Friday, December 17, 2010

നെട്ടോട്ടം

ഇറ്റു നേരം നിന്റെ മുറിക്കുള്ളില്‍
വയസ്സന്‍ കസാലയില്‍ വളഞ്ഞിരിക്കുമ്പോള്‍
മേലാകെ മുള്ള് കുത്തി നോവുന്നു .
നാല് ചുമരുകളിലും മുഖം വക്രിച്ചെന്റെ പ്രേതം
നിലവിളിക്കുന്നു, കടവാതിലിനെപ്പോലെ .

കാലു പൊള്ളി തിരിഞ്ഞോടി
മൊട്ടച്ചി കുന്നിന്റെ വിരിമാറില്‍
ചടഞ്ഞിരുന്നിരുട്ട് തിന്നു .
ദഹിക്കാത്ത കറുപ്പ് വട്ടമിട്ടു
ചങ്കില്‍ പടര്‍ന്നപ്പോള്‍
പ്രാണനെടുത്തുള്ളം കയ്യില്‍ പിടിച്ച്
അടിവാരത്താഴ്ചയിലേക്ക് പാച്ചില്‍ വീണ്ടും.

കുന്നിന്‍ ചെരുവിലെ ഒറ്റമരം
പുഴുക്കുത്തു വീണ് കിനാവിന്റെ
തളിരിലകള്‍ കൊഴിഞ്ഞ്
പ്രായമെത്താതെ വയസ്സനായ നഗ്നന്‍,
അതിന്റെ തെക്കോട്ട്‌ ചാഞ്ഞ ചില്ലയില്‍
ഞെട്ടറ്റു വീഴാന്‍ വെമ്പുന്ന കരിഞ്ഞോരില ;-
താളം മറന്നു വിറച്ചു തുള്ളുന്ന എന്റെ ഹൃദയം .

തുണിസഞ്ചിയില്‍ പൊതിഞ്ഞു കെട്ടി
നാടു കടത്തിയ പൂച്ചക്കുട്ടിയെപ്പോലെ
ഓര്‍മ്മകള്‍ മനസിന്റെ പിന്നാമ്പുറങ്ങളില്‍
മടങ്ങി വന്നു മ്യാവു മ്യാവു വിളിക്കുന്നു .

നിഴല്‍ക്കുത്ത്

ഇരുപുറവും പടര്‍ന്നു കയറിയ കുറ്റിക്കാടിനു നടുവിലെ നടപ്പാതയിലൂടെ നടന്ന്‌ ഒടുവില്‍ വീട്ടുമുറ്റത്തെത്തിയപ്പോള്‍ അയാള്‍ പിടിച്ച് നിര്‍ത്തിയപോലെ
നിന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ . ...ഇനി ഈ മണല്‍ത്തരികള്‍ കാലു
നക്കില്ലെന്നുറപ്പിച്ചു പടിയിറങ്ങിയതാണ് ...
എന്നിട്ടും......
ജ്വലിച്ചുനിന്ന സൂര്യന്‍ അയാളെയും നിഴലിനെയും ഒരേ ബിന്ദുവില്‍ തളച്ചു നിര്‍ത്താന്‍ പണിപ്പെട്ടു ..
ഉമ്മറത്തെയ്ക്ക് വിറച്ചു ചുവടു വെയ്ക്കാന്‍ തുടങ്ങവേ , ഇപ്പൊ പൊട്ടിവീണ പോലെ അവള്‍ വാതില്‍ക്കല്‍ .......
അയാളുടെ കണ്ണുകള്‍ അവളെ പിടച്ചു നോക്കി ....
കുതറി മാറിയ നിമിഷങ്ങളില്‍ അവളറിയാതെ മിഴികള്‍ ചാല് കീറി കവിളുകളില്‍ കളം വരച്ചു..

"ന്നാലും ........നിങ്ങള്‍.. ..ഇത്രേം നാളും ..ഒന്നു തിരിഞ്ഞു നോക്കാതെ .........
വിളറി വിറച്ച വാക്കുകള്‍ പാതി വഴിയില്‍ പിടഞ്ഞു വീണു .
ഇപ്പൊ എന്തിനാ ഈ വരവ് ..എന്റെ കൊച്ചനെ തച്ചു കൊല്ലാനോ ?
അവനെ നരകിപ്പിച്ചത് മതിയാവാഞ്ഞിട്ടാണോ പിന്നേം വന്നത് ..
ഓടിക്കളിക്കേണ്ട പ്രായത്തില്‍ തുടങ്ങി ഇപ്പഴും എന്റെ കുഞ്ഞ് പെടാപ്പാട് പെടുന്നോണ്ടാ ഞാനും മോളും ജീവിച്ചു പോന്നേ..
ചത്താലും നിങ്ങളോട് ദൈവം പൊറുക്കുകേലാ .....നോക്കിക്കോ...

കുറച്ചു നേരം കൂടി അയാള്‍ അതേനില്‍പ്പ് തുടര്‍ന്നു ..
പിന്നെ വാക്കുകള്‍ മറന്നവനെപ്പോലെ ചലിക്കുന്ന കാലുകളില്‍ മിഴിയൂന്നി സാവധാനം തിരിഞ്ഞു നടന്നു...

'നീ പറഞ്ഞതൊക്കെ ശരി തന്നെ ...
ന്നാലും ...ഓന്റെ കവിളില്‍ കുന്നിക്കുരു വലുപ്പത്തില്‍ ആ കറുത്ത മറുക് ...
എനിക്കും നിനക്കുമില്ലാത്ത കറുത്ത മുദ്ര .
നിന്‍റെ വീട്ടുകാര്‍ക്കോ എന്റെ വീട്ടുകാര്‍ക്കോ ഒന്നിനെങ്കിലും പേരിനു പോലുമില്ലാത്ത ആ അലങ്കാര മുദ്ര ..
തിളയ്ക്കുന്ന ചിന്തകള്‍ കരളിന്റെ ഭിത്തിയില്‍ എണ്ണക്കറുപ്പില്‍ ചുട്ടി കുത്തുമ്പോള്‍ ഓനെ ഞാനെങ്ങനെ നമ്മുടെ മോനെന്നു വിളിച്ചു നെഞ്ചോടണയ്ക്കും ....."
വഴുതിയുള്ള നടപ്പിനു ഗതിവേഗം കൂടുന്നതിനിടയില്‍ അയാള്‍ ശബ്ദമില്ലാതെ നിലവിളിച്ചു ...

ഇല കരിഞ്ഞ മരങ്ങളെ തഴുകി വന്ന മീനമാസത്തിലെ വരണ്ട കാറ്റ് വാതില്‍പ്പടിയോളമെത്തി നിഷ്പ്പക്ഷതയുടെ അടയാളമായ് അവളുടെ കവിളൊപ്പി .. .

മേല്‍വിലാസം

"അല്ലാ..സാറിനെ ഇവിടെങ്ങും കണ്ട് പരിചയമില്ലല്ലോ ?
ഇവിടെ ആരേക്കാണാനാ."?
വള്ളക്കാരന്‍ അത് ചോദിക്കുമ്പോള്‍ അയാള്‍ വെള്ളപ്പരപ്പിലേക്ക് കണ്ണെറിഞ്ഞ് അലസമായിരിക്കുകയായിരുന്നു .
"ആരേം കാണാനല്ല".
മറുപടി ഒറ്റവാക്കില്‍ ഒതുങ്ങി..
"പിന്നെ... നാടുകാണാന്‍ ഇറങ്ങിയാതിരിക്കും....അതിനാണേല്‍ എന്തെങ്കിലും സഹായം വേണേല്‍ ......
അതും നമ്മുടെ വകുപ്പാണേ .. അങ്ങനേം ചിലര് വരാറുണ്ട് ഇടയ്ക്ക് ..അതോണ്ട് ചോദിച്ചതാ .."
"അതിനുമല്ല ...."
അയാള്‍ ഒരു കൈ കൊണ്ട് വെള്ളം വീശിത്തെറിപ്പിച്ചുകൊണ്ട് പറഞ്ഞു .

"പിന്നെ ..ഒരു കാര്യവുമില്ലാതെ ആരെങ്കിലും തോളേലൊരു സഞ്ചീം തൂക്കി ഇങ്ങനെ ഊര് ചുറ്റാന്‍ ഒരുങ്ങിയിറങ്ങുവോ " ?
"ഹ. ..ഹ ഇത്രയും നേരത്തിനുള്ളില്‍ നിങ്ങള്‍ എന്നോട് എത്ര ചോദ്യങ്ങള്‍ ചോദിച്ചു . സത്യത്തില്‍ ഇതിന്റെ എന്തെങ്കിലും ആവിശ്യമുണ്ടോ,
ഒരു കരയില്‍ നിന്ന് മറു കരയിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ തിരക്കേണ്ട ഒരേ ഒരു കാര്യം മാത്രമേയുള്ളൂ ..ഞാന്‍ കൃത്യമായി തരേണ്ട കടത്തുകൂലിയെപ്പറ്റി .. അതാണെങ്കില്‍ നിങ്ങള്‍ ഇത് വരെ ചോദിച്ചിട്ടുമില്ല .."

"അതു കൊള്ളാം ..എന്തായാലും നിങ്ങള്‍ ഇടയ്ക്ക് വെച്ച്‌ ഓടിപ്പോകാനോന്നും
പോകുന്നില്ലല്ലോ .അതുകൊണ്ട് ആ ചോദ്യം ഞാന്‍ ഒഴിവാക്കുന്നു."
വള്ളക്കാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങള്‍ ഇത്ര വിശദമായി ചോദിച്ച സ്ഥിതിക്ക് പറയാം ..കുറച്ചു കാലത്തേയ്ക്ക് സ്വസ്ഥമായി ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചു കറങ്ങി നടക്കുവാ .."

"ങാഹാ.! അങ്ങനെ വരട്ടെ .അപ്പൊ എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല ..സാറിനു പറ്റിയ സ്ഥലം ഞാന്‍ ശരിയാക്കിത്തരാം..ഒറ്റ നോട്ടത്തില്‍ സാറ് സമ്മതം
മൂളും..ഇതാണ് ഞാന്‍ തേടി നടന്ന ഇടമെന്ന് തലകുലുക്കി സമ്മതിക്കും ..
ഞാനിത് ഇന്നും ഇന്നലേം തുടങ്ങിയതല്ല സാറേ.. പിന്നെ സാറ് നേരത്തെ പറഞ്ഞപോലെ ഇടപാട് കഴിയുമ്പോള്‍ ന്യായമായ കൂലി ..ന്യായമായത് മാത്രം .അതാണ്‌ നമ്മുടെ ഒരു രീതി . എന്താ പോരേ?"

"മം .."
അയാള്‍ മൂളി ..
"പക്ഷേ എനിക്കു വേണ്ട സ്ഥലം അത്ര എളുപ്പം കണ്ടുകിട്ടുമെന്നു തോന്നുന്നില്ല ..
കാരണം എനിക്കു ചില വ്യവസ്ഥകള്‍ ഉണ്ടെന്നത് തന്നെ.."

"അതു വേണമല്ലോ ..പിന്നെ , പാലിക്കാന്‍ പറ്റാത്ത ഒരു വ്യവസ്ഥയും ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല ..
നമ്മളുണ്ടാക്കുന്ന വ്യവസ്ഥകള്‍ പാലിക്കാനാളില്ലെങ്കില്‍ പിന്നെ ആവാക്കിനു നിലനില്‍പ്പില്ലല്ലോ.."

"ഉം ....അതും ശരി തന്നെ .."
അയാള്‍ അല്‍പ്പസമയം വള്ളപ്പാടില്‍ കണ്ണുനട്ടിരുന്നു.

"എനിക്കു വേണ്ടത് ഞാന്‍ മാത്രമുള്ള ഒരിടമാണ് ..
എന്ന് വെച്ചാല്‍ പുറത്ത് നിന്ന് ശല്യമായി ഒരു രൂപവും കടന്ന് വരാത്തിടം..
മനുഷ്യന്‍ എന്ന ജീവി ദൂരക്കാഴ്ചയില്‍പ്പോലും കടന്ന് വരാത്തിടം ..
കറുത്ത ചിരിയും, നെഞ്ചു പൊട്ടിയ തേങ്ങലും.. ,
കടത്തിന് പകരം കടപ്പാടും .. ,
വിശപ്പിനു മരുന്നായ് വിഷം കലര്‍ത്തിയ ഉപ്പും,
മരണം കാത്ത് ഊര്‍ദ്ധന്‍ വലിക്കുന്ന വിശ്വാസ നിഴലുകളും,
വേര്‍പാട് ചവച്ചു തുപ്പിയ വേദനകളും ഒന്നുമില്ലാത്തിടം..
ഇരുളും വെളിച്ചവും , ഞാനും എന്റെ നിഴലും മാത്രം.
എന്താ നടക്കുവോ ?"
അയാള്‍ ചോദ്യഭാവത്തില്‍ വള്ളക്കാരനെ നോക്കി ?

"നിങ്ങള്‍ക്കു നീന്തലറിയാമോ ?"
"ഇല്ല എന്തേ ?"
"അല്ലാ ..തലയൊന്നു തണുത്താല്‍ ചിലപ്പോള്‍ ....
ഒരു പരീക്ഷണം ....ഇല്ലെങ്കില്‍ പിന്നെ ചികിത്സയല്ലാതെ വേറെ രക്ഷയില്ല .."

"ഹ..ഹ എന്ന് വെച്ചാല്‍ ഞാന്‍ തലയ്ക്കു സ്ഥിരമില്ലാത്തവന്‍ എന്നര്‍ത്ഥം ..ഞാന്‍ നേരത്തേ പറഞ്ഞില്ലേ എന്നെ സഹായിക്കുക നിങ്ങള്‍ക്കെളുപ്പമാകില്ലെന്ന് .."

"ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നത് നേര്.."
വള്ളം കടവിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ അയാള്‍ മറുപടി നല്‍കി ..

"നിങ്ങള്‍ അന്വേഷിക്കാന്‍ ഒരു വിലാസം തരൂ എന്തെങ്കിലും ഒത്ത് വന്നാല്‍ നിങ്ങള്‍ക്കു സ്വബോധമുള്ളപ്പോള്‍ ഞാന്‍ വന്നു കാണാം .."
കടത്തുകൂലി വാങ്ങി മടിക്കുത്തില്‍ തിരുകുന്നതിനിടെ വഞ്ചിക്കാരന്‍ ആരാഞ്ഞു .

"നിങ്ങള്‍ എന്തൊരു മനുഷ്യനാണ് ..ഇത്രയും നേരം കഥാപ്രസംഗം മുഴുവന്‍ കേട്ടിട്ടും പിന്നേം ചോദിക്കുന്നത് കേട്ടില്ലേ ? വീടില്ലാത്തവനോട് വിലാസം ചോദിക്കുന്നു ..!
ഈ കടവും വഞ്ചിയും വിലാസമായുള്ള നിങ്ങളെ തേടിപ്പിടിക്കുന്നതല്ലേ അതിലും എളുപ്പം ..ആവിശ്യം വന്നാല്‍ ഞാന്‍ തിരക്കി വന്നോളാം ..."
മറുപടിക്ക് കാക്കാതെ അയാള്‍ തിരിഞ്ഞു നടക്കുന്നതും നോക്കി വഞ്ചിക്കാരാന്‍ ചിറികോട്ടി ചിരിച്ചു ..

പിറ്റേന്ന് വെള്ളപ്പരപ്പില്‍ വിലാസമില്ലാത്തവന്റെ പ്രേതം ഭാരമില്ലാതൊഴുകി നടന്നു ..
പാതിയടഞ്ഞ മിഴികള്‍ , തേടിയലഞ്ഞത്‌ കണ്ടെത്തിയവന്റെ നിര്‍വൃതിക്ക് സാക്ഷി പറഞ്ഞു ..

ഒരേ കാഴ്ചകള്‍

വിശന്നു മരിച്ചവന്റെ ആമാശയം
ചില്ലിട്ടു വെച്ചതു കാണാന്‍
മുടക്കിയ നാണയത്തുട്ടുകള്‍ ,
ജീവിച്ചിരുന്നപ്പോള്‍ അവനു കൊടുക്കാന്‍ -
മറന്ന അപ്പക്കഷണങ്ങള്‍ !

ആള്‍ക്കൂട്ടത്തില്‍ അമ്മ ഉപേക്ഷിച്ച
കുഞ്ഞിന്റെ കണ്ണീര്‍പ്പുഴയില്‍ -
ഇളകിയാടുന്ന കടലാസു തോണി
എന്റെ കവിത .

എയ്ഡ്സ്സ് ബാധിച്ചവന്റെ -
ഇനിയും വയസ്സറിയിക്കാത്ത പെണ്‍കുട്ടിയെ
കല്ലെറിഞ്ഞു കൊന്നവര്‍,
പാപം പൊറുക്കാത്തവര്‍,
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധരാക്കപ്പെട്ടവര്‍ !

ശരണാലയത്തിലെ ഇരുണ്ട ചുമരുകള്‍ക്കുള്ളില്‍
വൃദ്ധദമ്പതികള്‍ വിറച്ചു മന്ത്രിച്ചു ;
'വിത്തറിയാതെ വിതച്ചത് ,
വിനാശകാലേ വിപരീത ബുദ്ധി' !

അച്ഛന്‍ കാമിച്ച പെണ്ണിന്റെ മാനം,
നാളെ ജനിക്കുന്ന കവിയ്ക്കായ്
കാലം കാത്തുവെച്ച വരികള്‍ !

അതിഭാഷണം

നഗരത്തിലെ അപഥസഞ്ചാരികള്‍ക്കിടയില്‍ പേര്‌കേട്ട വേശ്യാലയത്തിന്റെ കോണിപ്പടികള്‍ കേറുമ്പോള്‍ അയാള്‍ തികച്ചും ശാന്തനായി കാണപ്പെട്ടു.
ഇരുട്ടില്‍ പൊളിഞ്ഞു വീണേക്കാവുന്ന പൊയ്മുഖത്തെയോര്‍ത്ത് യാതോരാശങ്കയുമില്ലാതെ
പടികള്‍ ഓരോന്നായി ചവുട്ടി കയറി. മുകളില്‍ അയാളെ കാത്തെന്നോണം നിന്ന
ജൂബ്ബാ ഷര്‍ട്ടിട്ട കൊമ്പന്‍ മീശക്കാരന്‍ തടിയന്‍ ഒരു നിമിഷം നെറ്റി
ചുളിച്ച് , പിന്നെ ധൃതിയില്‍ ചോദിച്ചു ;


"ഫോണില്‍ സംസാരിച്ച ..."
"അതേ",
അയാള്‍ പരുക്കന്‍ ശബ്ദത്തില്‍ പ്രതിവചിച്ചു.
"എല്ലാം പറഞ്ഞ പോലെ തന്നല്ലേ "?
പോക്കറ്റില്‍ നിന്ന് ആയിരത്തിന്റെ രണ്ടു നോട്ടുകള്‍ തടിയന് നേരെ നീട്ടി അയാള്‍ ആരാഞ്ഞു.

"അത് പിന്നെ പ്രത്യേകം പറയണോ സാറേ .വാക്കുറപ്പുള്ള ഒരേ ഒരു കച്ചോടം
ഇതല്ലാതെ വേറെ ഏതാണ് ? പിന്നെ കാക്കിയിട്ട ഒരുത്തനും ഈ വഴി തിരിഞ്ഞു പോലും നോക്കില്ല എന്നത് സാറിനിവിടെ മാത്രം പ്രതീക്ഷിക്കാവുന്ന ബോണസ് ."
"എന്റെ കണ്ടീഷനില്‍ അതിനെക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല .അത് കൊണ്ട് തന്നെ
ഞാനത് കാര്യമാക്കുന്നുമില്ല . നിങ്ങള്‍ നേരം കളയാതെ പ്രസംഗം നിര്‍ത്തി
കാര്യത്തിലേക്ക് കടക്കു ."

"പിന്നല്ലാതെ നമ്മളെന്തിനു പാതിരാത്രി വെറുതേ നാട്ടുവര്‍ത്തമാനം പറഞ്ഞു മുഷിയുന്നു, അല്ലേ ..ഹ ഹ.. സാറ് വന്നാട്ടെ "
അയാള്‍ താക്കോല്‍ക്കൂട്ടവുമെടുത്തു ഇടനാഴിയിലൂടെ നടന്നു .
" അല്ല സാറേ , സാറെന്താണ് പെണ്ണിന്റെ മുഖം ........................."

"തന്നോട് നേരത്തെ പറഞ്ഞതല്ലേ ചോദ്യങ്ങള്‍ വേണ്ടെന്നു ?"
ആഗതന്‍ അയാളെ മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല .

"ഒരു കൌതുകം കൊണ്ട് ചോദിച്ചതാ . അല്ലെങ്കില്‍ തന്നെ തുട്ടു കിട്ടിക്കഴിഞ്ഞാല്‍
പിന്നെ നമ്മളെന്തിനാ വേണ്ടാത്തത് ചിക്കി ചികയുന്നെ ..ബഹുജനം പല വിധം
.അത്ര തന്നെ .ഞാനൊന്നും ചോദിച്ചിട്ടുമില്ല സാറൊന്നും കേട്ടിട്ടുമില്ല
.പോരേ ?"

സാറിന്റെ ഈ കൊരങ്ങന്‍ തൊപ്പിയൊന്നൂരിയിരുന്നെങ്കില്‍ മുഖം വ്യക്തമായേനെന്നു പറയാനിരുന്നതാ .ഇനീപ്പം അതും വിഴുങ്ങീരിക്കുന്നു ."
അതിനും പിന്നില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
വലത്തേയറ്റത്തെ രണ്ടാമത്തെ മുറിയുടെ പൂട്ട്‌ തുറന്നു താക്കോല്‍ ഏല്‍പ്പിക്കുമ്പോള്‍ തടിയന്‍ ചിരിച്ചു .

" തിരിച്ചിറങ്ങുമ്പോള്‍ ഇതുപോലെ പൂട്ടിയെക്കണം "
അയാള്‍ തല കുലുക്കി അകത്തു കടന്ന് വാതിലടച്ചു .

" ഞാനിവിടെ കിടക്കയിലുണ്ട് വലതു വശത്ത് .."
ഇരുട്ടില്‍ ഒരു മധുര ശബ്ദം അയാളെ അരികിലേക്ക് ക്ഷണിച്ചു ..

കിളിനാദം മന്ത്രിച്ച ദിശയിലേക്ക് അയാള്‍ മന്ദം നടന്നു .മെത്തയിലൂടെ
ഇഴഞ്ഞു നീങ്ങിയ കൈകള്‍ നനുത്ത മൃദുലതയില്‍ തട്ടി തടഞ്ഞപ്പോള്‍ അയാള്‍
വിറച്ചു .
പൊടുന്നനെ അയാള്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
"ഇതെന്താണ് നിങ്ങള്‍ തലയും മുഖവും മറച്ചിരിക്കുന്നത്" ? മങ്കി ക്യാപ്പാണോ ?

ചോദ്യത്തിനിടയില്‍ത്തന്നെ അവളതൂരിമാറ്റിയിരുന്നു.
"നിനക്ക് നിലാവത്ത് പൂത്ത പിച്ചിയുടെ മണം "
അവളുടെ മൂര്‍ദ്ധാവില്‍ ചുംബിക്കുന്നതിനിടെ അയാള്‍ പിറ് പിറുത്തു ..
"ഹ ..ഹ നിലാവത്ത് പിച്ചി പൂക്കുമോ ? എനിക്കറിയില്ലായിരുന്നു .."

അവള്‍ പൊട്ടിച്ചിരിച്ചു .വളപ്പൊട്ടുകള്‍ പൊടിയുമ്പോലെ..

സത്യം പറഞ്ഞാല്‍ എനിക്കല്‍ഭുദം തോന്നുന്നു .സാധാരണ എന്റടുത്തു വരുന്നവര്‍ നീല
വെളിച്ചത്തില്‍ എന്റെ മേനി കണ്ട് കൊതി തീര്‍ത്തിട്ടേ ലൈറ്റ്
അണയ്ക്കാറുള്ളൂ . നിങ്ങള്‍ മാത്രം .....

നിങ്ങള്‍ക്കെന്റെ മുഖമെങ്കിലും കാണണമെന്ന് തോന്നുന്നില്ലേ ?"
"ഇല്ല .."
അയാളുടെ ശബ്ദം പെട്ടെന്ന് പരുക്കനായി ..
"ഞാന്‍ കണ്ട മുഖങ്ങളിലെല്ലാം ചതിക്കണ്ണുകള്‍ മാത്രം ..
കാമുകിയും, ഭാര്യയുമെല്ലാം ..എല്ലാ മുഖങ്ങളോടും വെറുപ്പാണ് .."

അയാള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.
"അത് ശരി അതാണ്‌ കാര്യം" .
"എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതും ചതി തന്നയല്ലേ ?"
"അല്ല നിനക്കുള്ള പ്രതിഫലം ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടു തന്നെയാണ് ഞാന്‍ വന്നത്. എനിക്കാരേം ചതിക്കണമെന്നില്ല ".

"ഹ ഹ ..അത് കൊള്ളാം .മുഖങ്ങള്‍ പലതവണ ചതിച്ചിട്ടും ഉടലിനോടുള്ള ദാഹം ശമിച്ചിട്ടില്ല. അതുകൊണ്ട് ഇരുട്ടില്‍ ഉടല്‍നക്കി പരസ്പരംകാണാതെ ബാധ്യതയില്ലാതൊരു മടങ്ങിപ്പോക്ക് .."

ഉം ..
അയാള്‍ മൂളിക്കേട്ടു .
"തുറന്നു പറയുന്നതില്‍ മുഷിയരുത്‌..നിങ്ങള്‍ ശരിക്കും ഒരു ഭീരുവാണ് ."

"ശബ്ദിക്കരുത് ."..! അയാള്‍ അലറി .
അവളെ ഊക്കോടെ പിടിച്ച് തള്ളിയിട്ട് അയാള്‍ വാതില്‍ വലിച്ചു തുറന്ന് പുറത്തേയ്ക്ക് പാഞ്ഞു ..

കോണിപ്പടി തുടങ്ങുന്നിടത്ത് കൊമ്പന്‍ മീശക്കാരന്‍ തടിയന്‍ അയാളെ കണ്ടമ്പരന്നു .
"എന്താണ് സാര്‍ ഇത്ര പെട്ടെന്ന് .....എന്ത് പറ്റി ?"

"വാക്കുറപ്പിക്കുമ്പോള്‍ നിങ്ങളോട് പറയാന്‍ മറന്നുപോയി എനിക്കൊരൂമയെ മതിയെന്ന് ...!"

മറുപടി കാക്കാതെ അലസമായി കോണിപ്പടികളിറങ്ങി അയാള്‍ മുഖമില്ലാത്ത ഇരുട്ടില്‍ ലയിച്ചു ...

പലായനം

നിങ്ങള്‍ തീമഴ തളിച്ച്
നൂറുമേനി കൊയ്ത മണ്ണില്‍
പിടഞ്ഞു വീണ പുഴുക്കള്‍ ഞങ്ങള്‍ !
ബുദ്ധിയുള്ളോര്‍ നിങ്ങളറവെച്ചു വാഴുമ്പോള്‍
ദ്രവിച്ച കൂരകളില്‍ ഞങ്ങളുടെ കൂടെപ്പിറന്നോരുടെ
ഊര്‍ദ്ധന്‍ വലി , പദം പാടിയാടുന്നു മരണതാളം !

"വിതയ്ക്കാതെ കൊയ്യാന്‍
വിയര്‍ക്കാതെ പുലരാന്‍
വിശപ്പിന്‍റെ നെഞ്ചത്തു ശവക്കോട്ട കെട്ടാന്‍ ..." ;
പണ്ടു പറഞ്ഞു പറ്റിച്ച തേന്‍മൊഴികള്‍.

നിങ്ങള്‍ പരീക്ഷിച്ച രസക്കൂട്ടുകളില്‍
തളര്‍ന്നിഴയുന്നു, ഞങ്ങള്‍ കരളു ചീഞ്ഞ കീടങ്ങള്‍ !
തോളില്‍ തളര്‍ന്നുറങ്ങുമെന്‍റെ -
കറുത്ത കുഞ്ഞുണര്‍ന്നു ഞരങ്ങുമ്പോള്‍ ,
വിറച്ചു നല്‍കാന്‍ , വിഷം തളിച്ച്
വിളയിച്ച തേന്‍കനികള്‍ മാത്രം !

ഞങ്ങള്‍ക്കിനി നാട്ടുവാസിപ്പെരുമ വേണ്ടേ,
തേനില്‍ വിഷം കലക്കി വിളിച്ചിടൊല്ലേ ?
ഉള്ളു തുറന്നു പറഞ്ഞോട്ടെ -
നിങ്ങളെ പേടിച്ചു കാട് കേറുന്നേന്‍ !
കുതറിയോടി മുടന്തി നീങ്ങവേ
പിന്നിലലയടിക്കും നിലവിളികള്‍ ,
പണ്ടു നിങ്ങള്‍ പഠിപ്പിച്ച ചില്ലക്ഷരങ്ങളില്‍
പറയാനറച്ച പുലഭ്യങ്ങള്‍ മാത്രം !!

ഇരുട്ടിലെ തുണ

വേണമെപ്പൊഴും ഇരുട്ടിലൊരു തുണ ,
ചുറ്റും പടര്‍ന്ന കറുപ്പില്‍ പതിയിരിക്കുന്നുണ്ട്
ക്രൌര്യമുഖങ്ങളെന്ന തോന്നലില്‍ ,ഒരാശ്വാസമായ് .
പകലോനുണര്‍ന്നാല്‍, വെളിച്ചം പരന്നാല്‍
ഇവന്‍, സ്വസ്ഥത ഹനിക്കുന്ന ശല്യം !
കുടിച്ച വെള്ളത്തില്‍ കലക്കിക്കൊടുത്തൂ,കൊടും വിഷം !
ഹാവൂ ! ഒഴിഞ്ഞു മാരണം .!
ഇനി അന്തി ചുവക്കുമ്പോഴേക്ക് കണ്ടെത്തണം
ഒരു പുതിയ കൂട്ട് !!