Friday, December 17, 2010

അകംപൊരുള്‍

ഉറക്കം വരാത്ത രാത്രികളില്‍
മുറിയിലെ അരണ്ട വെളിച്ചത്തില്‍
അവ്യക്തമായ്‌ ചില നിഴലനക്കങ്ങള്‍.
മൂകയാം രാവിന്നു മീതേ ഓളമിട്ട് ,
അകലെയെങ്ങോ നിന്നൊരു ചിലമ്പിച്ച
നിലവിളിയുടെ മാറ്റൊലി .
മുറ്റത്തെ വയസ്സന്‍ മാവിന്റെ
തൊലി ചുളുങ്ങിയ തളര്‍ന്ന ചില്ലകളില്‍
ഭ്രാന്തന്‍ കാറ്റിന്റെ ഉന്മാദ നൃത്തം!
ഇരുള്‍ മൂടിയ വഴിത്താരകളില്‍
മണ്ണില്‍ കണ്ണുനട്ട് ഏകനായ് നടക്കവേ
പിന്നിലാരോ പൊട്ടിച്ചിരിക്കുന്നപോലെ.
ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കവേ
കട്ട പിടിച്ച കറുപ്പില്‍നിന്ന് -
പുഴുനുരയ്ക്കും പോല്‍ ഭയം
നിലംതൊടും കാലിലൂടരിച്ചരിച്ച്.
ഛെ ! ദൈവോം പിശാചും
പ്രേതവും ഭൂതവും ഭാവീമെല്ലാം
ദുര്‍ബല മനസ്സിന്റെ പിന്നാമ്പുറങ്ങളിലെ
യുക്തിക്ക് നിരക്കാത്ത പൊട്ടത്തരങ്ങളെന്ന്
പലവുരു പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തി
പകല്‍ മുഴുവന്‍ മാളോരുടെ കാതുകളില്‍
അവിശ്വാസത്തിന്റെ ഈയമുരുക്കിയൊഴിക്കാന്‍
പെടാപ്പാട്പെടുന്ന ഞാനോ ഇങ്ങനെ, ഛെ!
ഒടുവിലിന്നലെ പേരാല്‍ച്ചുവട്ടിലെ
മുത്തിയുടെ കോവിലില്‍ നാലാള് കാണാതെ
പൂജിച്ചുകിട്ടിയ കറുത്ത ചരട്
പഴയ അരഞ്ഞാണപ്പാടിന്നു മീതേ വലിച്ചു കെട്ടി .
ഇനീപ്പോ ഇരുളില്‍ ഭയം തീണ്ടാതെ
കാറ്റിന്റെ മാറ്റൊലിയില്‍ ഉടല്‍ വിറയ്ക്കാതെ
യുക്തിവാദത്തിന്റെ നാറുന്ന
നീളന്‍ കുപ്പായത്തിനു കുറുകെ
പിഞ്ചിയ വിശ്വാസ നൂല്‍സഞ്ചി
വലിച്ചിട്ട് ,നാല്‍ക്കവലതോറും
ശിവനെയും നബിയെയും ബുദ്ധനേം ക്രിസ്തൂനേം
എല്ലില്ലാ നാവിന്‍ മൂര്‍ച്ചയാല്‍ കടിച്ചു കീറി
എല്ലാറ്റിനും മീതെയൊരു 'തത്വമസി' പ്രമാണം !

No comments:

Post a Comment