ഇരുപുറവും പടര്‍ന്നു കയറിയ കുറ്റിക്കാടിനു നടുവിലെ നടപ്പാതയിലൂടെ നടന്ന് ഒടുവില്‍ വീട്ടുമുറ്റത്തെത്തിയപ്പോള്‍ അയാള്‍ പിടിച്ച് നിര്‍ത്തിയപോലെ
നിന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ . ...ഇനി ഈ മണല്‍ത്തരികള്‍ കാലു
നക്കില്ലെന്നുറപ്പിച്ചു പടിയിറങ്ങിയതാണ് ...
എന്നിട്ടും......
ജ്വലിച്ചുനിന്ന സൂര്യന്‍ അയാളെയും നിഴലിനെയും ഒരേ ബിന്ദുവില്‍ തളച്ചു നിര്‍ത്താന്‍ പണിപ്പെട്ടു ..
ഉമ്മറത്തെയ്ക്ക് വിറച്ചു ചുവടു വെയ്ക്കാന്‍ തുടങ്ങവേ , ഇപ്പൊ പൊട്ടിവീണ പോലെ അവള്‍ വാതില്‍ക്കല്‍ .......
അയാളുടെ കണ്ണുകള്‍ അവളെ പിടച്ചു നോക്കി ....
കുതറി മാറിയ നിമിഷങ്ങളില്‍ അവളറിയാതെ മിഴികള്‍ ചാല് കീറി കവിളുകളില്‍ കളം വരച്ചു..
"ന്നാലും ........നിങ്ങള്‍.. ..ഇത്രേം നാളും ..ഒന്നു തിരിഞ്ഞു നോക്കാതെ .........
വിളറി വിറച്ച വാക്കുകള്‍ പാതി വഴിയില്‍ പിടഞ്ഞു വീണു .
ഇപ്പൊ എന്തിനാ ഈ വരവ് ..എന്റെ കൊച്ചനെ തച്ചു കൊല്ലാനോ ?
അവനെ നരകിപ്പിച്ചത് മതിയാവാഞ്ഞിട്ടാണോ പിന്നേം വന്നത് ..
ഓടിക്കളിക്കേണ്ട പ്രായത്തില്‍ തുടങ്ങി ഇപ്പഴും എന്റെ കുഞ്ഞ് പെടാപ്പാട് പെടുന്നോണ്ടാ ഞാനും മോളും ജീവിച്ചു പോന്നേ..
ചത്താലും നിങ്ങളോട് ദൈവം പൊറുക്കുകേലാ .....നോക്കിക്കോ...
കുറച്ചു നേരം കൂടി അയാള്‍ അതേനില്‍പ്പ് തുടര്‍ന്നു ..
പിന്നെ വാക്കുകള്‍ മറന്നവനെപ്പോലെ ചലിക്കുന്ന കാലുകളില്‍ മിഴിയൂന്നി സാവധാനം തിരിഞ്ഞു നടന്നു...
'നീ പറഞ്ഞതൊക്കെ ശരി തന്നെ ...
ന്നാലും ...ഓന്റെ കവിളില്‍ കുന്നിക്കുരു വലുപ്പത്തില്‍ ആ കറുത്ത മറുക് ...
എനിക്കും നിനക്കുമില്ലാത്ത കറുത്ത മുദ്ര .
നിന്‍റെ വീട്ടുകാര്‍ക്കോ എന്റെ വീട്ടുകാര്‍ക്കോ ഒന്നിനെങ്കിലും പേരിനു പോലുമില്ലാത്ത ആ അലങ്കാര മുദ്ര ..
തിളയ്ക്കുന്ന ചിന്തകള്‍ കരളിന്റെ ഭിത്തിയില്‍ എണ്ണക്കറുപ്പില്‍ ചുട്ടി കുത്തുമ്പോള്‍ ഓനെ ഞാനെങ്ങനെ നമ്മുടെ മോനെന്നു വിളിച്ചു നെഞ്ചോടണയ്ക്കും ....."
വഴുതിയുള്ള നടപ്പിനു ഗതിവേഗം കൂടുന്നതിനിടയില്‍ അയാള്‍ ശബ്ദമില്ലാതെ നിലവിളിച്ചു ...
ഇല കരിഞ്ഞ മരങ്ങളെ തഴുകി വന്ന മീനമാസത്തിലെ വരണ്ട കാറ്റ് വാതില്‍പ്പടിയോളമെത്തി നിഷ്പ്പക്ഷതയുടെ അടയാളമായ് അവളുടെ കവിളൊപ്പി .. .
Friday, December 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment