Friday, December 17, 2010

'ബോണ്‍സായ് '

'ബോണ്‍സായ് '

ഞാന്‍, കഴുത്തില്‍ കുരുക്കു വീണവള്‍
അടികൊണ്ടു പുളയുമ്പോള്‍ ചില നേരം
പട്ടിയെപ്പോലെ മോങ്ങുന്നവള്‍.
മോഹങ്ങള്‍ക്കുമേല്‍ ആക്രോശത്തിന്റെ
ഭാരമമരുമ്പോള്‍ പുഴുവിനെപ്പോല്‍
ഞെരിഞ്ഞു ചുരുളുന്നവള്‍ .
പകലന്തിയോളം അടുക്കളയ്ക്കുള്ളിലെ
നീറുന്ന പുകയില്‍ വെന്തുരുകുമ്പോഴും
സീമന്ത രേഖയിലെ സിന്ദൂരതിലകം
മഹാ പുണ്യമെന്നോര്‍ത്തു മുറതെറ്റാതെ,
ആഴ്ചവ്രതം നോല്‍ക്കുന്നോള്‍.
പിറന്ന വീടും, പിച്ചവെച്ച മണ്ണും
പെണ്ണിന് തന്‍ തനു
വളരുവോളം മാത്രമത്രേ.
കലങ്ങിയ കണ്ണിലെ നീരൊപ്പി
നെഞ്ചോടണച്ച് പിന്‍കഴുത്തിലുമ്മവെച്ച്‌
യാത്രാമൊഴിപോലന്നമ്മ കാതിലോതി -
'താലിതന്‍ മഹത്വം കാക്കണമെന്നാളും
അതിനായ് ഭൂമിയോളം ക്ഷമിക്കണമാകുവോളം.'
മൂര്‍ദ്ധാവിലൊരശ്രു ചുംബനം നല്‍കി
അച്ഛന്‍ ചൊരിഞ്ഞതും 'മനു മന്ത്രം'-
' ഭര്‍ത്താരക്ഷതി യൌവ്വനെ'
എല്ലാ സഹന മന്ത്രങ്ങളും നെഞ്ചോടടക്കി
ഞാനിന്നൊരു മനസ്സ് മുരടിച്ച 'ബോണ്‍സായ് ' മരം

No comments:

Post a Comment