെയ്ക്കോടി....വീഴ്ചയ്ക്കിടയിലും ഒരു മിന്നായം പോലെ രവി ആ മുഖം കണ്ടു...കല്‍പ്പണിക്കാരന്‍ മാധവന്റെ മോന്‍ വേണു ..അയാള്‍ അകത്തെ മുറിയിലേക്ക് നോക്കി ..
പ്രകാശേട്ടന്റെ ഭാര്യ വിമലേട്ടത്തി വെപ്രാളത്തില്‍ സാരി വാരി ചുറ്റി ബ്ലൌസിന്റെ കുടുക്കുകളിടാന്‍ പാട് പെടുന്നു...
മോനെ രവീ ..
അവര്‍ വിറച്ചു വിളിച്ചു ..
അയാള്‍ പെട്ടെന്ന് പുറത്തു കടന്നു ...
വനജയുടെ വാക്കുകള്‍ ചാട്ടുളി പോലെ മനസ്സില്‍ പ്രകമ്പനം കൊണ്ടു ...

"അതിനിടയിലേക്ക് കോല് പോലെ വലിഞ്ഞു കേറുന്ന രവിയെ പ്പോലെ ചില ത്രാണിയില്ലാത്ത കാരക് റ്റേഴ്സ് വല്ലോന്റേം വിഴുപ്പു ചുമക്കുവേം ചെയ്യും ...
അത്രേ ഉള്ളൂ ഈ ജീവിതം.."

രവിക്ക് പുറത്തേയ്ക്കിറങ്ങി ഓടണമെന്ന് തോന്നി .. കാലുകള്‍ നില്‍ക്കുന്നിടത്ത് ഉറച്ച പോലെ ..
ഒരു വിധം പുറത്തിറങ്ങി ഗേറ്റു വലിച്ചു തുറന്നു പുറത്തു കടന്നു കിതയ്ക്കുമ്പോള്‍ താന്‍ നടക്കുകയായിരുന്നോ അതോ ..പറക്കുകയായിരുന്നോന്നു അയാള്‍ക്ക്‌ സംശയിച്ചു ....
കിതയ്ക്കുന്നതിനിടയിലും അയാള്‍ സ്വയം പറഞ്ഞു ..

ഇല്ല ഞാനിവിടെ വന്നിട്ടില്ല ...
ഞാനൊന്നും കണ്ടിട്ടില്ലാ ..........


***************************************************

പുതിയ സമവാക്യങ്ങള്‍ !!

പുതിയ സമവാക്യങ്ങള്‍ !!
**************************

അന്ന് ഞായറാഴ്ച ആയിരുന്നിട്ടു കൂടി അശ്വതി നേരത്തെ ഉണര്‍ന്നു. അവള്‍ കൈ എത്തി മൊബൈലെടുത്തു ..
"ഓ !..മണി ആറര ആയതേയുള്ളൂ ..."
അനന്തേട്ടന്‍ തിരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ് ... തൊട്ടിലില്‍ കിങ്ങിണിയും അച്ഛനെപ്പോലെ സുഖ സുഷുപ്തിയില്‍ ..
നേര് പറഞ്ഞാല്‍ ഇന്നിത്ര നേരത്തെ എഴുന്നെല്‍ക്കണ്ട ഒരു കാര്യവുമില്ല.
അനന്തേട്ടന് ഓഫീസ്സില്‍ പോകണ്ടാ. രാവിലെ പ്രത്യേകിച്ച് സര്‍ക്കീട്ടോ കാര്യങ്ങളോ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ലാ താനും ..

എന്നിട്ടും നേരത്തെ ഉണര്‍ന്നു ...
പഠിക്കുന്ന കാലം തൊട്ടേയുള്ള ശീലമാണ് അതിരാവിലെ കൃത്യമായിട്ടുള്ള ഈ ഉണര്‍ന്നെണീക്കല്‍.
അനന്തേട്ടനുമൊത്ത് ഈ നഗരത്തിലേക്ക് കുടിയേറിയപ്പോഴും ആ പതിവ് തെറ്റിയിട്ടില്ല.
"ശ്രീമതി നിദ്രയോട് വിടപറഞ്ഞ സ്ഥിതിക്ക് പതിവ് മുടക്കണ്ടാ ."..
അനന്തന്റെ തല ചരിച്ചുള്ള ചോദ്യം അശ്വതിയെ ചിന്തകളില്‍ നിന്നുണര്‍ത്തി..
"എന്ത് "..?
"പ്രഭാതത്തിന്റെ നവോന്മേഷം "......
"ഓ !...ചായ ...
ശ്രീമാന്‍ പതിവില്ലാതെ ആലങ്കാരിക ഭാഷ ഉപയോഗിച്ചത് കൊണ്ട് ചോദിച്ചതാണേ"..., അവള്‍ എണീറ്റ്‌ മുടി ഒതുക്കി കെട്ടുന്നതിനിടയില്‍ പറഞ്ഞു ..


"അതെന്താ ഇയാള്‍ക്ക് മാത്രമേ ..വിശ്വ സാഹിത്യോം ബ്ലോഗെഴുത്തും പറഞ്ഞിട്ടുള്ളൂ ... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും ഈ പാവം ഭര്‍ത്താവും വല്ലപ്പോഴും ഇത്തിരി സൌരഭ്യം പൊഴിക്കട്ടെന്റെ ഭാര്യേ".

"ഞാന്‍ എതിരൊന്നും പറഞ്ഞില്ലേ ........ഒരു പത്തു മിനിട്ട് ....ചായ റെഡി .. മോളുണരുന്നോന്നു ശ്രദ്ധിച്ചോണേ "....

അശ്വതി അടുക്കളയിലേക്കു നടന്നു..
പാത്രം മോറുന്നതിനടയില്‍ വടക്കോട്ടുള്ള ജനല്‍പ്പാളി തുറന്നു ..
അതേ.., ആ സ്ത്രീ ഇന്നും മുറ്റത്ത്‌ തന്നെയുണ്ട്‌ ...
നല്ല വേഗത്തില്‍ മുറ്റമടിക്കുന്നു ....എഴുപതോടടുത്തു പ്രായം തോന്നിക്കും ...ഈ പ്രായത്തിലും അവര്‍ വീട്ടു പണിക്കു നില്‍ക്കുന്നതില്‍ അശ്വതി അത്ഭുതപ്പെട്ടു ..


രണ്ടാഴ്ചയോളമായിക്കാണും അവിടെ പുതിയ താമസക്കാര്‍ എത്തിയിട്ട് .. ഭാര്യേം , ഭര്‍ത്താവും പിന്നെ പ്രായം ചെന്ന ആ ജോലിക്കാരി തള്ളയും ..
അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നത് ഊഹം മാത്രമാണ് ...
കാരണം ഇത്രേം നാളായിട്ട് ഒരിക്കല്‍പ്പോലും അവരെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല ..
എന്തിനു അയലത്തുകാരുടെ പേരു കൂടി അറിയില്ല ...പിന്നല്ലേ അടുപ്പം കൂടല്‍ ..

കുറേ നാളായി അടച്ചു പൂട്ടി കിടന്ന ആ വീട്ടില്‍ പുതിയ താമസക്കാരെത്തിയപ്പോള്‍ ആശ്വാസം തോന്നിയിരുന്നു.. ഏറെക്കുറെ ഒറ്റപ്പെട്ട ഈ പ്രദേശത്ത് ഒന്നു വിളിച്ചാല്‍ക്കൂടി കേള്‍ക്കാന്‍ അടുത്തെങ്ങും ഒരു താമസം ഇല്ലെന്നു പറയാം...വീടെന്നു പറയാന്‍ ആ പാടത്തിനു നടുവിലായി രണ്ട് മൂന്നു ചെറിയ കൂരകള്‍ മാത്രം . നഗരത്തിന്റെ ഒച്ചപ്പാടില്‍ നിന്നും കുറച്ചെങ്കിലും അകന്നൊരു വീട് വേണമെന്നത് തന്റെ നിര്‍ബന്ധമായിരുന്നു ..

ഈ വീട് കാണാന്‍ വന്നപ്പോഴേ അനന്തേട്ടന്‍ എതിര്‍ത്തു,
"നോക്ക് അശ്വതി , ഇവിടുന്നു ഓഫീസിലേക്ക് മിനിമം മുക്കാല്‍ മണിക്കൂറെങ്കിലും ഡെയിലി വണ്ടി ഓടിക്കണം. ആര്‍ക്കെങ്കിലും ചെറിയൊരു കോള്‍ഡ് വന്നാല്‍ക്കൂടി കാണിക്കാന്‍ നല്ലൊരു ക്ലിനിക് ഉണ്ടോ ഇവിടെ ? ...എന്തിന് ചുറ്റുവട്ടത്തെങ്ങും
ഒരു ചെറിയ കട കൂടിയില്ല ...ആകെപ്പാടെ ഒറ്റപ്പെട്ടു കിടക്കുന്ന ഈ ഭാര്‍ഗ്ഗവീ നിലയം എന്തായാലും നമുക്ക് വേണ്ട" .

കാര്യകാരണങ്ങള്‍ അക്കമിട്ടു നിരത്തി പുള്ളിക്കാരന്‍ കുറേ എതിര്‍ത്തെങ്കിലും ഒടുവില്‍ തന്റെ നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു.

ചൂട് ചായ കപ്പില്‍ പകര്‍ന്നു അവള്‍ അനന്തന്റെ അടുക്കലേക്കു നടന്നു .
"അനന്തേട്ടാ.."
"മം .."
അയാള്‍ മൂളിക്കേട്ടുകൊണ്ട് ചായക്കപ്പു വാങ്ങി.
"ബ്രേക്ക്ഫാസ്റ്റിനു ശേഷം നമ്മള്‍ അപ്പുറത്തെ വീട്ടിലേക്കു പോകുന്നു ...പുതിയ അയല്‍ക്കാരെ അങ്ങോട്ട്‌ ചെന്ന് പരിചയപ്പെടുന്നതാണ് മര്യാദ."
"അത് വേണോ? അയലത്തുകാരന്റെ സ്വസ്ഥതയിലേക്ക് ആവിശ്യമില്ലാതെ കല്ലെറിയാന്‍ ചെല്ലെരുതെന്നാണ് അണ്‌ കുടുംബ വ്യവസ്ഥിതിയുടെ ആപ്തവാക്യം ..അത് കൊണ്ട് പ്രത്യേകിച്ചൊരു അജന്തയുമില്ലാത്ത ഈ സന്ദര്‍ശന പരിപാടി റദ്ദു ചെയ്യുന്നതല്ലേ ഉചിതം" ,
അയാള്‍ പത്രം നിവര്‍ത്തി സിറ്റ്ഔട്ടിലെ പടിക്കെട്ടിലെക്കിരുന്നു കൊണ്ട് പറഞ്ഞു ..

"അതിനിപ്പം അവിടെ ബന്ദും ഹര്‍ത്താലുമൊന്നും പ്രഖ്യാപിക്കാന്‍ പോകുവല്ലല്ലോ കല്ലെറിയാനായിട്ട്‌...പ്ലീസ് അനന്തേട്ടാ ..ഏറിയാലൊരു പതിനഞ്ചു മിനിട്ട് ..അതില്‍ കൂടുതല്‍ വേണ്ട ... എനിക്കെന്തോ അവരെപ്പറ്റി കൂടുതല്‍ അറിയാന്‍ ഒരാകാംക്ഷ ..
അവിടെ എന്തോ അസാധാരണമായി .................എന്താ പറയുക ....അങ്ങനെ ഒരു തരം ഫീല്‍ ..."

അശ്വതി പകുതിക്ക് നിര്‍ത്തി ...

"ഓ ...രോഗം ഇപ്പൊ പിടികിട്ടി ...ഭവതിയുടെ കഥാ സരിത് സാഗരം കുറേ നാളായി വരണ്ടുണങ്ങി കിടക്കുകയാണല്ലോ ...വേനലിലെ മഴത്തുള്ളി തേടിയുള്ള യാത്രയാണ് ഉദ്ദേശം ....എന്തായാലും അതിരാവിലെ തന്നെ ഞാനില്ല ..വൈകിട്ടോ മറ്റോ നോക്കാം ...."

"അതല്ലേട്ടാ കാര്യം.. അവരവിടെ താമസം തുടങ്ങീട്ടു ഏതാണ്ട് രണ്ടാഴ്ച ആയില്ലേ ....ആ ജോലിക്കാരി തള്ളെ മാത്രമേ പുറത്തങ്ങനെ കാണാറുള്ളൂ ...ഒരു തവണയോ മറ്റോ ആ ചെറുപ്പക്കാരി പെണ്ണ് മുടിയിലെ ഉടക്ക് കളഞ്ഞ് മുറ്റത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. .സാധാരണ ഒരു പുതിയ സ്ഥലത്ത് താമസം തുടങ്ങുന്നവര്‍ അങ്ങനെയാണോ ? ഒന്നുമില്ലെങ്കിലും വീടും പരിസരവും ഒന്നു ചുറ്റക്കാണുകയെങ്കിലും ചെയ്യില്ലേ ...
ഇത് , അയാളെ വന്നന്ന് കണ്ടേന് ശേഷം പിന്നെ ഇത് വരെ വീട്ടു മുറ്റത്ത്‌ പോലും കണ്ടിട്ടില്ലാ....ഞാന്‍ പറഞ്ഞില്ലേ എന്തൊക്കെയോ നിഗൂഡതകള്‍ ..........ഒരു പക്ഷേ എന്റെ തോന്നലാവാം....... എന്നാലും............."


"എന്റെ പൊന്നു ഭാര്യേ ...ഭാവന നല്ലതാ .....അതിനെ ജീവിതവുമായി കൂട്ടിക്കുഴയ്‌ക്കുന്നത് ശുദ്ധ വിവരക്കേടെന്നു മാത്രമേ പറയാനാകൂ ...ഇപ്പൊ ഈ പറഞ്ഞു വെച്ചതിന്‌ എന്ത് ലോജിക്കാ ഉള്ളെ ...അവര് വീടിനു പുറത്തിറങ്ങുന്നതും,അകത്തു കേറുന്നതുമെല്ലാം നിന്നേ ഫോണ്‍ ചെയ്തറിയിച്ചിട്ടാ...ഇരുപത്തി നാല് മണിക്കൂറും നീ അവരെ ഫോക്കസ് ചെയ്തിരിക്കുവാണോ ? അല്ലല്ലോ ...... അവരെ അവരുടെ പാട്ടിനു വിട്ടേക്ക് ....."
അയാള്‍ പത്രത്തിലേക്ക് മുഖം താഴ്ത്തി .... അശ്വതി കുറച്ചു നേരം കൂടി അതേ നില്‍പ്പ് തുടര്‍ന്നു .....പിന്നെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അകത്തേയ്ക്ക് തിരിഞ്ഞു നടന്നു ...


ഉച്ചയ്ക്കൊരു പന്ത്രണ്ടര കഴിഞ്ഞു കാണും...അശ്വതി ചോറും കറികളും പാത്രത്തിലേക്ക് പകര്‍ന്നു കൊണ്ട് നില്‍ക്കുകയായിരുന്നു . പെട്ടെന്ന് അപ്പുറത്ത് നിന്നും ഉച്ചത്തിലുള്ള സംസാരോം ബഹളോം കേട്ടു...അവള്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി ..അതേ, ആ വീട്ടില്‍ നിന്നു തന്നെയാണ് ...ഭാര്യേം ഭര്‍ത്താവും കൂടി വേലക്കാരി തള്ളയോട് കയര്‍ക്കുകയാണ്‌ ... അവള്‍ക്കു കാര്യം മനസ്സിലായില്ല....


"മൂന്നു നേരം വെട്ടി വിഴുങ്ങിയാപ്പോരാ ...മേലനങ്ങി എന്തേലും പണിയെടുക്കണം ..." അയാളുടെ ശബ്ദമാണ് ..

"നിങ്ങളോട് ഞാന്‍ അന്നേ പറഞ്ഞതാ, മുതുക്കി തള്ള ഭാരമാകത്തേയുള്ളന്ന് ..ഇപ്പൊഴോ ? "..
അതയാളുടെ ഭാര്യയാണ് ...
അതിനു മറുപടിയായി പ്രായം ചെന്ന സ്ത്രീ പതിഞ്ഞ ശബ്ദത്തില്‍ എന്തോ പറഞ്ഞു ... പിന്നെ കണ്ടത് യുവതി കാലുയര്‍ത്തി മുന്നോട്ടാഞ്ഞ്‌ തള്ളയെ ഒറ്റ തൊഴിക്കലാണ്...

അയ്യോ! അവര്‍ക്കൊപ്പം അശ്വതിയും നിലവിളിച്ചു പോയി .
"അനന്തേട്ടാ.... അവള്‍ നീട്ടി വിളിച്ചു ... ഒന്നിങ്ങോട്ടു വന്നേ വേഗം ...."

വിളിച്ചു തീരും മുന്‍പേ അയാള്‍ ഓടിയെത്തിയിരുന്നു ...
"എന്താ ...എന്ത് പറ്റി ..."
അയാള്‍ സംഭ്രമത്തോടെ ചോദിച്ചു ..
"അതാ ...അവിടെ..." അവള്‍ അപ്പുറത്തേയ്ക്ക് കൈ ചൂണ്ടി..
"എന്താ വഴക്കാണോ ?"
ആ സ്ത്രീ ഇപ്പോള്‍ കുത്തിയിരുന്നു കരയുകയാണ് ... അയാളേം, ഭാര്യേം കാണുന്നില്ല .....
"എന്താ കാര്യം" ..?

അനന്തന്‍ വീണ്ടും ചോദിച്ചു ..
"അവര്‍ ആ സ്ത്രീയെ തൊഴിച്ചു വീഴ്ത്തി ....ഒരു പാട് ചീത്തേം വിളിച്ചു ....മനുഷ്യത്വമില്ലാത്ത ദ്രോഹികള്‍ .. ഒന്നുമില്ലേലും അവരുടെ പ്രായമെങ്കിലും നോക്കണ്ടേ.. വേലക്കാരിയാണെന്ന്‍ വെച്ച്‌ ഇങ്ങനെ ചെയ്യാമോ ?
അവരായിട്ടാ ..അല്ലെങ്കില്‍ ഇന്നത്തെക്കാലത്ത് .".....

അശ്വതി പിന്നെയും എന്തൊക്കെയോ പിറ് പിറുത്തു കൊണ്ട് പ്ലേറ്റിലേക്ക് ചോറ് വിളമ്പി ...
"എന്തെങ്കിലും ആകട്ടെ ..നീ ശ്രദ്ധിക്കാന്‍ നില്ക്കണ്ടാ ....അതവരുടെ കാര്യം .. ബെസ്റ്റ് ടീം തന്നെ ...എന്തായാലും രാവിലെ പോകാതിരുന്നത് നന്നായി .."

അതും പറഞ്ഞു അനന്തന്‍ ഡൈനിംഗ് റൂമിലേക്ക്‌ നടന്നു..


രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അശ്വതിയുടെ മനസ്സ് നിറയെ ഉച്ചയ്ക്കലത്തെ സംഭവമായിരുന്നു..അത് കണ്ടത് മുതല്‍ ഒരു തരം അസ്വസ്ഥത മനസ്സിനെ വീര്‍പ്പു മുട്ടിക്കുന്നു..
"അനന്തേട്ടന്‍ ഉറങ്ങിയോ ?
അവള്‍ അയാള്‍ക്ക്‌ നേര്‍ക്ക്‌ തിരിഞ്ഞു കിടന്നു ചോദിച്ചു.
"ഇല്ലാ ..എന്തേ " ?
"അല്ലാ, ഞാനിപ്പോഴും അവരെക്കുറിച്ചാലോചിക്കുവാരുന്നു...."
"ആരെക്കുറിച്ച് .." ?
"അപ്പുറത്തെ വീട്ടിലെ" ......
"നീ ഇത് വരെ അത് കളഞ്ഞില്ലേ ?....?
"ഇല്ല ഏട്ടാ ... അത് മനസ്സീന്നു പോകുന്നില്ലാ" ..

"അശ്വതീ..., ചെറിയ കാര്യങ്ങളോട് പോലും നിനക്ക് വല്ലാത്ത സോഫ്റ്റ് കോര്‍ണറാ .. ഒരു പക്ഷേ നിന്റെ എഴുത്തിന്റേം വായനേടെം ഒക്കെ ഒരു റിഫ്ലെകഷന്‍ ആകാം ...ഒരു ദിവസം പുലര്‍ന്നു അസ്തമിക്കുന്ന വരെ നമ്മള്‍ എന്തെല്ലാം കാണുന്നു .....ഗുഡ് ആന്‍ഡ്‌ ബാഡ് ..അതില്‍ പലതിനും നമ്മളുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവും കാണില്ല ... അതെല്ലാം മനസ്സില്‍ കൊണ്ട് നടക്കാന്‍ പറ്റുമോ? അത് ആവിശ്യമില്ലാത്ത സ്‌ട്രെസ് വരുത്തി വെയ്ക്കും..സൊ ,യു ജെസ്റ്റ് ലീവ് ഇറ്റ് ..ദാറ്റ്സ്‌ ബെറ്റര്‍ ".

"അതല്ലാ ..ഞാന്‍ ആ തള്ളയെക്കുറിച്ചാ ആലോചിക്കുന്നെ .....ഇത്രേം പ്രായം ചെന്ന സ്ത്രീയെ ആരെങ്കിലും വീട്ടു ജോലിക്ക് വിടുമോ ? അതും സ്ഥിരമായി അവിടെ തന്നെ .....അവര്‍ക്ക് വീടും വീട്ടുകാരും ഒന്നും കാണില്ലേ ....ഭര്‍ത്താവും ..മക്കളുമൊക്കെ ഉണ്ടെങ്കില്‍ , അവര്‍ അവരെ ഇങ്ങനെ കഷ്ടപ്പെടാന്‍ വിടുമോ ? ഒരു പക്ഷേ അവര്‍ ഇവരെ ഉപേക്ഷിച്ചതാകുമോ ? അതോ ഇനി അവര്‍ ആരുമില്ലാത്തവരാകുമോ? ജീവിക്കാന്‍ വേറെ ഗതിയില്ലാത്തത് കൊണ്ട് ഇവരോടൊപ്പം" .....
അശ്വതി ആ വാചകം പൂരിപ്പിച്ചില്ല.

"എന്റശ്വതീ , നിന്നേക്കൊണ്ടു ഞാന്‍ തോറ്റു....അവരാരെങ്കിലും ആകട്ടെ ....എങ്ങനേലും ജീവിക്കട്ടെ ... അതല്ല വിടാന്‍ ഉദ്ദേശമില്ലെങ്കില്‍ നല്ലൊരു കഥയ്ക്കുള്ള സ്കോപ്പുണ്ട്...."അയല്‍ വീട്ടിലെ നിഗൂഡതകള്‍" എന്നോ മറ്റോ കിടിലന്‍ ഒരു പേരും കൊടുക്കാം ...കുത്തിയിരുന്നു നേരം വെളുപ്പിച്ചോ ...എനിക്കുറങ്ങണം ....നാളെ ഓഡിറ്റിംഗ് ഉള്ളതാ ..നേരത്തെ പോണം .....ഗുഡ് നൈറ്റ് ."...
അവള്‍ പിന്നെയും ഓരോന്നാലോചിച്ച് അങ്ങനെ കിടന്നു ...ഇടയ്ക്ക് കുഞ്ഞുണര്‍ന്നത്‌ ഉറക്കത്തേയും ചിന്തകളേം ഒരു പോലെ മുറിച്ചു ..


രാവിലെ അനന്തന് കൊണ്ട് പോകാനുള്ള ടിഫിന്‍ ബോക്സ് പായ്ക്ക് ചെയ്തു ടേബിളില് വെച്ചിട്ട് കിച്ചണിലേക്ക് വന്നതാരുന്നു അശ്വതി ... അപ്പുറത്തെ വീട്ടീന്ന് ഒരു കരച്ചില്‍ കേള്‍ക്കുന്ന പോലെ ..അതോ തോന്നുന്നതാണോ ......അല്ലാ ശരിക്കും ...അതെ.., അതവരുടെ ശബ്ദം തന്നെ ...മുറ്റത്തെങ്ങും ആരേം കാണുന്നില്ല.. അപ്പോള്‍ അകത്തു നിന്നു തന്നെ... അവര്‍ വീണ്ടും ആ സ്ത്രീയെ ഉപദ്രവിക്കുകയായിരിക്കുമോ? അവളുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഓടി മറഞ്ഞു.

ഇപ്പോള്‍ വൃദ്ധയുടെ തേങ്ങിക്കരച്ചില്‍ കുറച്ചു കൂടി ഉച്ചത്തിലായ പോലെ ...അശ്വതി പുറത്തേയ്ക്കിറങ്ങി ..ആരോ പിടിച്ച് വലിക്കുന്ന പോലെ അവള്‍ മുന്നോട്ടു നടന്നു ...മതിലിനും ..ഗേറ്റിനും ഇടയിലുള്ള ചെറിയ വിടവിലൂടെ അകത്തേയ്ക്ക് കടന്നു ....തെക്ക് വശത്തെ മുറിയില്‍ നിന്നാണ് സംസാരം .... ജനാല തുറന്നു കിടക്കുകയാണ് ...അവള്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ അവിടേക്ക് നടന്നു ...ജനല്‍ കര്‍ട്ടന്‍ താഴേന്നു പതുക്കെ മാറ്റി നോക്കി ...ജനലിനോട്‌ ചേര്‍ന്ന് അലമാര വെച്ചിരിക്കുന്നതിനാല്‍ കാഴ്ച വ്യക്തമല്ല ...അവള്‍ കഴിയാവുന്നത്ര തല എത്തിച്ചു നോക്കി ..തള്ള നിലത്തു കുനിഞ്ഞിരുന്ന് അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു തേങ്ങുകയാണ് ...അവരുടെ സംസാരം ഇപ്പോള്‍ വളരെ വ്യക്തമാണ് ....

"അശ്വതീ ".....അനന്തന്റെ നീട്ടിയുള്ള വിളി കേട്ട് അവള്‍ ഞെട്ടി മാറി .. വല്ലാതെ കിതച്ചു കൊണ്ട് വീണ്ടും അകത്തേയ്ക്ക് നോക്കി ...അവളെ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു ....
"അശ്വതീ ..നീ എവിടെയാ "?.....അനന്തന്‍ അടുക്കള വശത്തുനിന്നു നിന്നു ഉച്ചത്തില്‍ വിളിക്കുന്നു....അശ്വതി തിരിഞ്ഞോടി ...... അയാളുടെ മുന്നില്‍ എത്തിയ ശേഷമാണ് ഓട്ടം നിര്‍ത്തിയത് ....

...

"കുഞ്ഞു തൊട്ടിലില്‍ ഉണര്‍ന്നു കിടക്കുവാ .."
"നീ രാവിലെ തന്നെ എന്തിന് പോയതാ അവിടെ? ഓക്കേ ഞാനിറങ്ങുന്നു ..ഇപ്പൊ തന്നെ ലേറ്റ് ആയി ."..

"അനന്തേട്ടാ ....അ..വിടെ .....ആ സ്ത്രീ ...അ..വ..ര്‍ ...." അശ്വതി കിതപ്പിനും വെപ്രാളത്തിനുമിടയില്‍ പറഞ്ഞൊപ്പിക്കാന്‍ പാട് പെട്ടു...


"ഓക്കേ ..ഓക്കേ ...നീ കുഞ്ഞിന്റടുത്തോട്ടു ചെന്നേ ... വൈകിട്ട് പറയാം" അയാള്‍ ഏതോ നമ്പര്‍ ഡയല്‍ ചെയ്തു മൊബൈല്‍ ചെവിയോടു ചേര്‍ത്ത് കാറിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു.. ..

അശ്വതി അത് നോക്കി അവിടെ തന്നെ അനങ്ങാതെ നിന്നു.. കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി അയാള്‍ അശ്വതിയെ നോക്കി ....അവള്‍ ഇപ്പോഴും അതെ നില്‍പ്പാണ് ...ഷോക്കടിച്ച പോലെ .......

അകന്നു പോകുന്ന വാഹനം നോക്കി , അശ്വതി സ്ഥലകാല ബോധമില്ലാതെ അപ്പോഴും പിറ്പിറുക്കുന്നുണ്ടായിരുന്നു....
"ആ ...സ്ത്രീ..... അയാളുടെ .....അമ്മ..യാണ് ..
അയാ....ളുടെ....സ്വന്തം................


**************************

ഇന്നലത്തെ പേഷ്യന്റ്റ് !!

ഇന്നലത്തെ പേഷ്യന്റ്റ്
***********************

ഡോക്ടര്‍ സതീഷ്‌ ചന്ദ്രന്‍റെ കണ്‍സല്‍ടിങ് റൂമിന് പുറത്തു നിമിഷങ്ങളെണ്ണിയിരിക്കുമ്പോള്‍ അജയ്കൃഷ്ണന്‍ തികച്ചും അസ്വസ്ഥനായിരുന്നു ...
'കുറച്ചു കൂടി നേരത്തെ ഇറങ്ങന്ടതായിരുന്നു..ഇതിപ്പോ മുപ്പത്തി മൂന്നാമത്തെ ടോക്കണാ കിട്ടിയെക്കുന്നെ...ഇനീം എത്ര നേരമെടുക്കുവോ എന്തോ '?
അയാള്‍ കസേരയില്‍ നിന്നെണീറ്റ് ഗേറ്റു വരെ നടന്നു ..പിന്നെ തിരിച്ചു നടന്നു ....

"യമുനയെക്കൂടി കൊണ്ട് വരാമായിരുന്നു. പക്ഷേ അവളെ എന്ത് പറഞ്ഞു കൂട്ടിക്കൊണ്ടു വരും? ഒരു മെന്ടല്‍ ഹോസ്പിറ്റലിലേക്ക് എന്തിന് തന്നെ കൊണ്ട് വന്നു എന്നവള്‍ ചോദിച്ചാല്‍ ...എന്ത് മറുപടി പറയും"? .
ചിന്തയുടെ കനലുകള്‍ വേനല്‍ ചൂടിനേക്കാള്‍ തീക്ഷ്ണതയോടെ അയാളെ പൊള്ളിച്ചു.

"ഇനീം ഇങ്ങനെ അങ്ങോട്ടുമില്ലാ ഇങ്ങോട്ടുമില്ലാന്ന മട്ടില്‍ നില്‍ക്കണത് പരമ വിഡ്ഢിത്തമാണെന്നേ എനിക്കു പറയാനുള്ളൂ"..
ഇന്നലെ കേശവന്‍ വല്യച്ഛന്‍ അത് പറയുമ്പോള്‍ അച്ഛനും മറിച്ചോരഭിപ്രായം ഇല്ലാരുന്നു.
ഒടുവില്‍ വല്യേട്ടനാണ് ഇങ്ങനൊരു നിര്‍ദേശം മുന്നോട്ടു വെച്ചത് .
"അജയ്‌ ..നീ ആദ്യം പോയി ഡോക്ടറെ കണ്ടു കാര്യങ്ങള്‍ വിശദമായി ധരിപ്പിക്കുക ..പിന്നീട് സാവകാശം അവളെ കൂട്ടിക്കോണ്ടു പോകുവാ ...അതാപ്പോ നല്ലതെന്നാ എനിക്കു തോന്നുന്നെ."..
എല്ലാരും അതിനെ അനുകൂലിച്ചപ്പോള്‍ സമ്മതിക്കുകെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ ...

വെറും ആറ് മാസം പ്രായമുള്ള ദാമ്പത്യ ജീവിതം ...എല്ലാ സ്വപ്നങ്ങള്‍ക്ക് മേലും കരി നിഴല്‍ പടര്‍ന്നത് പെട്ടെന്നായിരുന്നു ..യമുനയെ പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അമ്മയാണ് അവിടെവെച്ചു തന്നെ തുറന്നൊരഭിപ്രായം പ്രകടിപ്പിച്ചത് ..
"ന്‍റെ മോന് ഇവള്‍ മതി ..ഇനി പെണ്ണന്വേഷിച്ചൊരു നാടു ചുറ്റല്‍ വേണ്ട..കുറേ ആയേ അലച്ചില് തുടങ്ങീട്ട് ..എല്ലാം ഇവളെ കിട്ടാന്‍ വേണ്ടീട്ട്‌ ആയിരുന്നൂന്നു കരുതിയാ മതി ".

"അജയ്കൃഷ്ണന്‍.....ടോക്കണ്‍ നമ്പര്‍ മുപ്പത്തിമൂന്ന്.."....
നീട്ടിയുള്ള വിളി കേട്ടാണ് അയാള്‍ ചിന്തയില്‍ നിന്നു ഞെട്ടി ഉണര്‍ന്നത് . ഡോക്ടറുടെ റൂമിലേക്ക്‌ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു..
"ഗുഡ് മോണിംഗ് ഡോക്ടര്‍" ..
പതറിയ ശബ്ദത്തില്‍ അയാള്‍ വിഷ് ചെയ്തു .
"യെസ് ..വെരി ഗുഡ് മോണിംഗ് ....ഹൌ ആര്‍ യു "?
"ഫൈന്‍.. താങ്ക്യു ഡോക്ടര്‍"...

"ഹ ഹ ..ഇവിടെ വരുന്ന തൊണ്ണൂറ്റൊമ്പത് ശതമാനം ആള്‍ക്കാരും ഇതേ മറുപടിയാണ് തരുന്നത് ..സത്യത്തില്‍ അതിലെ വൈരുദ്ധ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ..ഒരു ഡോക്ടറെ കാണാന്‍ വരുന്ന ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ 'അയാം ഫൈന്‍' എന്ന്..അതും ഒരു മനോരോഗ ചികിത്സകനോട്..പക്ഷേ നമ്മള്‍ മലയാളികള്‍ക്ക് പറഞ്ഞു ശീലിച്ചതേ പറ്റൂ ..അതെവിടെയും പറയും...
എന്താ ശരിയല്ലേ ..മിസ്റ്റെര്‍ ......ഓ ഞാന്‍ പേരു ചോദിച്ചില്ല" ...
"അജയ്കൃഷ്ണന്‍."
അയാള്‍ പൂരിപ്പിച്ചു..

"അതെ.. അപ്പോള്‍ നമുക്ക് അജയന്‍റെ പ്രശ്നത്തിലേക്ക് കടക്കാം ..ലെറ്റസ് സ്റ്റാര്‍ട്ട്"..
"ഡോക്ടര്‍ ....അത് ...പിന്നെ."..
അയാള്‍ വാക്കുകള്‍ക്കു പരതി..
"മടിക്കെന്ടാ..തുറന്നു പറഞ്ഞോളൂ എല്ലാം ...ഇവിടെ മരുന്നിനേക്കാള്‍ പ്രാധാന്യം മനസ്സിനാണെന്നു അറിയാമല്ലോ"....
"അത്..സര്‍ ..സത്യത്തില്‍ എന്‍റെ ഭാര്യയ്ക്കാണ് പ്രശ്നം" ..
"ഓഹോ.. വൈഫിനെ കൊണ്ട് വന്നിട്ടുണ്ടോ "?
"ഇല്ലാ ..അവള്‍ക്കറിയില്ല ഞാന്‍ ഇങ്ങോട്ടാ വന്നിരിക്കുന്നെന്ന് . എന്‍റെ വിവാഹം നടന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടേയുള്ളൂ ...വളരെ സന്തോഷത്തില്‍ കഴിഞ്ഞു വരികയായിരുന്നു ഞങ്ങള്‍ ...പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങളായി ..........അവളാകെ മാറിയിരിക്കുന്നു ഡോക്ടര്‍ ...മാനസികമായി എന്തോ ചില പൊരുത്തക്കേടുകള്‍"..

"കുറേ ദിവസങ്ങളായി എന്ന് വെച്ചാല്‍ "....
"ഏകദേശം ഒരു മാസത്തില്‍ താഴയേ ആയിട്ടുണ്ടാവൂ."..
"ഓക്കേ ..അവരുടെ പെരുമാറ്റത്തില്‍ പെട്ടെന്ന് അസ്വഭാവികമായി തോന്നിച്ചത് എന്തെല്ലാമാണ്" ....
"ചിലപ്പോള്‍ അവള്‍ വേറേതോ ലോകത്തിലെന്നപോലെയാണ് സംസാരിക്കുന്നത് .. പരസ്പര ബന്ധമില്ലാത്ത സംസാരം..ശരിക്കും നമുക്ക് പരിചയമില്ലാത്ത മറ്റൊരാളെപ്പോലെ ..
തട്ടി വിളിച്ചാല്‍ ഞെട്ടി ഉണര്‍ന്ന പോലെ നോക്കും..പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ തിരിഞ്ഞു നടക്കും.."

"അത് കൊള്ളാമല്ലോ ..എന്നിട്ട്."
അയാള്‍ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"കഴിഞ്ഞ ആഴ്ച ഒരു ദിവസം അവള്‍ എന്നോട് പറയുവാ ..എന്‍റെ അമ്മ അവളെ കൊല്ലുമെന്ന്...രണ്ട് തവണ ചോറില്‍ വിഷം കലര്‍ത്തിയതാ ..ഭാഗ്യത്തിന് അവള് കണ്ടത് കൊണ്ട് രക്ഷപെട്ടത്രേ ....
ഡോക്ടര്‍ക്കറിയുവോ എന്റ്റമ്മയ്ക്ക് അവളെന്ന് വെച്ചാ ജീവനാ ..
സ്വന്തം മോളേപ്പോലാ അമ്മയ്ക്കവള്.".....
"മംമം .....അയാള്‍ മൂളിക്കേട്ടു "....

"രണ്ട് ദിവസം മുന്‍പ് രാവിലെ എണീറ്റ്‌ നേരെ അടുക്കളെ ചെന്ന് ജോലിക്കരിയോടു പറഞ്ഞു ..രാത്രിയില്‍ ഞാന്‍ അവളെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ നോക്കിയത്രേ ...ഇനി ഏറെ നാളൊന്നും അവള്‍ക്കായുസ്സില്ലെന്ന്"...
"ഡോക്ടറ് തന്നൊന്നാലോചിച്ചേ ..അവര് ഏതെല്ലാം വീട്ടില് വേലയ്ക്കു നില്ക്കുന്നതാ ..അവരിതാരോടെല്ലാം പറഞ്ഞു കാണും ...
ആരെങ്കിലും അറിഞ്ഞാലത്തെ അവസ്ഥ "...

"ഇന്നലെ എന്താ ഉണ്ടായെന്നു ഡോക്ടര്‍ക്കറിയുമോ ?
ഞാന്‍ ഉച്ചയ്ക്ക് ഊണും കഴിഞ്ഞു ഒന്നു മയങ്ങി കിടക്കുകാരുന്നു...എന്തോ ഒന്നു തട്ടി മാറുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ഞാന്‍ കണ്ടത് അവള്‍ ചൂടായ അയണ്‍ ബോക്സ്‌ എന്‍റെ മുഖത്തിന്‌ നേരെ അടുപ്പിച്ചോണ്ടു വരുവാ ..ഞാന്‍ ഉണരാന്‍ ഒരു നിമിഷം വൈകിയിരുന്നെ ...എനിക്കതോര്‍ക്കാന്‍ കൂടി വയ്യ..
ഒരു ജീവിതം തുടങ്ങിയില്ല ..അതിനു മുന്‍പേ ....ഇങ്ങനെ ...എനിക്കൊരു സ്വസ്ഥതയുമില്ല ഡോക്ടര്‍ "...

"നിങ്ങളിങ്ങനെ അപ്സെറ്റാകാതിരിക്കൂ... ഒരു ഡോക്ടറെന്ന നിലയ്ക്ക് എനിക്കിതൊരസാധാരണ സംഭവം എന്നൊന്നും പറയാന്‍ കഴിയില്ല. നിങ്ങള്‍ക്കറിയുമോ നമ്മള്‍ പരിചയപ്പെടുന്ന പത്തുപേരിലൊരാള്‍ ഏതെങ്കിലും തരത്തില്‍ മാനസിക വൈകല്യം പ്രകടിപ്പിക്കുന്നവരാകും ..എന്നാല്‍ ഇതെപ്പോഴും പ്രകടമാകണമെന്നില്ല .അത് കൊണ്ട് തന്നെ പൊതുവേ ഇത്തരക്കാര്‍സാധാരണ മനുഷ്യരെപ്പോലെ തന്നെ സമൂഹത്തില്‍ ഇടപഴകി ജീവിക്കുന്നു.
നമ്മുടെ മനസ്സ് ശാന്തമായ ഒരു നീല തടാകം പോലെയാണ് ..ചിലപ്പോള്‍ അതിന്‍റെന്റെ ഉപരിതലത്തിലുണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും അടിത്തട്ടിനെ ഇളക്കി മറിച്ചേക്കാം . എനിക്കു തോന്നുന്നു ഒരു കൌണ്‍സിലിങ്ങിലൂടെ നിങ്ങളുടെ ഭാര്യയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്നാണ് ..
വേണ്ടി വന്നാല്‍ ഹിപ്നോസിസ് മെത്തെട് കൂടി നോക്കാം ...
നിങ്ങള്‍ ഏറെ വൈകാതെ അവരെ കൂട്ടിക്കോണ്ടു വരൂ"
..
"നാളത്തെയ്ക്ക് ഒരപ്പോയിന്മെന്ട് കിട്ടിയിരുന്നെങ്കില്‍.."..?
"വൈ നോട്ട്..? യു കാന്‍ കം ടുമോറോ"..
ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് ..പുറത്തേയ്ക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സിനെ അലട്ടിയത് മുഴുവന്‍ യമുനയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതിനെ ക്കുറിച്ചായിരുന്നു .

പിറ്റേ ദിവസം രാവിലെ നേരത്തെ തന്നെ അവര്‍ രണ്ട് പേരും ഹോസ്പിറ്റലിലെത്തിയിരുന്നു ..യമുനയെ അനുനയിപ്പിക്കാന്‍ ഒരു യുദ്ധം തന്നെ നടത്തിയെന്ന് പറയാം ....ഒടുവില്‍ ആരുടെയോ ഭാഗ്യത്തിന് എതിര്‍പ്പുകളെല്ലാം അടക്കി അവള്‍ വഴങ്ങുകയായിരുന്നു .

"മിസ്റ്റര്‍ അജയ് ഒന്നു പുറത്തു നില്‍ക്കൂ ...ഞാന്‍ യമുനയുമായി അല്‍പ്പം സംസാരിക്കട്ടെ "..
ഡോക്ടര്‍ പറഞ്ഞത് കേട്ട് അയാള്‍ അവളുടെ മുഖത്തേയ്ക്കു നോക്കി...അവളതു കേട്ട് കൂടി ഇല്ലെന്നു തോന്നി ..മുന്നിലെ ഭിത്തിയിലേക്ക് നോക്കി ഒരേ ഇരിപ്പ്..

അയാള്‍ പതുക്കെ പുറത്തേയ്ക്ക് നടന്നു ...പുറത്ത് ഇന്നും രോഗികളുടെ നല്ല തിരക്കാണ് ..ഒരു സാധാരണ ആശുപത്രിയിലെപ്പോലെ ഇവിടെയും
ഇത്ര തിരക്ക് .......അയാള്‍ക്ക്‌ വിചിത്രമായി തോന്നി ... ഡോകടറുടെ പത്തിലൊരാള്‍ എന്ന കണക്ക് ശരിയാണെന്ന് അയാള്‍ക്ക്‌ തോന്നി... പിന്നെയും ഏറെ നേരം കഴിഞ്ഞാണ് അയാളെ അകത്തേയ്ക്ക് വിളിപ്പിച്ചത് ...

"ആ...അജയ് യമുന എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു കഴിഞ്ഞു ..യമുനയ്ക്ക് ഒരു കുഴപ്പവുമില്ല എല്ലാം നമ്മുടെ വെറും തോന്നലുകള്‍ മാത്രമായിരുന്നു ..അല്ലേ യമുനാ".....
അവള്‍ ചെറുതായൊന്നു ചുണ്ട് വിടര്‍ത്തി..
"ഇനി യമുന അല്‍പനേരം പുറത്ത് വെയ്റ്റ് ചെയ്യൂ ....അജയ് ഇപ്പോള്‍ വരും.".

"എന്താണ് ഡോക്ടര്‍ അവള്‍ക്കു എന്തെങ്കിലും...യമുന പോയതും അയാള്‍ ആകാംക്ഷ അടക്കാന്‍ വയ്യാതെ ചോദിച്ചു......
പേടിക്കാനൊന്നുമില്ല ....എങ്കിലും .....അയാള്‍ പകുതിക്ക് നിര്‍ത്തി .....
നിങ്ങള്‍ എന്നോട് പറഞ്ഞതും ..പറയാത്തതുമായ കുറേ കാര്യങ്ങള്‍ അവര്‍ പറഞ്ഞു...കൃത്യമായ ഒരു നിഗമനത്തിലെത്താന്‍ എനിക്കും കഴിഞ്ഞിട്ടില്ല..
ഒരു പക്ഷേ .......കേട്ടിട്ടില്ലേ വിഷാദ രോഗത്തെക്കുറിച്ച് ...എല്ലാത്തിനോടും ഒരു തരം നിസ്സംഗത അല്ലെങ്കില്‍ നിരാശ ...ഏതാണ്ട് അതിന്‍റെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്..ഏതായാലും ഞാന്‍ ചില മെഡിസിന്‍സ് കുറിക്കുന്നുണ്ട് ... ഒരാഴ്ച കഴിഞ്ഞു വരൂ ..നമുക്ക് നോക്കാം എന്താ മാറ്റമെന്ന്.".

"അല്ല ഡോക്ടര്‍ അഡ്മിറ്റു ചെയ്യണമെന്നുണ്ടെങ്കില്‍ .................."
"ഹേയ്.. അതിന് അവര്‍ക്ക് അതിന് തക്ക ഒരു കുഴപ്പവുമില്ല..നിങ്ങളായിട്ട്‌ അങ്ങനൊരു ഫീലിംഗ്സ് അവരില്‍ ഉണ്ടാക്കുകയുമരുത്....ഒന്നും സംഭവിച്ചിട്ടില്ലാ എന്ന രീതിയില്‍ തന്നെ ഇടപഴകുക..പഴേ പോലെ തന്നെ സ്നേഹത്തോടും , സന്തോഷത്തോടും കൂടി ....ഞാന്‍ നേരത്തെ പറഞ്ഞല്ലോ മരുന്നിനേക്കാള്‍ പ്രാധാന്യം മനസ്സിനാണെന്നു" ...
"എനിക്കു മനസ്സിലായി ഡോക്ടര്‍ "...
"എന്നാല്‍ ശരി ..വിഷ് യു ഓള്‍ ദി ബെസ്റ്റ് ."..
"താങ്ക്യു ഡോക്ടര്‍ ........."
അയാള്‍ യമുനയും കൂട്ടി വീട്ടിലേക് തിരിച്ചു.....

പിറ്റേന്ന് രാവിലെ കാറില്‍ നിന്നിറങ്ങി വിസിറ്റെഴസ് റൂമിലെത്തിയപ്പോഴേ സിസ്റ്റര്‍ രജനി അയാളുടെ അടുത്തേയ്ക്കോടി വന്നു ...
"ഡോക്ടര്‍ ഇന്നലെ വന്ന ആ പെഷ്യന്റില്ലേ ...യമുന ...അവര്‍ ആത്മഹത്യ ചെയ്തു" ...
"എപ്പോള്‍ ....എങ്ങനെ ..അയാള്‍ പരിഭ്രമത്തോടെ ചോദിച്ചു "..
"ഇന്നലെ രാത്രിയിലോ മറ്റോ ആയിരിക്കണം ..ടെറസ്സിനു മുകളില്‍ നിന്നു താഴേക്കു ചാടിയതാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്"...
"ഓ ..ഗോഡ് !.."

അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ റൂമിലേയ്ക്ക് നടന്നു ...ഉച്ച കഴിഞ്ഞിട്ടും ഒരു വല്ലാത്ത അസ്വസ്ഥത ഡോക്ടറെ അലട്ടുന്നുണ്ടായിരുന്നു..എങ്ങനെങ്കിലും നേരം വൈകിയാ മതിയെന്ന അവസ്ഥയിലായിരുന്നു അയാള്‍...
എന്നത്തേക്കാളും നേരത്തെ അന്ന് വീട്ടിലെത്തി ...പതിവ് ചായ കുടി പോലുമില്ലാതെ നേരെ ബെഡിലേക്ക് വീണു ..

"ഇതെന്താ ഇന്ന് പതിവില്ലാതെ ..ഈ നേരത്തൊരു കിടപ്പ് "...
ഭാര്യയുടെ ശബ്ദം അയാളെ പാതിമയക്കത്തില്‍ നിന്നുണര്‍ത്തി..
"ഒന്നുമില്ല സ്മിതേ ..ഒരു തല വേദന ഒന്നു മയങ്ങി കഴിഞ്ഞാല്‍ മാറും ...
നീ കുറച്ചുകഴിഞ്ഞു വിളിച്ചാല്‍ മതി.".
"ബാം എന്തേലും പുരട്ടണോ "?
"ഹേയ് വേണ്ട ..ഞാന്‍ പറഞ്ഞില്ലേ ഒന്നു മയങ്ങിയാ മതി..പോകുമ്പോള്‍ ആ ഫാനൊന്നിട്ടെരെ"...

രാത്രി ഏതാണ്ട് ഒന്‍പതരയോടെ അവര്‍ വിളിച്ചുണര്‍ത്തും വരെ അയാള്‍ ഗാഡ്ഢമായുറങ്ങി..
"ഇതെന്തൊരുറക്കമാ ഇത് ..എണീറ്റെ ഫുഡ്‌ കഴിക്കണ്ടേ."?
"മം ..അയാള്‍ വെറുതെ ഞരങ്ങി" ...
എന്തെങ്കിലും കഴിച്ചെന്നു വരുത്തി വീണ്ടും ബെഡ് റൂമിലേക്ക്‌ തന്നെ നടന്നു ...
"ഇന്നെന്താ ഒരു മൂഡോഫ് "?
സ്മിത അയാളോട് ചേര്‍ന്നു കിടന്നു കൊണ്ട് ചോദിച്ചു ..
"ഇന്നലെ എന്റടുത്തൊരു പെഷ്യനറ്റു വന്നിരുന്നു..
കൂടെ അവരുടെ ഹസ്ബന്‍റ്റും ... അയാള്‍ നേരത്തെ എന്നെ വന്നു കണ്ടു ഭാര്യുടെ അസുഖത്തെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നു ..അവരെ അയാളും അമ്മയും കൊല്ലാന്‍ നോക്കുന്നൂന്നു പറയുന്നെന്നും ..മാത്രമല്ല അയാളെ അപായപ്പെടുത്താന്‍ അവര്‍ ഇടയ്ക്ക് ശ്രമിക്കുകയും ചെയ്തത്രേ" ...
"എന്നിട്ട് .".!!

"ഞാന്‍ അവരെ വിശദമായ കൌണ്‍സിലിങ്ങിനു വിധേയയാക്കി....പക്ഷേ എന്നെ അത്ഭുദപ്പെടുത്തിയത് അവരുടെ സംസാരത്തില്‍ ഒരിക്കല്‍ പോലും അസ്വഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല എന്നതാണ് ...ഭര്‍ത്താവ് മൂന്ന് തവണ അവരെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തു ..ഞാന്‍ ആകെ അങ്കലാപ്പിലായിരുന്നു...എന്ത് പറയണമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ ..ശരിക്കും എന്‍റെ കരിയറിലെ ആദ്യത്തെ അനുഭവം"

"ഒടുവില്‍ എന്ത് പറഞ്ഞു വിട്ടു".
"ചില മരുന്നുകള്‍ കുറിക്കുന്നുന്ടെന്നും ഒരാഴ്ച കഴിഞ്ഞു നോക്കാമെന്നും ഞാന്‍ അയാളോട് പറഞ്ഞു....പക്ഷേ..".
"എന്തുണ്ടായി."
സ്മിത തല ഉയര്‍ത്തി അയാളെ നോക്കി.
"അവരിന്നലെ രാത്രി ടെറസ്സിനു മുകളില്‍ നിന്നു ചാടി സൂയിസൈഡു ചെയ്തു .....
എനിക്കിപ്പഴും എന്തോ ഒരുതരം ...നമ്മള്‍ പറയാറില്ലേ ചില സംഭവങ്ങള്‍ മനസ്സില്‍ നിന്നു പെട്ടെന്ന് മായില്ലെന്നൊക്കെ... ആ ഒരു ഫീല്‍..ഒരു തരം ഇറിട്ടേഷന്‍ ...ഇത്തരം ചില സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട് ..പക്ഷേ ഇത് അവരോടു അത്രയും സംസാരിച്ചിട്ടും അവരുടെ മനസ്സ് പിടികിട്ടാതെ പോയത്....അതും അന്ന് രാത്രി തന്നെ, അവര്‍" ......

"ഹോസ്പിറ്റലിനടുത്തു തന്നാ വീടെന്നു സിസ്റ്റര്‍ രജനി പറഞ്ഞിരുന്നു ...മെയിന്‍ റോഡില്‍ നിന്നു കുറച്ചുള്ളിലോട്ട് കയറിയാ വീട്..തിരിച്ചു വരുന്ന വഴി ആള്‍ക്കൂട്ടം കണ്ടിരുന്നു.".
"അങ്ങോട്ട്‌ കയറിയില്ലേ.".?
"ഇല്ല ..എനിക്കു മനസ്സ് വന്നില്ലാ.".
അവരുടെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്ന പോലെ ...
"എന്തായാലും കഷ്ടമായിപ്പോയി ...അവരുടെ വിധി .അല്ലാതെന്തു പറയാന്‍ ...നേരമൊരുപാടായി ഉറങ്ങണ്ടേ"..
സ്മിത ലൈറ്റണച്ചു കിടന്നു..

രാത്രിയിലെപ്പോഴോ അയാളുടെ അലര്‍ച്ച കേട്ടാണ് സ്മിത ഞെട്ടിയുണര്‍ന്നത് ...ഉണര്‍ന്നു നോക്കുമ്പോള്‍ സതീഷ്‌ ഉണര്‍ന്നിരുന്നു കിതയ്ക്കുന്നു ...
"എന്താ ..എന്ത് പറ്റി ..എന്തിനാ നിലവിളിച്ചേ"..അവളുടെ ശബ്ദം പതറിയിരുന്നു..
പിന്നെയും അല്‍പ നേരം കഴിഞ്ഞാണ് അയാള്‍ സംസാരിച്ചത് .....
"ഒരു സ്വപ്നം ...ആ സ്ത്രീ ... കണ്‍ മുന്നിലെന്നപോലെ ....അവര്‍ അലറി വിളിക്കുന്നുണ്ടായിരുന്നു ..
എന്നെ കൊന്നതാ..കൊന്നതാന്ന്.".

"ഞാന്‍ പറഞ്ഞില്ലേ അത് തന്നെ ഓര്‍ത്തോണ്ടു കിടന്നിട്ടാ..
വെള്ളം വേണോ "?
"മം "..
അയാള്‍ മൂളി
"എന്നാലും ...ശരിക്കും അവരെ കണ്ട പോലെ" ..
"അതാ ഞാന്‍ പറഞ്ഞെ ..ഇനിയെങ്കിലും അത് മനസ്സീന്നു കളയാന്‍ അല്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ലാ" ......

രാവിലെ ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴാണ് കുറേ ആളുകള്‍ മുള്ള് വേലി ചാടി അടുത്ത പുരയിടത്തിലേക്ക് ഓടുന്നത് കണ്ടത് ...
കാര്‍ സ്ലോ ചെയ്തു നോക്കിയപ്പോഴാണ് മനസ്സിലായത്‌ അവര്‍ ഓടുന്നത് അജയന്‍റെ വീട്ടിലേക്കു തന്നെ..
റോഡിനു കുറുകെ ഓടുകയായിരുന്ന ഒരാളെ അയാള്‍ ഹോണ്‍ അടിച്ചു വിളിച്ചു ...അയാള്‍ തിരിഞ്ഞു കാറിനടു ത്തെയ്ക്ക് വന്നു ചോദ്യഭാവത്തില്‍ നോക്കി ...
"എന്താ എല്ലാരും അങ്ങോട്ടോടുന്നെ "
.....അയാള്‍ ഗ്ലാസ്സ് താഴ്ത്തി ചോദിച്ചു..

"ഇന്നലെ ചാടി ചത്ത പെണ്ണില്ലേ..അവടെ കെട്ടിയോന്‍ മാവില് തൂങ്ങി നിക്കുന്നെന്നു...അവളെ അവന്‍ കൊന്നതാരുന്നൂന്നാ പറേന്നെ"...
അതും പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു..
ഡോക്ടര്‍ സതീഷിനു കണ്ണില്‍ ഇരുട്ട് നിറയുന്ന പോലെ തോന്നി...മുന്നില്‍ റോഡില്ല പകരം കട്ട പിടിച്ച ഇരുട്ട് മാത്രം ..

'അയാള്‍ അവരെ കൊന്നതാണോ ?
അതോ വിഷമം സഹിക്കാന്‍ വയ്യാതെ അയാള്‍..
അപ്പൊ ഇന്നലെ കണ്ട സ്വപ്നം ...'

മുന്നിലെ ഇരുട്ടില്‍ തനിക്കു ഭാരം നഷ്ടപ്പെടുന്ന പോലെ അയാള്‍ക്ക്‌ തോന്നി ...
കാതുകളില്‍ ഇപ്പോള്‍ ആ സ്ത്രീയുടെ ആക്രോശം ചെവി തുളച്ചു കേറുന്നപോലെ......
"ഞാന്‍ പറഞ്ഞില്ലേ എന്നെ അയാള്‍ കൊല്ലുമെന്ന്" .................................


***********************