Wednesday, March 24, 2010

ചന്ദ്രനില്‍ ജല മര്‍മ്മരം !!

ചന്ദ്രനില്‍ ജല മര്‍മ്മരം !!
*******************************

."ഇന്ന് ലാസ്റ്റ് ഡെയ്റ്റാണ് ...ഇന്നും കൂടി കഴിഞ്ഞാല്‍ അവര് ഫ്യൂസ് ഊരിക്കോന്ടു പൊയ്ക്കോളും ....പിള്ളേര്‍ക്ക് പരീകഷ അടുത്ത സമയമാണെന്ന് മറക്കണ്ട ...അല്ലേലും നിങ്ങക്ക് നാട്ടുകാരുടെ കാര്യോം പിന്നെയീ പത്രപാരായണോം മുറ തെറ്റാതെ നടക്കണോന്നല്ലേയുള്ളൂ .... ഇവിടുത്തെ കാര്യങ്ങള് എങ്ങനെ ആയാലെന്ത്... അല്ലെങ്കിലെന്ത്....."

കറന്റ് ബില്ല് അടയ്ക്കാന്‍ വൈകിയത് ഓര്‍മ്മപ്പെടുത്തിയതാണ് എന്‍റെ പ്രിയതമ ...ഒരു കുടക്കീഴില്‍ പൊറുതി തുടങ്ങിയ അന്ന് മുതല്‍ അവളും മുറ തെറ്റാതെ കൊണ്ടു പോകുന്നുണ്ട് ഈ പരാതിപ്പെട്ടി.കോം പരിപാടി. ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മ എന്ന ബഹുമതി കൂടി ആയപ്പോള്‍ പരിദേവനങ്ങള്‍ക്ക് 'പക്വത' എന്ന ഗൌരവം കൂടി കൈ വന്നിരിക്കുന്നു..

അവളുടെ എല്ലാ പരിഭവങ്ങളും ചെന്നവസാനിക്കുന്നത് എന്‍റെ പൊതു ജനസേവനത്തിലും, അത് വീട്ടു കാര്യങ്ങളെ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളി മാറ്റുന്നതിലുമാണ്.... അവള്‍ പറയുന്നതില്‍ ചില്ലറ കാര്യമുണ്ടെങ്കിലും 'തികച്ചും നിരുത്തരവാദിയായ ഭര്‍ത്താവ്' എന്ന പദവി ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന എന്‍റെ നയം പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്.. 'ലാസ്റ്റ് ഡെയ്റ്റ് ' എന്ന ആക്രോശം കൂടുതല്‍ അനിഷ്ട സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തിയതിനാല്‍ ഞാന്‍ നേരം വൈകാതെ ബില്ല് അടയ്ക്കാന്‍ പുറപ്പെട്ടു ...

"പോരുമ്പോള്‍ പച്ചക്കറി എന്തേലും കൂടി നോക്കിക്കോ ..ഇവിടെ എല്ലാം കഴിഞ്ഞിരിക്കുന്നു" ...ആ പിന്‍പറച്ചിലിന് തിരിഞ്ഞു നോക്കാതെ തല കുലുക്കി മറുപടി കൊടുത്തു. അല്ലെങ്കില്‍ വീട്ടിനുള്ളിലെ മാന്ദ്യപരിഹാരത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ വാങ്ങി കൂട്ടേണ്ടതിന്റെ നീണ്ട ലിസ്റ്റ് പുറകെ വരും...

ബസ്‌ സ്റ്റോപ്പിലെയ്ക്കുള്ള നടത്തത്തിനിടയ്ക്ക് മുഴുവന്‍ ചിന്തിച്ചത് ആ വാക്കിനെ കുറിച്ചാണ് 'ലാസ്റ്റ് ഡെയ്റ്റ്'..സര്‍ക്കാരു ഖജനാവിലേക്ക് കിട്ടി ബോധിക്കാനുള്ള കാര്യങ്ങളില്‍ 'സമയത്തിന്റെ അതിര്‍വരമ്പ്' എന്നാണു അതിന്‍റെ അര്‍ഥം. ജനാധിപത്യത്തിന്‍റെ ഭാവി സുരക്ഷിതമാക്കാന്‍ ഓരോ തവണ നഖ തുമ്പില്‍ ചായം തേക്കുന്നവന്ടെ ന്യായമായ അവകാശങ്ങളിലേക്ക് എത്തുമ്പോള്‍ അത് നാളെ നാളെ ..നീളെ ..നീളെ എന്ന്‌ പരിണാമം പ്രാപിക്കുന്നു ...ചിന്തകള്‍ക്ക് ഉണര്‍വ് പകരാനായി ഒരു സിഗരട്ട് ചുണ്ടില്‍ വെച്ചു തീ കൊളുത്തി.. അലകഷ്യമായി പുക ഊതിക്കൊണ്ടു നില്‍ക്കെ പെട്ടെന്നാണ്‌ അത് സംഭവിച്ചത്... റോഡു മുറിച്ചു കടക്കുകയായിരുന്ന ഒരു മധ്യ വയസ്ക്നെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഒരു കാറ് നിര്‍ത്താതെ പോയി ...

കണ്‍ മുന്നില്‍ ഒരു ദുരന്തം!! ..എന്നിലെ ഉത്തമ പൌരന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം ..ആദ്യത്തെ അങ്കലാപ്പില്‍ നിന്നുണര്‍ന്നു നോക്കുബോഴേക്ക് ..ആള്‍ക്കൂട്ടം അയാളെ പൊതിഞ്ഞു കഴിഞ്ഞിരുന്നു .തിക്കി തിരക്കി മുന്നോട്ട് കയറി എത്തി നോക്കി ...തലയടിച്ച്ചാണ് വീണിരിക്കുന്നത് .പൊട്ടിയൊലിച്ച ചോര തലയ്ക്കു വട്ടം വരച്ചു താഴേക്കു ഒഴുകുന്നു ...കൈ കാലുകള്‍ വിറപ്പിച്ചു അയാള്‍ അവ്യക്തമായി എന്തോ പുലമ്പുന്നുണ്ട്...ഇപ്പോള്‍ അത് ഒരു നിലവിളിയായി മാറിയിരിക്കുന്നു.. നിര്‍ത്താതെ പോയ കാറുകാരന്റെ ക്രൂരതയെ വാ തോരാതെ പുലഭ്യം വിളിച്ചു തങ്ങളുടെ കടമ ഭംഗിയായി നിര്‍വഹിച്ചതിന്‍റെ ആത്മ സംതൃപ്തിയോടെ കാഴ്ചക്കാര്‍ പിരിഞ്ഞു തുടങ്ങി

"ആരെങ്കിലും ഒന്ന് വരൂ ..ഇയാളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാം... .അല്ലെങ്കില്‍ ഈ പാവത്തിന്‍റെ ജീവന്‍ ......"എന്നിലെ മനുഷ്യ സ്നേഹിയുടെ നിലവിളി പാതിയില്‍ മുറിഞ്ഞു. പെട്ടെന്ന് എന്‍റെ തോളില്‍ ഒരു പരുപരുത്ത കൈ പതിഞ്ഞു ..തിരിഞ്ഞു നോക്കിയ എന്‍റെ വിറയ്ക്കുന്ന കണ്ണുകളില്‍ നോക്കി അയാള്‍ പറഞ്ഞു ;
"സുഹൃത്തേ ..നിങ്ങള്‍ക്ക് ഭാര്യേം മക്കളുമൊക്കെ ഉള്ളതല്ലേ ...വിട്ടിട്ടു പോരെ അല്ലെങ്കില്‍ കാക്കി എമ്മാന്‍മാര് ഇത് നിങ്ങടെ തലയിലാക്കും ...ജീവിതത്തിലിതുവരെ കാറീല്‍ കേറാത്തവനാണെങ്കില്‍ കൂടി നിങ്ങളെ അവര്‍ ഇടിച്ചിട്ട വണ്ടിക്കാരനാക്കും ..അത് അയാളുടെ വിധി ..നിങ്ങള്‍ പൊയ്ക്കോളൂ"

....വെള്ളം .വെ..ല്ള്‍......അയാളുടെ ഞരക്കം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം ...ദൈവമേ....കണ്മുന്നില്‍ ഒരു സഹജീവി ആര്‍ത്ത ദാഹത്താല്‍ നിലവിളിക്കുന്നു ..വെറും കാഴ്ചക്കാരനായി ഞാന്‍ ..ഛെ..എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ..ഇല്ല എന്തെങ്കിലും ചെയ്തേപറ്റൂ .'സുഹൃത്തേ...നിങ്ങള്‍ക്ക് ഭാര്യേം മക്കളുമൊക്കെ ഉള്ളതല്ലേ', ആ ചോദ്യം വീണ്ടും കാതില്‍ അപായമണി മുഴക്കുന്നു ...വെ..ള്ള..മം... വീണ്ടും അതെ ഞരക്കം ...ഞാന്‍ അവിടെ നിന്ന് പൊള്ളി ...പെട്ടെന്ന് ആരോ പിടിച്ചു തിരിച്ചപോലെ ഞാന്‍ തിരിഞ്ഞു നടന്നു ..നേരത്തെ എന്നെ വിലക്കിയ ആളുടെ കക്ഷത്തിലെ മടക്കിയ പത്ര താളിലെ തലക്കെട്ടില്‍ കണ്ണുടക്കി ..

"ഇന്ത്യക്ക് അഭിമാന നേട്ടം..
ചന്ദ്രനില്‍ ജല മര്‍മ്മരം "!!


*******************************

No comments:

Post a Comment